IST:
ഹോം ഹോളിവുഡ്‌

അവതാറിലെ തൂക്കുമലകള്‍ 'ചൈനയില്‍നിന്ന്'
Posted on: 09 Feb 2010

കെ.വി. രാജേഷ്


ചെങ്കുത്തായ പാറകളിലൂടെ പറ്റിപ്പിടിച്ച് മലമുകളിലേക്കു കയറുന്ന ഒന്‍പതടി ഉയരമുള്ള നീലനിറത്തിലുള്ള അന്യഗ്രഹ ജീവികള്‍. കണ്ണെത്താത്തത്ര ആഴത്തിലുള്ള താഴ് വരകള്‍ക്കു മുകളിലൂടെ പാലം കണക്കെ വണ്ണം കുറഞ്ഞ വേരുകള്‍. മലമുകളിലുള്ള വലിയ പക്ഷിയെ പിടിക്കാനുള്ള അവതാര്‍ ചിത്രത്തിലെ നായകന്റെ യാത്ര ത്രിമാന തലത്തില്‍ കാണുമ്പോള്‍ ആസ്വാദകര്‍ക്ക് ശ്വാസം നിലയ്ക്കും.
നിര്‍മാണച്ചെലവില്‍ റെക്കോഡ് തീര്‍ത്തതിനൊപ്പം കളക്ഷനിലും റെക്കോഡുകള്‍ തകര്‍ത്ത് മുന്നേറുന്ന 'അവതാര്‍' എന്ന ഹോളിവുഡ് ചിത്രത്തിലെ വേരില്‍ തൂങ്ങിയ തൂക്കു പര്‍വതങ്ങള്‍ ത്രിമാന തലത്തിലെ സാങ്കേതികവിദ്യാ വിസ്മയം മാത്രമല്ല. ഇതിനു സമാനമായ യഥാര്‍ഥ മലനിരകള്‍ ഉണ്ട്.

ദക്ഷിണ ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ഈ മലനിരകള്‍ സ്ഥിതിചെയ്യുന്നത്. ചൈനയില്‍ 10 കോടി ഡോളറിലധികം കളക്ഷന്‍ സ്വന്തമാക്കിക്കഴിഞ്ഞു 'അവതാര്‍'. ഇതിനു പിന്നാലെ ഹുനാനിലെ മലനിരകള്‍ക്ക് 'അവതാര്‍ ഹല്ലേലൂയ്യ മൗണ്ടന്‍' എന്ന പേരു നല്‍കിയതോടെയാണ് ഇതിനുവാര്‍ത്താ പ്രാധാന്യം വന്നതെന്നു മാത്രം. ഹുനാനിലെ ഴാന്‍ജിയാജി നാഷണല്‍ പാര്‍ക്കിലെ 3000 മുതല്‍ 3500 അടി വരെ ഉയരത്തില്‍ തൂണു പോലുള്ള ഈ പര്‍വതം സതേണ്‍ സൈ്ക കോളം എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. സതേണ്‍ സൈ്ക പില്ലര്‍ എന്നും ,സ്വര്‍ഗത്തിലേക്ക് ഭൂമിയില്‍ നിന്നുള്ള തൂണ്' എന്നെല്ലാം ഇത് അറിയപ്പെടുന്നു.

ഴാന്‍ജിയാജിയിലെ പ്രാദേശിക സര്‍ക്കാര്‍ ഔദ്യോഗികമായി മലനിരകളുടെ പേരുമാറ്റിയത് ജനങ്ങള്‍ക്കിടയില്‍ അസംതൃപ്തി ഉയര്‍ത്തിയിട്ടു ണ്ടെങ്കിലും സിനിമയുടെ വിജയമല്ല പേരുമാറ്റാന്‍ കാരണമെന്നാണ് അധികൃതരുടെ വാദം. ലോകപ്രശസ്തമായിക്കഴിഞ്ഞ സിനിമയില്‍ ഈ മലനിരകളെ മാതൃകയാക്കിയാണ് ചിത്രീകരണം നടത്തിയതെന്ന് വെളിപ്പെടുത്തുന്നതിനു വേണ്ടിയാണ് പേരുമാറ്റമെന്ന്് പ്രവിശ്യാ സര്‍ക്കാരിന്റെ ടൂറിസം വെബ്‌സൈറ്റില്‍ പറയുന്നു. 2008ല്‍ ഹോളിവുഡിലെ ഒരു ഫോട്ടോഗ്രാഫര്‍ ഈ മലകളില്‍ ഏറെ നാള്‍ താമസിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നതായും പ്രാദേശിക സര്‍ക്കാര്‍ അവകാശപ്പെടുന്നുണ്ട്.

അന്‍ഹൂയി പ്രവിശ്യയിലെ ഹൗങ്ഷാന്‍ മലനിരകളാണ് ചിത്രത്തിലെ ഹല്ലേലൂയ്യ മലനിരകളുടെ സൃഷ്ടിക്കു പ്രേരണയായതെന്ന് അവതാറിന്റെ സംവിധായകന്‍ ജയിംസ് കാമറൂണ്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഴാങ്ജിയാജി സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല.
മലനിരകളുടെപേരു മാറ്റിയ ശേഷം ഇവിടേക്കുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വര്‍ധന ഉണ്ടായതായി അധികൃതര്‍ പറയുന്നു. ഈ മലനിരകള്‍ മുന്‍നിര്‍ത്തി ഒരു സര്‍ക്കാര്‍ ട്രാവല്‍ ഏജന്‍സി പ്രത്യേകം ടൂറിസം പാക്കേജും പ്രഖ്യാപിച്ചു കഴിഞ്ഞു.


Other news in this section
Movie Gallery