IST:
ഹോം മലയാളം

മലയാളത്തിന്റെ മുത്തശ്ശിക്ക് വിശ്രമമില്ല
Posted on: 04 Mar 2010



അമേരിക്കയിലെ പെന്‍സ്റ്റേഷനിലേക്ക് കയറുമ്പോള്‍ ഒരു മലയാളി ഓടിവന്ന് ലക്ഷ്മി കൃഷ്ണമൂര്‍ത്തിയോട് പറഞ്ഞു- സിനിമയിലൊക്കെ കാണുന്ന മുത്തശ്ശിയല്ലേ എനിക്ക് വളരെ ഇഷ്ടമാണ്. വള്ളുവനാടന്‍ ഭാഷയുടെ സൗന്ദര്യവുമായി മലയാളിയുടെ മനസ്സില്‍ ഇടംതേടിയ ഈ മുത്തശ്ശിക്ക് ലോകത്ത് എവിടെയും ആരാധകരുണ്ട്. സന്തോഷ് ശിവന്റെ ഹോളിവുഡ് ചിത്രമായ 'ബിഫോര്‍ ദ റെയ്ഞ്ച്' അമേരിക്കയില്‍ പ്രദര്‍ശിപ്പിച്ചപ്പോഴാണ് മക്കളായ അരുണും സന്ധ്യയും ഇത് കണ്ടത്. അമ്മയുടെ അഭിനയം എല്ലാവര്‍ക്കും ഇഷ്ടമായെന്ന് അന്ന് അവര്‍ വിളിച്ചു പറഞ്ഞപ്പോള്‍ വലിയ സന്തോഷം തോന്നി. സ്വന്തക്കാരില്‍ നിന്നും സ്‌നേഹിക്കുന്നവരില്‍ നിന്നും ലഭിക്കുന്ന ഇത്തരം പ്രതികരണങ്ങളാണ് ലക്ഷ്മി കൃഷ്ണമൂര്‍ത്തിയെ സിനിമയില്‍ നിലനിര്‍ത്തുന്നത്. ഏറ്റവും ഒടുവില്‍ അഭിനയിച്ചത് സന്തോഷ് ശിവന്റെ അച്ഛന്‍ ശിവന്‍ നിര്‍മിച്ച കുട്ടികളുടെ ചിത്രമായ കേശുവിലാണ്. ഗോവയിലും പാലക്കാട്ടും നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

തന്നെ നാലാളറിയുന്ന ഒരു അഭിനേത്രിയാക്കിയതിന്റെ കടപ്പാട് എം.ടി.യോടാണ്. എ.വി.കുട്ടിമാളു അമ്മയെ മനസ്സില്‍ കണ്ട് എം.ടി. എഴുതിയ പഞ്ചാഗ്‌നിയിലെ കഥാപാത്രത്തിന് ജീവന്‍ നല്‍കിയാണ് സിനിമയിലേക്ക് വരുന്നത്. അതില്‍ ജയിലില്‍ നിന്ന് വരുന്ന ഗീതയോട് കഷ്ണം നുറുക്കി നല്ലൊരു കൂട്ടാന്‍ വെക്കാന്‍ പറയുന്ന രംഗമുണ്ട്. പഞ്ചാഗ്‌നി കണ്ടവര്‍ ഇപ്പോഴും ആ സംഭാഷണം ഓര്‍ക്കുമ്പോള്‍ ആദ്യ സിനിമ ലക്ഷ്മി കൃഷ്ണമൂര്‍ത്തിക്ക് വലിയ അംഗീകാരമാവുന്നു. ഹരിഹരന്‍ ആദ്യ ടേക്ക് ഒ.കെ. പറഞ്ഞപ്പോള്‍ അതിന്റെ ക്യാമറാമാന്‍ ഷാജി എന്‍.കരുണ്‍ അടുത്ത് വന്നു പറഞ്ഞു- ഞാനൊരു സിനിമ എടുക്കുന്നുണ്ടെങ്കില്‍ അതില്‍ എന്തായാലും ലക്ഷ്മിയേടത്തി അഭിനയിക്കണം. അങ്ങനെയാണ് പിറവിയില്‍ പ്രേംജിയുടെ ഭാര്യയായി അഭിനയിക്കുന്നത്. മകനെ കാത്തിരിക്കുന്ന അച്ഛന്റെയും അമ്മയുടെയും ദുഃഖം പകര്‍ത്തിയ ആ ചിത്രം രാജ്യത്തിന് പുറത്തും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരുപാട് നല്ല സംവിധായകര്‍ ക്ഷണിച്ചതാണ് തനിക്ക് ഭാഗ്യമായതെന്ന് അവര്‍ കൃതജ്ഞതയോടെ ഓര്‍ക്കുന്നു. ജി. അരവിന്ദന്റെ വാസ്തുഹാര, ടി.വി. ചന്ദ്രന്റെ പൊന്തന്‍മാട, സത്യന്‍ അന്തിക്കാടിന്റെ തൂവല്‍കൊട്ടാരം, കമലിന്റെ ഈ പുഴയും കടന്ന്, സന്തോഷ് ശിവന്റെ അനന്തഭദ്രം തുടങ്ങിയ ചിത്രങ്ങളിലൂടെ ഈ മുത്തശ്ശി മലയാളിയുടെ ഒരു കുടുംബാംഗമായി.

പി.എന്‍.മേനോന്റെ സീരിയലുകളിലും അഭിനയിച്ചു. എം.ടി.യുടെ നാലുകെട്ട് അതില്‍ ശ്രദ്ധേയമായിരുന്നു. പഞ്ചാഗ്‌നി തിരുവനന്തപുരത്തെ ഒരു തിയേറ്ററില്‍ 250 ദിവസം ഓടിയതിന്റെ ആഘോഷവേളയില്‍ പി. ഭാസ്‌കരന്‍ പറഞ്ഞു -''ലക്ഷ്മിദേവി ചെറുപ്പത്തില്‍ തന്നെ അഭിനയരംഗത്ത് വരേണ്ടതായിരുന്നു.''

കോഴിക്കോട്ട് ചാലപ്പുറത്തെ ചെങ്കളത്ത് തറവാട്ടില്‍ താമസിക്കുമ്പോഴും അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു. എസ്.കെ.പൊറ്റെക്കാട്ട് ഉള്ള അഖില കേരള കലാസമിതി ദേശപോഷിണി വായനശാലയില്‍ നടത്തിയ മത്സരത്തില്‍ തിക്കോടിയന്റെ ജീവിതം എന്ന നാടകത്തില്‍ വേഷമിട്ടു. ഒന്നാം സമ്മാനവും നേടി. തറവാട് എന്ന നാടകം കളിച്ച കോഴിക്കോട് ശാന്താദേവിക്കായിരുന്നു അന്ന് രണ്ടാംസ്ഥാനം. കോഴിക്കോട് ഗണപതി സ്‌കൂളിലും സാമൂതിരി കോളേജിലുമാണ് പഠിച്ചത്. ആകാശവാണിയില്‍ സ്റ്റാഫ് ആര്‍ട്ടിസ്റ്റായപ്പോഴാണ് അന്ന് മാതൃഭൂമിയിലുണ്ടായിരുന്ന എം.ടി.യുമായി കൂടുതല്‍ അടുക്കുന്നത്. തിക്കോടിയനും ഉറൂബും എന്‍.എന്‍. കക്കാടുമൊക്കെ ആകാശവാണിയിലുള്ളപ്പോഴുള്ള മിത്രങ്ങളായിരുന്നു. ആകാശവാണിയില്‍ ബാലരംഗം അവതരിപ്പിച്ചത് തിക്കോടിയനുമൊന്നിച്ചായിരുന്നു. ഡല്‍ഹിയില്‍ നിന്നുള്ള ആദ്യത്തെ മലയാളം വാര്‍ത്താ വായനക്കാരിയായിരുന്നു. വാര്‍ത്തകള്‍ വായിക്കുന്നത് ലക്ഷ്മിദേവി എന്ന് ഓര്‍ക്കുന്ന ഒരു തലമുറ ഇല്ലാതായി. ഭര്‍ത്താവ് കൃഷ്ണമൂര്‍ത്തി മൈസൂരിലെ അയ്യങ്കാര്‍ കുടുംബാംഗമാണ്. കോഴിക്കോട് ആകാശവാണി ഇന്‍സ്റ്റാള്‍ ചെയ്തപ്പോഴുള്ള എന്‍ജിനീയറായിരുന്നു കൃഷ്ണമൂര്‍ത്തി. പിന്നെ കുറച്ചുകാലം ജീവിതം മദിരാശിയിലും അമേരിക്കയിലുമൊക്കെയായിരന്നു. കൃഷ്ണമൂര്‍ത്തി മരിച്ചതിന് ശേഷം ബാംഗ്ലൂരില്‍ ഒറ്റയ്ക്കാണ് താമസം. മകന്‍ അരുണ്‍ അമേരിക്കയില്‍ ജെ.പി. മോര്‍ഗന്റെ വൈസ് പ്രസിഡന്റാണ്. മകള്‍ സന്ധ്യയും അവിടെ ഒരു ഗ്ലോബല്‍ ഇന്‍ഷുറന്‍സ് കമ്പനിയിലാണ്.

നല്ല ഓര്‍മകളൊക്കെ കോഴിക്കോടാണ്. അവിടെ ഇപ്പോള്‍ കസിന്‍ യു. ഗോപാലുണ്ട്. തിരുവളയനാട് ദേവിക്കുള്ള ഒരു പൂജയ്ക്കായി അടുത്തിടെ കോഴിക്കോട്ട് വന്നിരുന്നു. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചിരുന്ന് സര്‍പ്പപൂജയും നടത്തി. മടങ്ങുമ്പോള്‍ ഒരു ദുഃഖമുണ്ടായിരുന്നു. ഇത്തവണ വന്നപ്പോള്‍ എം.ടി.യെ കാണാന്‍ കഴിഞ്ഞില്ല. അറിയുന്ന സംവിധായകന്‍നിര്‍ബന്ധപൂര്‍വം വിളിക്കുമ്പോള്‍ ഈ മുത്തശ്ശി ഇപ്പോഴും ബാംഗ്ലൂരില്‍ നിന്ന് യാത്ര തിരിക്കും -അഭിനയം എനിക്കൊരു ഉപജീവനമല്ല. കലയോടും കലാകാരന്മാരോടുമുള്ള സ്‌നേഹം കൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നത് -ലക്ഷ്മി കൃഷ്ണമൂര്‍ത്തി പറഞ്ഞു.

Other news in this section
Movie Gallery