തെലുങ്ക് ചിത്രം 'ഹൈസ്‌കൂള്‍' ഹൈക്കോടതി നിരോധിച്ചു
Posted on: 08 Mar 2010
ഹൈദരാബാദ്: ദേശീയ അവാര്‍ഡ് ജേതാവായ തെലുങ്ക് സംവിധായകനായ നന്തി നരസിംഹറാവുവിന്റെ പുതിയ ചിത്രം 'ഹൈസ്‌കൂള്‍' പ്രദര്‍ശിപ്പിക്കുന്നത് ആന്ധ്ര ഹൈക്കോടതി നിരോധിച്ചു. ചിത്രത്തിന് എതിരെ സാമൂഹികപ്രവര്‍ത്തകനായ സീതാരാമ രാജ സമര്‍പ്പിച്ച ഹര്‍ജിയിന്മേലാണ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്.
ചിത്രത്തിന്റെ പ്രമേയം ഒരു വിദ്യാര്‍ഥിയും അധ്യാപികയും തമ്മിലുള്ള അതിരുവിട്ട പ്രേമമാണ്. ഇതിലെ രംഗങ്ങള്‍ ധാര്‍മികമൂല്യങ്ങള്‍ക്ക് എതിരാണെന്ന് പരാതിക്കാരന്‍ ചൂണ്ടിക്കാട്ടി. സെന്‍സര്‍ബോര്‍ഡ് ഈ ചിത്രത്തിന് അനുമതി നിരാകരിച്ചപ്പോള്‍ നിര്‍മാതാക്കളും വിതരണക്കാരും അപ്പലേറ്റ് ട്രിബ്യൂണലില്‍ അപേക്ഷിച്ച് പ്രദര്‍ശനാനുമതി നേടിയിരുന്നു. തുടര്‍ന്നാണ് പരാതിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. ഇതിന് മുമ്പ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷനിലും ഫിലിം ഡെവലപ്‌മെന്റ് കോര്‍പ്പറേഷനിലും ഇതിനെതിരെ ഇദ്ദേഹം അപ്പീല്‍ നല്‍കിയിരുന്നു.
'1947-ല്‍ ഒരുഗ്രാമം' എന്ന ചിത്രത്തിനാണ് നന്തി നരസിംഹറാവുവിന് ദേശീയ അവാര്‍ഡ് ലഭിച്ചത്. പക്ഷേ, ആ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ തിയേറ്ററുകള്‍ ലഭിച്ചില്ല. ഉടന്‍ റിലീസ് ചെയ്യാനിരുന്ന വാണിജ്യസിനിമ വിവാദത്തിന്റെ പേരില്‍ പ്രദര്‍ശിപ്പിക്കാനാവാഞ്ഞത് സംവിധായകനെ വീണ്ടും പ്രതിസന്ധിയിലാക്കി.