ഇംഗ്ലീഷ് ചിത്രത്തില്‍ നിന്ന് തിലകനെ ഒഴിവാക്കി
Posted on: 02 Mar 2010
ആലപ്പുഴ: മലയാളി സംവിധായകന്‍ സോഹന്‍ റോയിയുടെ 'ഡാം 999' എന്ന ഹോളിവുഡ് ചിത്രത്തില്‍ നിന്ന് നടന്‍ തിലകനെ ഒഴിവാക്കി. ആലപ്പുഴയിലെ സ്വകാര്യ ഹോട്ടലില്‍ തിലകനുമായി തിങ്കളാഴ്ച രാത്രി നടത്തിയ കൂടിക്കാഴ്ചയിലാണ് റോയി ഇക്കാര്യം അറിയിച്ചത്.
ഫെഫ്ക സാങ്കേതിക വിദഗ്ദ്ധരെ പിന്‍വലിക്കുമെന്ന് അറിയിച്ചതോടെയാണ് തന്റെ ഇംഗ്ലീഷ് സിനിമയില്‍ നിന്ന് തിലകനെ മാറ്റിയതെന്ന് സോഹന്‍ റോയി പറഞ്ഞു. പ്രശ്‌നങ്ങള്‍ രണ്ടുദിവസം കൊണ്ട് അവസാനിക്കുന്ന പക്ഷം തിലകനെ അഭിനയിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിനിമയില്‍ നിന്ന് ഒഴിവാക്കേണ്ടി വന്നതില്‍ അദ്ദേഹം തിലകനോട് മാപ്പുചോദിച്ചു.
തിലകനെ ഒഴിവാക്കിയില്ലെങ്കില്‍ സാങ്കേതിക വിദഗ്ദ്ധരെ പിന്‍വലിക്കുമെന്നു കാണിച്ച് ഫെഫ്ക കത്ത് നല്‍കിയിട്ടുണ്ട്. ഇത് പരിഗണിച്ചാണ് തിലകനെ മാറ്റിയതെന്ന് റോയി പറഞ്ഞു. സിനിമയില്‍ നിന്ന് ഒഴിവാക്കണമെന്ന ഫെഫ്കയുടെയും അമ്മയുടെയും സമ്മര്‍ദങ്ങള്‍ക്ക് സോഹന്‍ റോയി കീഴടങ്ങുകയായിരുന്നുവെന്ന് തിലകന്‍ പറഞ്ഞു. എന്നാല്‍ ചിത്രത്തിന്റെ ഷൂട്ടിങ് തടസ്സപ്പെടുത്തില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഡാം 999-ന്റെ ചിത്രീകരണം മുഹമ്മ കോവിലകം റിസോര്‍ട്ടില്‍ തിങ്കളാഴ്ച തുടങ്ങി. സിനിമയില്‍ അഭിനയിക്കുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പിട്ടിരുന്നതായും അഡ്വാന്‍സ് കൈപ്പറ്റിയതായും തിലകന്‍ പറഞ്ഞു. തെന്നിന്ത്യന്‍ നായിക വിമല രാമന്‍, രജത്കപൂര്‍, തമിഴ്-തെലുങ്ക് നായക നടന്‍ വിനയ് റായ്, ബ്രിട്ടീഷ് നടി ലിന്റ അര്‍സീനിയോ, ബോളിവുഡ് നടി ടുലിപ് ജോഷി, തെന്നിന്ത്യന്‍ സിനിമാതാരം ആഷിഷ് വിദ്യാര്‍ഥി, ഹോളിവുഡ് നടന്‍ ഫെഡറിക് സ്മിത്ത് തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍.