IST:
ഹോം കോളിവുഡ്‌

സംവിധാനം പഠിക്കാന്‍ ഗായത്രി
Posted on: 05 Mar 2010


എക്കാലവും നായികയായി തുടരണമെന്ന് മോഹിക്കുന്നതില്‍ അര്‍ഥമില്ലെന്ന് നടി ഗായത്രി രഘുറാമിനറിയാം. അഭിനയത്തിന്റെ കാലം കഴിഞ്ഞപ്പോള്‍ അതിനപ്പുറമെന്തെങ്കിലും ചെയ്യാമെന്നാണ് താരം നിശ്ചയിച്ചുറപ്പിച്ചത്. തമിഴില്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് തിളങ്ങിയിരുന്ന ഈ താരം സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണിപ്പോള്‍. അതിനുമുന്നോടിയായി സഹസംവിധായികയായി പരിശീലനം നേടുകയാണ്. നിസ്സാരകക്ഷിയെയല്ല ഗായത്രി ഗുരുവായി കണ്ടെത്തിയിരിക്കുന്നത്. സംവിധാനത്തില്‍ തന്‍േറതായ മുദ്ര പതിപ്പിച്ച കെ.എസ്.രവികുമാറിന്റെ സഹസംവിധായികയായാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. ചേരനെപ്പോലുള്ള സംവിധായകര്‍ നേരത്തേ കെ.എസ്.രവികുമാറിന്റെ സഹസംവിധായകരായിരുന്നു.

കമലഹാസനും മാധവനും ഒന്നിക്കുന്ന 'യാവരും കേളീര്‍' എന്ന ചിത്രത്തിലൂടെയാണ് സഹസംവിധായികയായി ഗായത്രി തുടക്കം കുറിക്കുന്നത്.നിര്‍മിച്ച ചിത്രങ്ങളെല്ലാം വമ്പന്‍ഹിറ്റാക്കിയ ഉദയനിധി സ്റ്റാലിനാണ് നിര്‍മാതാവ്. തുടക്കം കുറിക്കാന്‍ ഇതിലും മികച്ച അവസരം മറ്റേതുകിട്ടും? അതുകൊണ്ട്, പുതിയ ജോലിയില്‍ സന്തുഷ്ടയാണ് താരമെന്നാണ് വാര്‍ത്ത.

രവികുമാറിനൊപ്പം ഇതാദ്യമായല്ല ഗായത്രി രഘുറാം പ്രവര്‍ത്തിക്കുന്നത്. അദ്ദേഹം സംവിധാനം ചെയ്ത 'ആതവന്‍' എന്ന ചിത്രത്തിന്റെ നൃത്തസംവിധാനം നിര്‍വഹിച്ചുകൊണ്ട് അവര്‍ പ്രതിഭ തെളിയിച്ചിരുന്നു.

സൂര്യയും നയന്‍താരയും അഭിനയിച്ച ആ നൃത്തരംഗങ്ങള്‍ തെന്നിന്ത്യന്‍ പ്രേക്ഷകര്‍ക്കു ഹരമായി മാറുകയും ചെയ്തു. പിന്നീട് 'തമിഴ്പടം' എന്ന ചിത്രത്തിനുവേണ്ടിയും ഗായത്രി രഘുറാം നൃത്തമൊരുക്കി.പ്രഭുദേവയുടെ നായികയായി 'ചാര്‍ലിചാപ്ലിന്‍', അര്‍ജുനൊപ്പം 'പരശുറാം', യുവതാരങ്ങള്‍ അണിനിരന്ന 'വിസില്‍' തുടങ്ങിയ തമിഴ് ചിത്രങ്ങളില്‍ അഭിനയിച്ച ശേഷം മലയാളത്തിലും ഗായത്രിരഘുറാം ഒരുകൈ നോക്കിയിരുന്നു.

'നക്ഷത്രക്കണ്ണുള്ള രാജകുമാരന്‍ അവനുണ്ടൊരു രാജകുമാരി' എന്ന ചിത്രത്തിലൂടെയായിരുന്നു ആ പരീക്ഷണം. എന്നാല്‍, ആ ചിത്രം ശ്രദ്ധിക്കപ്പെട്ടില്ല.

വിവാഹത്തോടെ ചലച്ചിത്രാഭിനയം മതിയാക്കിയ അവര്‍ ചെറിയൊരിടവേളയ്ക്കുശേഷം തിരിച്ചെത്തിയപ്പോഴാണ് ക്യാമറയ്ക്കു പിന്നില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ തീരുമാനിച്ചത്. ഗായത്രി അഭിനയിച്ച 'ചാര്‍ലിചാപ്ലിന്‍' എന്ന തമിഴ് ചിത്രത്തില്‍നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് 'ഹാപ്പിഹസ്ബന്‍ഡ്‌സ്' എന്ന മലയാളചിത്രം ഒരുക്കിയത്.

Other news in this section
Movie Gallery