പേടിയില്ലാത്തവരെ ലക്ഷപ്രഭുക്കളാക്കാന്‍ ഫൂങ്ക്-2
Posted on: 09 Mar 2010
ഹൊറര്‍ സിനിമകള്‍ ഒറ്റയ്ക്കിരുന്ന് കാണാന്‍ ധൈര്യമുള്ളയാളാണ് നിങ്ങളെങ്കില്‍ അഞ്ചുലക്ഷം രൂപ നിങ്ങളെ കാത്തിരിക്കുന്നു. വിറയ്ക്കാതെ തിയേറ്ററില്‍ ഒറ്റയ്ക്കിരുന്ന് സിനിമ കാണുന്നവര്‍ക്ക് അഞ്ചുലക്ഷം രൂപ സമ്മാനമെന്ന വാഗ്ദാനവുമായി 'ഫൂങ്ക്-2' റിലീസിങ്ങിന് ഒരുങ്ങുകയാണ്.
ഭയത്തിന്റെ പുതിയ മുഖം ബോളിവുഡിന് സമ്മാനിച്ച'ഫൂങ്ക്' എന്ന ചിത്രത്തിനുശേഷം രാംഗോപാല്‍ വര്‍മ ഒരുക്കുന്ന ഹൊറര്‍ ചിത്രമാണ് 'ഫൂങ്ക്-2'. പേടിക്കാതെ സിനിമ കണ്ടാല്‍ സമ്മാനമെന്ന വാഗ്ദാനം ഫൂങ്ക് ഇറങ്ങിയപ്പോഴും നല്‍കിയിരുന്നു. എന്നാല്‍, നിരവധിപേര്‍ പേടിച്ചില്ലെന്ന അവകാശവാദവുമായി രംഗത്തു വന്നതിനെ തുടര്‍ന്ന് സിനിമ റിലീസ് ചെയ്ത ഉടനെ ഈ മത്സരം പിന്‍വലിച്ചു.
ശാസ്ത്രീയ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ഇത്തവണ രാംഗോപാല്‍ വര്‍മ മത്സരം ഒരുക്കിയിരിക്കുന്നത്. തിയേറ്ററില്‍ കണ്ണടച്ചിരിക്കുന്നുണ്ടോ എന്നറിയാന്‍ നൈറ്റ്‌വിഷന്‍ ക്യാമറ മുന്നില്‍ ഘടിപ്പിക്കും. കൂടാതെ, ഇ.സി.ജി.യിലൂടെ ഹൃദയമിടിപ്പ് അളക്കുകയും ചെയ്യും. സിനിമ കാണുന്നയാള്‍ പേടിച്ചില്ലെന്ന് ഇത്തരത്തില്‍ ശാസ്ത്രീയമായി ഉറപ്പുവരുത്തിയ ശേഷം മാത്രമേ സമ്മാനത്തുക നല്‍കുകയുള്ളൂ.
സിനിമയേയും മത്സരങ്ങളേയും സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ മാര്‍ച്ച് 10ന് പുറത്തിറങ്ങുന്ന 'ഫൂങ്ക്-2'ന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ലഭ്യമാകും. വെബ്‌സൈറ്റ് സന്ദര്‍ശിച്ച് മത്സരത്തിന് തയ്യാറാണെങ്കില്‍ രജിസ്റ്റര്‍ ചെയ്യാം. 18നും 60നും ഇടയിലുള്ളവരെയായിരിക്കും മത്സരത്തിന് പരിഗണിക്കുക. ഹൃദയസംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് പങ്കെടുക്കാനാകില്ല.
മൂന്ന് ഭാഷകളിലാണ് ഫൂങ്ക്-2 പുറത്തിറങ്ങുന്നത്. തെലുങ്കില്‍ 'ആവാഹം' തമിഴില്‍ 'ബൊമ്മൈ' എന്നീ പേരുകളിലാണ് ചിത്രം എത്തുന്നത്. ആദ്യഭാഗത്തിന്റെ തുടര്‍ച്ചയായിട്ടാണ് ചിത്രത്തിന്റെ കഥയെന്ന് നിര്‍മാതാക്കള്‍ പറയുന്നു. പ്രേതഭവനത്തില്‍ അകപ്പെടുന്ന കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.
സുദീപും അമൃത ഖാന്‍വില്‍ക്കറുമാണ് ചിത്രത്തില്‍ ദമ്പതിമാരായി എത്തുന്നത്. ദുഷ്ടശക്തിയായി അശ്വിനി കല്‍സേക്കറും വെള്ളിത്തിരയിലെത്തുന്നു. ഫൂങ്കിന്റെ വിജയം 'ഫുങ്ക്-2' ഉം ആവര്‍ത്തിക്കുമെന്നാണ് രാംഗോപാല്‍ വര്‍മയുടെ വിശ്വാസം. 37 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കിയത്. ഏപ്രിലില്‍ തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ കഥയും സംവിധാനവും മിലിന്ദ് ഗഡാഗ്കറാണ്.