നിര്‍മാതാക്കളും നടിമാരും തമ്മിലുള്ള തര്‍ക്കം തെന്നിന്ത്യന്‍ സിനിമയ്ക്ക് പുതുമയുള്ള വാര്‍ത്തയല്ല.നിര്‍മാതാക്കള്‍ അപമര്യാദയായി പെരുമാറുന്നുവെന്ന ആരോപണം ഉയരുമ്പോള്‍, നടിമാര്‍ കരാര്‍വ്യവസ്ഥകള്‍ പാലിക്കുന്നില്ലെന്നു തിരിച്ചടിക്കാറാണ് പതിവ്. അതേമട്ടിലൊരു വിവാദമാണ് തെലുങ്ക് സിനിമയില്‍ ഇപ്പോള്‍ ചര്‍ച്ചചെയ്യപ്പെടുന്നത്.
നടി ചാര്‍മിയാണ് ഈ വിവാദത്തിലെ നായിക. തെലുങ്കിലെ താരറാണിമാരില്‍ മുന്‍നിരയിലാണീ പഞ്ചാബി സുന്ദരിയുടെ സ്ഥാനം. തമിഴിലും തിളങ്ങിയിട്ടുള്ള ചാര്‍മി മലയാളികള്‍ക്ക് പണ്ടേ പരിചിതയാണ്. വിനയന്‍ സംവിധാനം ചെയ്ത 'കാട്ടുചെമ്പക'ത്തില്‍ അഭിനയിക്കുമ്പോള്‍, ഇപ്പോഴുള്ള പരിവേഷമൊന്നും ആ താരത്തിനുണ്ടായിരുന്നില്ല. തെലുങ്കില്‍ ഒന്നാംനിര നായികയായി തിളങ്ങിനില്‍ക്കുമ്പോള്‍, 'ആഗതന്‍' എന്ന കമല്‍ ചിത്രത്തിലൂടെ ദിലീപിന്റെ നായികയായി ഈയിടെ അവര്‍ വീണ്ടും മലയാളത്തിലെത്തുകയും ചെയ്തു.
രണ്ടുവര്‍ഷം മുമ്പ് ചിത്രീകരണം പൂര്‍ത്തിയായെങ്കിലും ഇതുവരെ തിയേറ്ററുകളിലെത്താത്ത 'മായാഗഡു' എന്ന തെലുങ്ക് ചിത്രവുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാവ് കഴിഞ്ഞ കുറേമാസങ്ങളായി ഫോണില്‍ വിളിച്ച് അപമര്യാദയായി സംസാരിക്കുന്നുവെന്ന് ആരോപിച്ചുകൊണ്ട് മൂവി ആര്‍ട്ടിസ്റ്റ്‌സ് അസോസിയേഷന് പരാതി നല്കിയിരിക്കുകയാണ് താരം. സംഘടന ഇടപെട്ട് നിര്‍മാതാവിനെതിരെ കടുത്തശിക്ഷാനടപടി സ്വീകരിക്കണമെന്നാണ് ചാര്‍മിയുടെ ആവശ്യം.
എന്നാല്‍, താരത്തിന്റെ നിസ്സഹകരണം കാരണം തനിക്ക് വലിയ സാമ്പത്തികനഷ്ടമുണ്ടായെന്നാണ് നിര്‍മാതാവ് യെലമഞ്ചി രവിചന്ദിന്റെ ആവലാതി.വിതരണപ്രശ്‌നങ്ങള്‍ കാരണം സിനിമ ഇതുവരെ തിയേറ്ററുകളിലെത്താത്തതിനാല്‍ നഷ്ടം കൂടി വരികയാണ്. സിനിമയുടെ റിലീസിങ്ങിന്റെ ഭാഗമായുള്ള പ്രചാരണപരിപാടികളില്‍ പങ്കെടുക്കാന്‍ ചാര്‍മി കൂടുതല്‍ പണം ചോദിക്കുന്നുവെന്ന് രവിചന്ദ് ആരോപിച്ചു. ഇത് അന്യായമാണെന്നാണ് അദ്ദേഹത്തിന്റെ വാദം.അഭിനയിക്കാനുള്ള കരാറൊപ്പിടുമ്പോള്‍, പ്രചാരണവും അതിലുള്‍പ്പെടുമെന്നാണ് വ്യവസ്ഥ. അത് പാലിക്കാന്‍ ചാര്‍മി തയ്യാറാവുന്നില്ല. പ്രചാരണപരിപാടികളുമായി സഹകരിക്കണമെന്നഭ്യര്‍ഥിച്ചെങ്കിലും അവര്‍ അത് നിരസിച്ചു.
സിനിമയില്‍ അഭിനയിക്കുമ്പോഴും ചാര്‍മി വലിയ സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നു നിര്‍മാതാവ് കുറ്റപ്പെടുത്തി. ചിത്രീകരണത്തിനുവേണ്ടിയെന്നു പറഞ്ഞ് കുറേ വസ്ത്രങ്ങള്‍ വാങ്ങിപ്പിച്ചെങ്കിലും അവര്‍ അതൊന്നും ഉപയോഗിച്ചതായി കണ്ടില്ല. ചിത്രീകരണത്തിനു വൈകിയെത്തിക്കൊണ്ടും താരം നഷ്ടമുണ്ടാക്കി- നിര്‍മാതാവ് കുറ്റപത്രം നിരത്തുന്നു. ഇക്കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് തെലുഗു ഫിലിം പ്രൊഡ്യൂസേഴ്‌സ് കൗണ്‍സിലിനെ സമീപിച്ചിരിക്കുകയാണ് അദ്ദേഹം.