മുടി നീട്ടിവളര്‍ത്തി ആറടിയിലേറെ ഉയരത്തില്‍ ക്യാപ്റ്റന്‍ രാജു എത്തി. ഇത് ക്യാപ്റ്റന്റെ പുതിയമുഖം. പൊന്നര്‍ ശങ്കനിലെ 500 വര്‍ഷം പഴയ കാലത്തെയും രാജ്യത്തെയും രാജാവാകാനാണ് രാജു മുടി നീട്ടിയത്- ഏഴു മാസത്തെ അധ്വാനം. രാജാവിന്റെ ഷൂട്ടിങ് ഏതാണ്ട് പൂര്‍ത്തിയായി. ത്യാഗരാജന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മകന്‍ പ്രശാന്താണ് നായകന്‍. പ്രകാശ് രാജ്, ജയറാം, ഖുശ്ബു തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.
സിനിമയിലെ ഈ 'ക്യാപ്റ്റന്' സിനിമയും ജീവിതവും ഒക്കെ ഒന്നുതന്നെ. മുപ്പതുവര്‍ഷത്തെ സിനിമാ ജീവിതത്തില്‍ 60 വയസ്സിനുള്ളില്‍ അഞ്ഞൂറിലേറെ ചിത്രങ്ങള്‍. പഴയകാലത്തെ കുറേ വില്ലന്‍ വേഷങ്ങള്‍... കാലങ്ങള്‍ പിന്നിട്ട് വീണ്ടും അതേ റോളുകളില്‍ തുടരേണ്ടതില്ലെന്ന് സ്വയം എടുത്ത തീരുമാനം. അമ്മയുടെ മരണം അതിനൊരു നിമിത്തമായി. പിന്നീട് 17 വര്‍ഷങ്ങള്‍ വില്ലന്റെ പാത വിട്ടാണ് ക്യാപ്റ്റന്‍ രാജുവിന്റെ സഞ്ചാരം.
മുംബൈയിലെ മിലിട്ടറി ക്യാമ്പില്‍നിന്നുതുടങ്ങിയ അഭിനയ ഭ്രമമാണ് അതികായരായ മലയാള സിനിമയിലെ അരിങ്ങോടരും ഉണ്ണിമൂത്തയുമൊക്കെയായിത്തീര്‍ന്നത്. എന്‍.എന്‍. പിള്ളയുടെ 'ഈശ്വരന്‍ അറസ്റ്റില്‍' എന്ന നാടകത്തില്‍ നിന്ന് തുടങ്ങിയ പ്രയാണമാണ്. അതും മുംബൈയില്‍വെച്ച്. അതുകൊണ്ട് 'ബോംബെ'യെ മറക്കാന്‍ ക്യാപ്റ്റന് കഴിയുകയുമില്ല. ജോഷിയുടെ 'രക്തം' ആയിരുന്നു ആദ്യ ചിത്രം. അതിലെ പ്രതാപ് എന്ന ക്യാരക്ടറായിരുന്നു രാജുവിന്. ഇന്ന് പ്രതാപ് എന്ന കഥാപാത്രം ഓര്‍മകളില്‍ മായാതെ ക്യാപ്റ്റന്‍ രാജു സൂക്ഷിച്ചുവെക്കുന്നു. അതിരാത്രത്തിലെ കസ്റ്റംസ് ഓഫീസര്‍, ആവനാഴിയിലെ സത്യരാജ്, ആഗസ്ത്- ഒന്നിലെ ഗോമസ്, നാടോടിക്കാറ്റിലെ പവനായി തുടങ്ങിയ വേഷങ്ങളെല്ലാം ഈ നടനിലെ അഭിനയപ്രതിഭ തെളിയിച്ചവയായിരുന്നു. വിനയന്റെ യക്ഷിയും ഞാനും, താന്തോന്നി തുടങ്ങി അടുത്ത് റിലീസാകുന്ന രണ്ടുമൂന്നു ചിത്രങ്ങളിലും നല്ല വേഷമാണ്.
പത്തനംതിട്ടയിലെ ഓമല്ലൂരില്‍ കുരിന്റയ്യത്ത് കെ.യു. ഡാനിയേലിന്റെയും അന്നമ്മയുടെയും ഏഴ് മക്കളില്‍ ഏഴാമത്തെ മകനായ ഈ സിനിമാക്കാരന്‍ കുടുംബബന്ധങ്ങള്‍ക്കും ഒരുപാട് പ്രാധാന്യം നല്‍കുന്നു. മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധങ്ങളുടെ ശിഥിലീകരണവും പല കുടുംബങ്ങളില്‍ ഇന്നുകാണുന്ന അന്തഃച്ഛിദ്രവുമെല്ലാം സമൂഹത്തിലെ സുനാമികളായി മാറാന്‍ അധികം വേണ്ടിവരില്ലെന്നും ഖേദത്തോടെ പറയുന്നു.
മലയാള സിനിമയിലെ ഇന്നുള്ള പരസ്പരമുള്ള ആരോപണ പ്രത്യാരോപണങ്ങളെല്ലാം സിനിമയെ മാത്രമല്ല, ഒരു സമൂഹത്തെക്കൂടി കാര്‍ന്നുതിന്നുന്ന അര്‍ബുദമായി പടരുന്ന മഹാ വ്യാധിയെന്ന് പലരും മറക്കുന്നു.
സിനിമയ്ക്ക് പണമിറക്കുന്ന നിര്‍മാതാവിനെയും സൂക്ഷ്മതയോടെ ഗൗരവപൂര്‍വം ആ കല കൈകാര്യം ചെയ്യുന്ന സംവിധായകനെയുമെല്ലാം സിനിമാക്കാര്‍ ദൈവതുല്യരായി കണക്കാക്കേണ്ടതാണ്. ഒരു അഭിനേതാവ് അതിലേറെ പ്രാധാന്യത്തോടെ വേണം ആ മഹത്തായ കലയെക്കുറിച്ച് വിലയിരുത്തി സംസാരിക്കാന്‍. കോടികള്‍ ലാഭം കൊയ്തില്ലെങ്കിലും നിര്‍മാതാവിന് നഷ്ടം വരുത്തരുതെന്നെങ്കിലും ചിന്തിച്ചുവേണം അഭിനയിക്കാനെത്താന്‍- അദ്ദേഹം പറഞ്ഞു.
വര്‍ഷങ്ങള്‍ക്കുമുമ്പ് ഷൂട്ടിങ്ങിന് പോകുന്ന വഴി, കുതിരാനില്‍വെച്ച് അര്‍ധരാത്രി വളരെ താഴ്ച്ചയേറിയ ഗര്‍ത്തത്തിലേക്ക് കാര്‍ മറിഞ്ഞു. അപകടത്തെക്കുറിച്ച് പുറംലോകമറിഞ്ഞിട്ടില്ല. മണിക്കൂറുകളോളം കാറില്‍ കുടുങ്ങി രക്തം വാര്‍ന്ന് കിടന്നു. മണിക്കൂറുകള്‍ കഴിഞ്ഞെത്തിയ പോലീസ് പട്രോളിങ് വാഹനം താഴെ വീണുകിടക്കുന്ന വാഹനത്തിന്റെ ലൈറ്റ് മിന്നുന്നത് കണ്ടാണ് ക്യാപ്റ്റന്‍ രാജു അടക്കമുള്ളവരെ രക്ഷാപ്രവര്‍ത്തനം നടത്തി ആസ്പത്രിയിലെത്തിച്ചത്. തലനാരിഴയ്ക്കാണ് അന്ന് മരണമുഖത്തുനിന്ന് രക്ഷപ്പെട്ടത്.
മാസങ്ങള്‍ പിന്നിട്ട് ആരോഗ്യവാനായി പുറത്തിറങ്ങിയശേഷം മുമ്പ് അപകടം നടന്ന ദിവസം പോലീസ് പട്രോളിങ്ങിനിടെ തന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരനോട് ക്യാപ്റ്റന്‍ രാജു നന്ദി പറയാനെത്തി. സ്നേഹസമ്മാനമായി ഒരു കേക്കുമായാണ് സിനിമാതാരം ഒല്ലൂരിലെ സ്റ്റേഷനിലെത്തിയത്. പിന്നീടാണ് ഷൂട്ടിങ് ലോക്കേഷനിലേക്ക് പോയത്. ഈശ്വരന്റെ ഇടപെടലാണ് തന്നെ രക്ഷിച്ചതെന്നാണ് ഈ മഹാ നടന്റെ വിശ്വാസം.
വി.ജെ. റാഫി