IST:
ഹോം മലയാളം

101 ഉറുപ്പികയുമായി വരദ വരുന്നു
Posted on: 10 Mar 2010


വെള്ളിത്തിരയില്‍ മലയാളത്തിന്റെ വരദാനമായി മാറുകയാണ് വരദ. തമിഴിലും മലയാളത്തിലും വരദ ചുവടുറപ്പിച്ചു കഴിഞ്ഞു. എ. രാജു അംബരന്‍ സംവിധാനം ചെയ്യുന്ന '101 ഉറുപ്പിക' എന്ന ചിത്രത്തിലെ നായികയാണ് വരദ. നര്‍മത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ജഗതി, സലിംകുമാര്‍, സുരാജ് വെഞ്ഞാറമൂട്, മാള, മാമുക്കോയ, മച്ചാന്‍ വര്‍ഗീസ്, ഇന്ദ്രന്‍സ് എന്നിവരോടൊപ്പമാണ് വരദയുടെ നായികവേഷം.

'വലിയങ്ങാടി'യാണ് വരദയുടെ പുതിയ ചിത്രം. അന്തരിച്ച നടന്‍ ജയന്റെ ഹിറ്റ് ചിത്രമായ 'അങ്ങാടി'യുടെ രണ്ടാം ഭാഗമെന്നാണ് അണിയറപ്രവര്‍ത്തകര്‍ ഈ സിനിമയെ വിശേഷിപ്പിക്കുന്നത്. മണിക്കുട്ടനാണ് നായകന്‍. സീരിയസ് റോളിലുള്ള ജില്ലാ കളക്ടറുടെ വേഷമാണ് വരദയുടേത്. ജോജോ കെ. വര്‍ഗീസിന്റെ 'ലവകുമാര്‍ 1984' എന്ന ചിത്രത്തിലും നായികയായി വരദയെ തിരഞ്ഞെടുത്തുകഴിഞ്ഞു.

'ഉത്തരാസ്വയംവര'ത്തില്‍ ജയസൂര്യയുടെ സഹോദരി അമ്പിളിയുടെ റോള്‍ ഏറെ ഗുണം ചെയ്തതായി വരദ പറഞ്ഞു. സുല്‍ത്താന്‍, വാസ്തവം, മകന്റെ അച്ഛന്‍ എന്നീ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിച്ചു.

കൈരളി ചാനലിലെ 'പട്ടുറുമാല്‍' എന്ന സംഗീതപരിപാടിയുടെ അവതാരകകൂടിയായ വരദയ്ക്ക് തമിഴിലും ഏറെ ഓഫറുകളുണ്ട്.
ചിത്തിരൈ സെല്‍വന്റെ 'ആഗ്ര' ആയിരുന്നു ആദ്യ തമിഴ്ചിത്രം. തൃശ്ശൂരിലെ നിര്‍മല കോളേജില്‍ ബി.എ. ഫൈനല്‍ വിദ്യാര്‍ഥിയാണ് വരദ.

പത്രപ്രവര്‍ത്തകയാകാന്‍ ഏറെ മോഹിച്ച ഈ യുവനടി അത്തരമൊരു ക്യാരക്ടര്‍ തന്നെത്തേടിയെത്തുമെന്ന ശുഭാപ്തിവിശ്വാസത്തിലുമാണ്. ഒല്ലൂരിനടുത്ത് അഞ്ചേരിയില്‍ ഈയിടെയാണ് പുതിയ വീടുവെച്ച് വരദയുടെ കുടുംബം താമസത്തിനെത്തിയത്. കാതലിക്കലാമാ, സംസാരം, നിനൈവെ സുഖമാനത് എന്നീ തമിഴ്ചിത്രങ്ങളിലും വരദ കരാര്‍ ചെയ്തുകഴിഞ്ഞു.
Other news in this section
Movie Gallery