രണ്ടാം വരവിന് രാജാവിന്റെ മകനും
Posted on: 08 Feb 2010
നീലത്താമരയുടെ വിജയത്തോടെ മലയാളത്തില്‍ മറ്റൊരു ചിത്രം കൂടി റീമേക്കിന് ഒരുങ്ങുന്നു. മോഹന്‍ലാലിനെ സൂപ്പര്‍ താര പദവിയിലേക്ക് ഉയര്‍ത്തിയ 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിനാണ് പുതിയ പതിപ്പ് വരുന്നത്. ബോക്‌സ് ഓഫീസ് റെക്കോഡുകള്‍ തകര്‍ത്ത ചിത്രത്തിന്റെ അണിയറക്കാരായ തമ്പി കണ്ണന്താനം-ഡെന്നീസ് ജോസഫ് ടീം തന്നെയാവും പുതിയ കാലവും രാഷ്ട്രീയവും ഇഴചേര്‍ത്ത് രാജാവിന്റെ മകനെ പുന:സൃഷ് ടിക്കുക.
ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രത്തെക്കുറിച്ച് ആന്റണി പെരുമ്പാവൂര്‍ തമ്പി കണ്ണന്താനവും ഡെന്നീസ് ജോസഫുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. രണ്ടാം ഭാഗത്തിന് പകരം പൂര്‍ണമായും റീമേക്ക് ചെയ്യാനാണ് ആലോചനകള്‍ നടക്കുന്നത്. പഴയ ചിത്രത്തില്‍ സുരേഷ് ഗോപിയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പുതിയ പതിപ്പിലും സുരേഷ് ഗോപിക്കും പ്രധാന റോളുണ്ടാകും.
25 വര്‍ഷം മുമ്പ് ജൂലായ് 16 നായിരുന്നു ചിത്രത്തിന്റെ പൂജ നടന്നത്. ഇതിന്റെ ചുവട് പിടിച്ച് ഈ വര്‍ഷം ജൂലായ് 16 ന് തന്നെ പൂജാചടങ്ങുകള്‍ നടത്താനാണ് നിശ്ചയിച്ചിരിക്കുന്നത്. നിലവിലെ പ്ലാനിങ് അനുസരിച്ച് കാര്യങ്ങള്‍ നീങ്ങിയാല്‍ തിയേറ്ററുകള്‍ ഇളക്കിമറിക്കാന്‍ ലാലിന്റെ ക്രിസ്മസ് ചിത്രമായി 'രാജാവിന്റെ മകന്‍' വീണ്ടുമെത്തിയേക്കും.