IST:
ഹോം വെബ് സ്‌പെഷ്യല്‍

ഇഷ്ടം ഈ ലൊക്കേഷന്‍
Posted on: 01 Mar 2010


സിനിമയുമായി അടുത്ത ബന്ധമുള്ള കുടുംബത്തിലാണ് എന്റെ ജനനം. അച്ഛന്‍ രാംദാസ് കാര്യാല്‍ അജന്ത ഫിലിംസ്, സിത്താര പിക്‌ചേഴ്‌സ്, നവശക്തി, പ്രിയദര്‍ശിനി തുടങ്ങി നിരവധി സിനിമാ വിതരണ സ്ഥാപനങ്ങള്‍ നടത്തിയിരുന്നു. കോഴിക്കോട്ടെ പ്രമുഖവ്യവസായി എസ്. പാവമണിയായിരുന്നു അച്ഛന്റെ ബിസിനസ് പങ്കാളി. അച്ഛന് സിനിമാബന്ധങ്ങളുണ്ടായിരുന്നതിനാല്‍ ചെറുപ്പം തൊട്ടേ ഞങ്ങള്‍ കുട്ടികള്‍ക്ക് സിനിമ കാണാന്‍ അവസരമുണ്ടായി. പുതിയറയില്‍ ഹോട്ടല്‍ മഹാറാണിയുടെ തൊട്ടുപിറകിലാണ് അച്ഛന്റെ തറവാട്. ഞാന്‍ ജനിച്ചതും വളര്‍ന്നതും ഇപ്പോള്‍ താമസിക്കുന്നതുമെല്ലാം അവിടെത്തന്നെ. പ്രീഡിഗ്രി കഴിഞ്ഞിരിക്കുമ്പോള്‍ ഇനിയെന്ത് എന്ന അച്ഛന്റെ ചോദ്യത്തിന് എനിക്ക് വ്യക്തമായ ഉത്തരമുണ്ടായിരുന്നു-സിനിമ. സിനിമാസംവിധാനം പഠിക്കണമെന്ന ആഗ്രഹത്തിന് പച്ചക്കൊടി കാട്ടിയ അച്ഛന്‍ ഐ.വി. ശശിയെ വിളിച്ച് എന്നെ കൂടെച്ചേര്‍ക്കാന്‍ അഭ്യര്‍ഥിച്ചു. അങ്ങനെ 1984 മുതല്‍ ശശിയേട്ടന്റെ കൂടെ അസിസ്റ്റന്റ് ഡയറക്ടറായി കൂടി. മോഹന്‍ലാല്‍ നായകനായ 'ഉയരങ്ങളില്‍' ആണ് ആദ്യമായി ഞാന്‍ പ്രവര്‍ത്തിച്ച സിനിമ. മൂന്നാറിലായിരുന്നു ഷൂട്ടിങ്.

അന്ന് എട്ട് സംവിധാനസഹായികളുണ്ട് ശശിയേട്ടന്. മൂന്ന് അസോസിയേറ്റ് ഡയറക്ടര്‍മാരും അഞ്ച് അസിസ്റ്റന്റ് ഡയറക്ടര്‍മാരും. രണ്ടാമത്തെ സിനിമ 'അങ്ങാടിക്കപ്പുറത്ത്' കോഴിക്കോട്ടുവെച്ച് ചിത്രീകരിക്കാമെന്ന് ശശിയേട്ടന്‍ പറഞ്ഞപ്പോള്‍ വലിയ സന്തോഷമായി. സ്വന്തം നാട്ടിലേക്കാണല്ലോ വരവ്. ഇടയ്ക്കിടയ്ക്ക് വീട്ടില്‍ പോയിവരാമെന്നും കണക്കുകൂട്ടി. നാട്ടിലെത്തിയെങ്കിലും ഒരു നിമിഷം പോലും സെറ്റില്‍ നിന്ന് മാറിനില്‍ക്കാന്‍ പറ്റാത്തത്ര ജോലിത്തിരക്കായിരുന്നു. അറുപതിലേറെ കഥാപാത്രങ്ങളുള്ള വിശാലമായ കാന്‍വാസിലാണ് 'അങ്ങാടിക്കപ്പുറത്തി'ന്റെ കഥ നീങ്ങുന്നത്. മഹാറാണി ഹോട്ടലിലെ മുറികള്‍ മുഴുവന്‍ സിനിമാതാരങ്ങളെക്കൊണ്ടു നിറഞ്ഞിരുന്നു. ഷൂട്ടിങ് കഴിഞ്ഞാലും പിറ്റേദിവസത്തെ സീനുകളുടെ തയ്യാറെടുപ്പുകളുമായി രാത്രി രണ്ടു മണിവരെയെങ്കിലും ജോലിയുണ്ടാകും. തൊട്ടടുത്ത പറമ്പിലാണെങ്കിലും രാത്രി വീട്ടുകാരെ ഉണര്‍ത്താന്‍ മടിച്ച് മഹാറാണിയില്‍ തന്നെ എന്നും കിടന്നുറങ്ങി.

'അങ്ങാടിക്കപ്പുറത്ത്' കഴിഞ്ഞയുടന്‍ തന്നെ കോഴിക്കോട്ടുവെച്ച് 'അനുബന്ധം' ചിത്രീകരിച്ചു. പിന്നീട് കുറേക്കാലം ഇവിടെത്തന്നെയായിരുന്നു ശശിയേട്ടന്റെ സിനിമകളുടെ ലൊക്കേഷന്‍. വാര്‍ത്ത, ആവനാഴി, അര്‍ഹത തുടങ്ങി തുടരെത്തുടരെ ചിത്രങ്ങള്‍. ഇത്രയധികം വെറൈറ്റിയുള്ള ലൊക്കേഷനുകളുള്ള നഗരം വേറെയില്ലെന്നതാണ് സത്യം. അങ്ങാടിയും കായലും ഗ്രാമവും പുഴകളുമെല്ലാം ഇവിടെയുണ്ട്. എല്ലാം കിലോമീറ്ററുകള്‍ മാത്രം സഞ്ചരിച്ചാലെത്തുന്ന അകലത്തില്‍. എറണാകുളത്തൊന്നും അങ്ങനെയല്ല സ്ഥിതി. അവിടെ സിറ്റിയില്‍ നിന്ന് ഗ്രാമപ്രദേശത്തെത്തണമെങ്കില്‍ എത്രയോ നേരം സഞ്ചരിക്കണം. ഷൂട്ടിങ്ങിന് വീടുകള്‍ കിട്ടാനും കോഴിക്കോട്ട് വിഷമമില്ല. കോഴിക്കോട്ടുകാരനായതിനാലാവാം ശശിയേട്ടനോട് ഈ നാട്ടുകാര്‍ക്ക് പ്രത്യേകമായ മമതയും താത്പര്യവുമുണ്ട്. നൂറുകണക്കിനാളുകള്‍ കൂടിനില്‍ക്കുന്ന സീനുകള്‍ പോലും ഒരു ബുദ്ധിമുട്ടുമില്ലാതെ ശശിയേട്ടന്‍ ചിത്രീകരിക്കുന്നത് കണ്ട് ഞാന്‍ അന്തംവിട്ടിട്ടുണ്ട്. ഒന്നു മാറിനില്‍ക്കൂ എന്ന് ശശിയേട്ടന്‍ പറഞ്ഞാല്‍ ആളുകള്‍ ഒരു ബുദ്ധിമുട്ടുമില്ലാതെ അനുസരിക്കുന്നത് കാണാം. മറ്റിടങ്ങളില്‍ അങ്ങനെയല്ല സ്ഥിതി. 'അര്‍ഹത' എന്ന ചിത്രത്തില്‍ ഒരു ബംഗ്ലാവിനുമുന്നില്‍ ആയിരക്കണക്കിനാളുകള്‍ കൂടിനില്‍ക്കുന്ന സീനുണ്ട്.

കെ.ടി.സി. കമ്പനിയുടമകളുടെ ആഴ്ചവട്ടത്തെ വീടിനുമുന്നിലായിരുന്നു ഷൂട്ടിങ്. അഭിനയിക്കാന്‍ വന്നവരൊന്നും ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളായിരുന്നില്ല. എല്ലാവരും ആ പ്രദേശത്തുള്ള നാട്ടുകാര്‍ തന്നെ. അഭിനയത്തില്‍ മുന്‍പരിചയവുമില്ലാത്ത ഇത്രയും വലിയ ജനക്കൂട്ടത്തെ കൃത്യമായി നിയന്ത്രിച്ച് യാതൊരു പ്രശ്‌നങ്ങളുമില്ലാതെ ശശിയേട്ടന്‍ ആ സീന്‍ ഷൂട്ട് ചെയ്തു. കോഴിക്കോട്ടല്ലാതെ വേറൊരിടത്തുവെച്ചും ഇങ്ങനെയൊരു സീനെടുക്കാനാവില്ലെന്ന് ഉറപ്പാണ്.


കോഴിക്കോട്ടുവെച്ചൊരു സിനിമ ചെയ്യണമെന്ന് പണ്ടേയുള്ള മോഹമാണെനിക്ക്. ശശിയേട്ടന്റെ 'അങ്ങാടി' കണ്ടപ്പോള്‍ അതുപോലൊരു സിനിമയെടുക്കണമെന്ന് ഏറെക്കാലം സ്വപ്നം കണ്ടുനടന്നു. സ്വന്തമായി ആറു ചിത്രങ്ങള്‍ സംവിധാനം ചെയെ്തങ്കിലും ഒന്നിലും ഈ നഗരമായിരുന്നില്ല പ്രധാന ലൊക്കേഷന്‍. ആദ്യചിത്രമായ 'രജപുത്രന്‍' കോഴിക്കോട്ടു വെച്ചായിരുന്നു ചിത്രീകരിക്കാന്‍ തീരുമാനിച്ചിരുന്നത്. ഈ നഗരം പശ്ചാത്തലമാക്കിയാണ് തിരക്കഥാകൃത്ത് രഞ്ജിത്തും ഞാനും കൂടെ 'രജപുത്ര'ന്റെ സീനുകള്‍ തയ്യാറാക്കിയത്. എന്നാല്‍ നിര്‍മാതാവിന്റെ സൗകര്യത്തിനുവേണ്ടി ഷൂട്ടിങ് എറണാകുളത്തേക്ക് മാറ്റേണ്ടിവന്നു. തുടര്‍ന്ന് ചെയ്ത തച്ചിലേടത്ത് ചുണ്ടന്‍ വള്ളംകളിയുടെ കഥ പറയുന്നതിനാല്‍ ഷൂട്ടിങ് ആലപ്പുഴയിലായി. പിന്നീട് ഞാനൊരുക്കിയ ഡ്രീംസ്, ഗ്രീറ്റിങ്‌സ് എന്നിവയും എറണാകുളം ഭാഗത്തുവെച്ചായിരുന്നു ചിത്രീകരിച്ചത്.


ഏറ്റവുമൊടുവില്‍ ഞാന്‍ ചെയ്ത 'വടക്കുംനാഥന്‍' എന്ന സിനിമയുടെ പ്രധാനലൊക്കേഷന്‍ കാഞ്ഞങ്ങാട്ടായിരുന്നു. ഷൊര്‍ണൂര്‍ കേന്ദ്രമാക്കിയാണ് ഗിരീഷ് പുത്തഞ്ചേരി 'വടക്കുംനാഥ'ന്റെ തിരക്കഥയൊരുക്കിയത്. മലയാളസിനിമകളുടെ പതിവുലൊക്കേഷനായ ഷൊറണൂരില്‍വെച്ച് 'വടക്കുംനാഥന്‍' ചിത്രീകരിക്കില്ലെന്ന് തുടക്കത്തിലേ ഞാന്‍ തീരുമാനമെടുത്തു. അങ്ങനെയാണ് കാഞ്ഞങ്ങാട് തിരഞ്ഞെടുത്തത്. എങ്കിലും സിനിമയുടെ ചില സീനുകള്‍ കോഴിക്കോട്ടു വെച്ചെടുത്തു. മോഹന്‍ലാല്‍ അവതരിപ്പിച്ച ഇരിങ്ങണ്ണൂര്‍ ഭരതപ്പിഷാരടി എന്ന കോളേജ് അധ്യാപകന്‍ ക്ലാസെടുക്കുന്നത് ഗുരുവായൂരപ്പന്‍ കോളേജില്‍വെച്ചാണ്. ഭരതപ്പിഷാരടിക്ക് സ്വീകരണം നല്‍കുന്ന രംഗങ്ങള്‍ അതേ കോളേജിലെ ഓഡിറ്റോറിയത്തിലും ഷൂട്ട് ചെയ്തു. അടുത്ത ചിത്രമായ 'ടാക്കീസ്' ആലപ്പുഴയില്‍ വെച്ചാണ് ചിത്രീകരിക്കുന്നത്. എന്നെങ്കിലുമൊരിക്കല്‍ പൂര്‍ണമായും കോഴിക്കോട്ടു വെച്ചൊരു സിനിമയെടുക്കണമെന്ന മോഹം ഇന്നും മനസ്സില്‍ സൂക്ഷിക്കുന്നു.


ഷൂട്ടിങ്ങിനിടയില്‍ ഒരുദിവസം ഇടവേള ലഭിച്ചാല്‍ കോഴിക്കോട്ടെ വീട്ടില്‍ വന്നുപോയാല്‍ മനസ്സിന് വലിയ സന്തോഷമാണ്. പണ്ടുതൊട്ടേ അതു പതിവായി. സിനിമയില്‍ സജീവമാകണമെങ്കില്‍ എറണാകുളത്ത് താമസിക്കണമെന്ന് പലരും പറയും. അവിടെയുള്ള സുഹൃത്തുക്കള്‍ പലരും അങ്ങോട്ടു ക്ഷണിക്കാറുണ്ട്. ചിലര്‍ എനിക്ക് വീടുവെക്കാനായി സ്ഥലം പോലും കണ്ടുവെച്ചു. പക്ഷേ, ഈ നഗരം വിട്ട് എങ്ങോട്ടും പോകാന്‍ മനസ്സ് അനുവദിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യം. സിനിമയുണ്ടെങ്കിലും ഇല്ലെങ്കിലും തനി കോഴിക്കോട്ടുകാരനായി ഇവിടെത്തന്നെ കഴിയാനാണ് എപ്പോഴുമിഷ്ടം. ഫുട്‌ബോളിനെയും സംഗീതത്തെയും ഭ്രാന്തമായി സ്‌നേഹിക്കുന്ന കോഴിക്കോട്ടുകാരെയും ഇവിടത്തെ ഭക്ഷണരീതിയുമെല്ലാം അത്രമേല്‍ ജീവിതവുമായി അലിഞ്ഞുചേര്‍ന്നുപോയി. ഇതുവിട്ട് മറ്റെവിടെ പോയാലും മനസ്സിന് സമാധാനം കിട്ടില്ല.

ഈ നാടിന്റെ നല്ല മനസ്സിന്റെ ഉദാഹരണമാണ് ഗിരീഷ് പുത്തഞ്ചേരിയുടെ കുടുംബത്തെ സഹായിക്കാനായി ഏപ്രില്‍ രണ്ടിനു നടക്കാനിരിക്കുന്ന സംഗീതനിശ. യാതൊരു സാമ്പത്തികലാഭവും പ്രതീക്ഷിക്കാതെ എത്രയോ ആളുകള്‍ ആ പരിപാടിയുടെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു. മന്ത്രിയും കളക്ടറും മേയറും സിനിമക്കാരും ഗായകരുമെല്ലാം ഒരേ മനസ്സോടെ നില്‍ക്കുന്നുണ്ട്. ഇതിനുമുമ്പ് ഇങ്ങനെയൊരു കൂട്ടായ്മ മറ്റെവിടെയും സംഭവിച്ചതായി കേട്ടിട്ടില്ല. ഗിരീഷിന്റെ പാട്ടുകള്‍ ഇഷ്ടപ്പെടുന്ന കോഴിക്കോടന്‍ ജനത അദ്ദേഹത്തിന് തിരിച്ചുനല്‍കുന്ന സ്‌നേഹാദരമാണ് ആ പരിപാടി.


ഇതൊക്കെയാണെങ്കിലും കോഴിക്കോട്ട് ഞാനേറ്റവും വെറുക്കുന്ന ഒരു കാര്യമുണ്ട്. പൊതുസ്ഥലങ്ങളിലും സര്‍ക്കാര്‍ ഓഫീസുകളുടെ കോണിപ്പടികളിലും നിറയെ തുപ്പിവെക്കുന്ന ദുശ്ശീലമാണത്. വൃത്തിയെക്കുറിച്ചു വാതോരാതെ സംസാരിക്കുകയും കൊച്ചുകുട്ടികള്‍ക്കു പോലും ബോധവത്കരണം നടത്തുകയും ചെയ്യുന്നവരാണ് നമ്മള്‍. എന്നിട്ടും ഈ വൃത്തികെട്ട ഇടപാട് നിര്‍ത്താന്‍ തയ്യാറാകുന്നില്ല. ഞാനുള്‍പ്പെടുന്ന കോഴിക്കോട്ടുകാര്‍ക്ക് ചീത്തപ്പേരു സമ്മാനിക്കുന്ന തുപ്പല്‍ പരിപാടി നിര്‍ത്താന്‍ ഓരോരുത്തരും മനസ്സു കൊണ്ടു തീരുമാനമെടുക്കണം. എങ്കില്‍ എന്റെ കോഴിക്കോട് അക്ഷരാര്‍ഥത്തില്‍ സുന്ദരനഗരമാകും.

പി.എസ് രാകേഷ്‌
Other news in this section
Movie Gallery