IST:
ഹോം കോളിവുഡ്‌

തമിഴ് മനസ്സിലിടം നേടാന്‍ യു.പി.യില്‍നിന്ന്....
Posted on: 08 Feb 2010



തമിഴ്‌പ്രേക്ഷകരുടെ മനസ്സു കീഴടക്കിയിട്ടുതന്നെ ബാക്കിക്കാര്യം'' എന്നുറപ്പിച്ചിരിക്കുകയാണ് ഉത്തരേന്ത്യന്‍സുന്ദരി പിയ ബാജ്‌പേയ്. ഉത്തര്‍പ്രദേശില്‍നിന്നു ഡല്‍ഹിയിലും പിന്നെ മുംബൈയിലുമെത്തിയ ഈ മോഡലിന്റെ സിനിമാമോഹം സഫലമായത് കോളിവുഡിലൂടെയാണ്. 'പൊയ്‌സൊല്ലപ്പോറോം' എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴിലെ അരങ്ങേറ്റം. അഭിനയത്തെപ്പറ്റി ആരുമങ്ങനെ കുറ്റമൊന്നും പറഞ്ഞില്ലെങ്കിലും ഭാഷയെക്കുറിച്ചാലോചിക്കുമ്പോള്‍ ഇപ്പോഴും താരത്തിനു ഞെട്ടല്‍ മാറുന്നില്ല. എന്നുവെച്ച് ആയുധം വെച്ചു കീഴടങ്ങാനൊന്നും പിയയെക്കിട്ടില്ല. കുട്ടിക്കാലത്ത്, ആണ്‍വേഷമണിഞ്ഞ് തെരുവില്‍ ആണ്‍കുട്ടികളെ മലര്‍ത്തിയടിച്ചിട്ടുള്ള കക്ഷിക്ക് അങ്ങനെയങ്ങു പിന്മാറാനൊക്കുമോ? പൊരുതി മുന്നേറാന്‍തന്നെയാണ് താരത്തിന്റെ തീരുമാനം.

എന്തുവിലകൊടുത്തും തമിഴ്ഭാഷ വശപ്പെടുത്തുവാന്‍ നിശ്ചയിച്ചുറപ്പിച്ചിരിക്കുകയാണ് പിയ. ''ആദ്യചിത്രത്തില്‍ അഭിനയിക്കുമ്പോള്‍, എല്ലാദിവസവും ഡയലോഗുണ്ടാകുമോ എന്ന ഉത്കണ്ഠയോടെയാണ് ഉണരാറ്. 'ഇന്നെന്തെങ്കിലും ഡയലോഗുണ്ടോ?'എന്ന് സഹസംവിധായകനോട് ചോദിക്കും. 'പിന്നേ... ഇല്ലാതെ? നിങ്ങളല്ലേ ഈ ചിത്രത്തിലെ നായിക?' എന്നു ചോദിച്ചുകൊണ്ട് അവര്‍ നെടുങ്കന്‍ ഡയലോഗുകള്‍ തരും. നായിക മൂകയായിരുന്നെങ്കില്‍ എന്നുപോലും ആഗ്രഹിച്ചുപോയിട്ടുണ്ട്''-പിയ 'പൊയ്‌സൊല്ലപ്പോറോമി'ന്റെ അനുഭവങ്ങള്‍ വിവരിക്കുന്നു.

ഇപ്പോള്‍ പക്ഷേ, കാര്യങ്ങള്‍ അതില്‍നിന്നൊക്കെ ഏറെ മുന്നേറി. ആദ്യചിത്രത്തില്‍, ഷൂട്ടിങ് തുടങ്ങുന്നതിന് ഏതാനും മണിക്കൂറുകള്‍ക്കു മുമ്പാണ് തമിഴ്ഡയലോഗുകള്‍ കൈയില്‍ കിട്ടിയിരുന്നത്. ചിത്രീകരണത്തിന്റെ സമയമാകുമ്പോഴേക്കും അതു പഠിച്ചെടുക്കുകയെന്നതുതന്നെ സാഹസമായാണ് തോന്നിയത്. എന്നാല്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത 'ഗോവ'യില്‍ അഭിനയിക്കേണ്ടി വന്നപ്പോള്‍, പഴയതൊക്കെ എത്ര ലളിതം എന്നു തോന്നുന്ന മട്ടിലായി കാര്യങ്ങള്‍. 'ഗോവ'യില്‍ പത്തുമിനിറ്റിനു മുന്‍പേ ഡയലോഗുകള്‍ കിട്ടിയിരുന്നുള്ളൂ. അതില്‍ത്തന്നെ, അവസാനനിമിഷത്തില്‍ ചില മെച്ചപ്പെടുത്തലുകളും മറ്റുംനടത്തുകയും ചെയ്യും. പലപ്പോഴും ഡയലോഗ് ശരിക്കുച്ചരിക്കാനാവാതെ കരഞ്ഞുപോകുമെന്നു തോന്നിയിട്ടുണ്ട്. എന്നാല്‍, ക്രമേണ അതും ശരിയായി. ഇപ്പോള്‍, പത്തുമിനിറ്റിനുമുമ്പ് കിട്ടിയാലും ഡയലോഗ് തെറ്റാതെ പറയാമെന്നായിട്ടുണ്ട്-താരം വിശദീകരിക്കുന്നു.

'പൊയ്‌സൊല്ലപ്പോറോമി'നു ശേഷം പിയ അഭിനയിച്ചത് 'ഏകന്‍' എന്ന ചിത്രത്തിലായിരുന്നു. അജിത്തും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ ആ ചിത്രത്തിലെ അനുഭവങ്ങള്‍ അഭിനയജീവിതത്തില്‍ മുതല്‍ക്കൂട്ടായി. പുതുമുഖമെന്ന വിവേചനമില്ലാതെയാണ് അജിത് പെരുമാറിയതെന്നും അദ്ദേഹം നല്‍കിയ ആത്മവിശ്വാസം ചെറുതല്ലെന്നും പിയ വിവരിക്കുന്നു.
'ഗോവ'യ്ക്കു പുറമേ, 'ബലേ പാണ്ഡ്യ' എന്ന ചിത്രത്തിലും പിയ അഭിനയിച്ചു. 'വെണ്ണിലാകബഡികുഴു'വിലൂടെ ശ്രദ്ധേയനായ വിഷ്ണുവാണ് ഈ റൊമാന്റിക് കോമഡിയിലെ നായകന്‍. രണ്ടുചിത്രങ്ങളുടെയും ചിത്രീകരണാനുഭവം ഏറെ രസകരമായിരുന്നു. ഈ രണ്ടു സിനിമകള്‍ പുറത്തുവരുന്നതോടെ തമിഴില്‍ കൂടുതല്‍ സ്വീകാര്യത ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിയ. ഇതുവരെ അഭിനയിച്ച സിനിമകളിലെല്ലാം തന്റെ സ്വഭാവത്തിന്റെ അംശങ്ങളുള്ള കഥാപാത്രങ്ങളെയാണ് അവതരിപ്പിച്ചിട്ടുള്ളതെന്നും താരം വ്യക്തമാക്കുന്നു.


Other news in this section
Movie Gallery