IST:
ഹോം അഭിമുഖം

മാറുന്ന സിനിമ മാറുന്ന രഞ്ജിത്ത്‌
Posted on: 04 Feb 2010



പ്രീഡിഗ്രി കഴിഞ്ഞ്, കോളേജിന്റെ സാമ്പ്രദായിക രീതികളിലേക്ക് മടങ്ങാന്‍ മനസ്സുവരാതെ വിഷമിച്ചിരുന്ന കൗമാരക്കാരനു പുതിയൊരു വഴി കാണിച്ചു കൊടുത്തത് ഒരു പത്രവാര്‍ത്തയാണ്. തൃശ്ശൂരിലെ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ അവതരിപ്പിച്ച ബ്രെഹ്റ്റിന്റെ 'തെണ്ടി അഥവാ ചത്ത നായ' എന്ന നാടകത്തെക്കുറിച്ച് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ വന്ന റിപ്പോര്‍ട്ടായിരുന്നു അത്. റിപ്പോര്‍ട്ടിനൊപ്പം വന്ന സ്റ്റില്ലിലെ പ്രകാശവിധാനമാണ് അവനെ പ്രത്യേകം ആകര്‍ഷിച്ചത്. ചില പരിചയക്കാര്‍ വഴി അന്വേഷിച്ചപ്പോള്‍, ഒരു പ തിവ് ഡിഗ്രി കോഴ്‌സിന്റെ യാതൊരു ബോറടിയുമില്ലാത്ത ക്ലാസ്സുകളാണവിടെ എന്നവനു മനസ്സിലായി. അങ്ങനെ കോഴിക്കോട് കരുമലക്കാരന്‍ രഞ്ജിത്ത് ഡ്രാമാ സ്‌കൂളിലെത്തി. 1980-കളുടെ ആദ്യമായിരുന്നു അത്.

ജനപ്രിയ സിനിമയ്ക്കും സ്വയംവരത്തിലൂടെ കൊടിയേറിയ സമാന്തര സിനിമയ്ക്കും ഇടയിലെ അതിര്‍വരമ്പുകള്‍ മായ്ച്ചുകളഞ്ഞതായിരുന്നു മലയാള സിനിമയുടെ എണ്‍പതുകള്‍. കേരളത്തിന്റെ സാംസ്‌കാരിക ജീവിതത്തില്‍ സിനിമ സര്‍ഗ്ഗാത്മകമായി ഇടപെട്ടിരുന്ന കാലം. ആ കാലത്തിന്റെ കാലാനുസൃതമായ വീണ്ടെടുപ്പിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടയിലാണ് പഴയ സ്‌കൂള്‍ ഓഫ് ഡ്രാമക്കാരന്‍ രഞ്ജിത്ത് ദേശീയ ചലച്ചിത്ര പുരസ്‌കാരം നേടുന്നത്. 'തിരക്കഥ'യിലൂടെ, അടൂരിന്‍േറയും ടി.വി.ചന്ദ്രന്‍േറയുമൊക്കെ സിനിമകളെ പിന്തള്ളി മികച്ച മലയാള ചിത്രത്തിനുള്ള പുരസ്‌കാരം.

ആഗോളവത്കരണത്തിന്റെ കടന്നുവരവോടെ, ദൃശ്യങ്ങളുടെ ഉപരിതലകാമനകളില്‍ മാത്രം അഭിരമിക്കുന്ന ഒരു ആസ്വാദകശീലത്തിന് മലയാളിയും വഴങ്ങി. അതിന്റ പേരില്‍ ഏറെ പഴി കേട്ട സിനിമാ പ്രവര്‍ത്തകരിലൊരാളാണ് രഞ്ജിത്ത്. അതേ രഞ്ജിത്തില്‍ നിന്നു തന്നെ, മധ്യവര്‍ത്തി സിനിമയുടെ വീണ്ടെടുപ്പിനായുള്ള ബോധപൂര്‍വ്വമായ ചില ശ്രമങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു എന്നതാണ് ഈ നേട്ടത്തെ പ്രസക്തമാക്കുന്നത്. 'ദേവാസുര'ത്തില്‍ നിന്നും 'തിരക്കഥ'യിലേക്കും 'നരസിംഹ'ത്തില്‍ നിന്നും 'പാലേരി മാണിക്യ'ത്തിലേക്കുമുള്ള ദൂരം തന്നെയാണ് മലയാളിക്ക് പ്രതീക്ഷയുടെ ഒരത്താണി സാധ്യമാക്കുന്നത്.

'തിരക്കഥ'യ്ക്ക് ദേശീയാംഗീകാരം ലഭിച്ചതിന്റെ പിറ്റേ ദിവസമാണ് രഞ്ജിത്തിനെ കാണുന്നത്. കോഴിക്കോട് ചാലപ്പുറത്തെ മംഗലശ്ശേരിയില്‍ വെച്ച് രഞ്ജിത്ത് സംസാരിച്ചു. തന്റെ സിനിമാ ജീവിതത്തിലെ ഗതിമാറ്റത്തെക്കുറിച്ച്, 'കാപ്പിറ്റോള്‍ തിയേറ്റര്‍' എന്ന സ്വപ്ന സദൃശമായ പ്രൊഡക്ഷന്‍ ഹൗസിനെക്കുറിച്ച്...


'കയ്യൊപ്പ്' മുതലാണ് താങ്കളുടെ സിനിമകളില്‍ ഒരു മാറ്റം പ്രകടമാവുന്നത്. ഫോര്‍മുല സിനിമകളില്‍ നിന്നു മാറാനുള്ള പ്രേരണ എന്തായിരുന്നു?

ഒന്നാമതായി, ഞാനൊരിക്കലും ഫോര്‍മുല സിനിമകളുടെ തടവിലായിരുന്നില്ല. 'ദേവാസുര'ത്തിനു പിന്നാലെ 'മായാമയൂര'മാണ് ചെയ്തത്. 'ആറാം തമ്പുരാനു' ശേഷം 'കൈക്കുടന്ന നിലാ'വും. 'നരസിംഹം' ചെയ്യുമ്പോള്‍ ഞാന്‍ ഷാജി കൈലാസിനോട് പറഞ്ഞിരുന്നു, ഈ ഫ്‌ളേവറില്‍ നമുക്ക് ചെയ്യാവുന്നതിന്റെ പരമാവധിയാണിത് എന്ന്. ഒരിക്കലും ബാഹ്യ സമ്മര്‍ദ്ദങ്ങളില്‍ വീണു പോകരുത് എന്ന് ഞാനാഗ്രഹിച്ചിരുന്നു. എപ്പോഴും നടന്നിട്ടില്ല എന്നത് സത്യമാണ്. എങ്കിലും ഒരു കുതറിച്ച എപ്പോഴും എന്റെ ഉള്ളിലുണ്ടായിരുന്നു.

'രാവണപ്രഭു'വിലൂടെ കാലുറപ്പിച്ച ശേഷം ഞാന്‍ ചെയ്തത് 'നന്ദന'മാണ്. സെല്‍ഫ് റിഫ്രഷ്‌മെന്റിന്റെ ഭാഗമായിത്തന്നെയാണ് 'കയ്യൊപ്പ്' ചെയ്തത്. അതിന്റെ കഥ നേരത്തേ തന്നെ ഞാന്‍ മമ്മുക്കയോട് പറഞ്ഞിരുന്നതാണ്. പക്ഷേ, ചെയ്യാന്‍ തീരുമാനിക്കുമ്പോള്‍ നിര്‍മ്മാതാവൊന്നുമുണ്ടായിരുന്നില്ല. 'കാപ്പിറ്റോള്‍ തിയേറ്റര്‍്' എന്നു പറഞ്ഞ് നമ്മള്‍ തന്നെയങ്ങ് ചെയ്യുകയാണ്. അതറിഞ്ഞ് ആദ്യം പിന്തുണയുമായെത്തിയത് ലാല്‍ ജോസാണ്. പ്രതിഫലം വാങ്ങാതെ, നിര്‍മ്മാണ പങ്കാളിയായി മമ്മൂക്കയും ഒപ്പം വന്നു.

പിന്നീടുള്ള സിനിമാ പ്രവര്‍ത്തനങ്ങളില്‍ ആ സിനിമ എങ്ങനെ സ്വാധീനിച്ചു?

സ്‌ഫോടനത്തില്‍ നഷ്ടപ്പെടുന്ന ഒരാള്‍, അയാള്‍ക്ക് ഈ സമൂഹത്തിലുണ്ടായിരുന്ന ഇടം, അയാളുടെ തിരോധാനം എത്ര വ്യക്തികളെയാണ് ബാധിക്കുന്നത്... ഇത്തരം കാര്യങ്ങളെക്കുറിച്ചൊക്കെ ആ സിനിമ കണ്ടിറങ്ങുന്നവര്‍ ആലോചിച്ചെങ്കില്‍ എന്റെ ശ്രമം വിജയിച്ചു എന്നാണ് ഞാന്‍ കരുതുന്നത്. പക്ഷേ, കയ്യൊപ്പ് അന്ന് വേണ്ട വിധം തിരിച്ചറിയപ്പെടാതെ പോയി. അവാര്‍ഡ് കമ്മിറ്റികള്‍ക്കു മുന്നിലും അംഗീകരിക്കപ്പെട്ടില്ല. പക്ഷേ ഇപ്പോള്‍ ഡി.വി.ഡിയൊക്കെ കണ്ട് ആളുകള്‍ വിളിക്കുന്നുണ്ട്. 'തിരക്കഥ'യുടെയൊക്കെ ഊര്‍ജ്ജം ആ സിനിമ തന്നെയാണ്.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നിന്ന് പൊടുന്നനെ തിരോഭവിക്കുന്ന സ്ത്രീകളെക്കുറിച്ചുള്ള ഒരന്വേഷണമാണ് 'തിരക്കഥ'. കമലഹാസനും ശ്രീവിദ്യയും ഇതിന്റെ ബാഹ്യപ്രേരണയാണെങ്കില്‍, രാഷ്ട്രീയ പ്രേരണ എന്തായിരുന്നു?



മരണാസന്നയായ ഒരു സ്ത്രീയെക്കാണാന്‍ അവരുടെ യൗവനത്തില്‍ വളരെ പ്രിയപ്പെട്ടവനായിരുന്ന ഒരു പുരുഷന്‍ വരുന്നു. അതില്‍ നിന്നു തുടങ്ങിയ ആലോചനയാണ്. കൂടിക്കാഴ്ചയ്ക്കു ശേഷം അയാള്‍ തിരിച്ചു പോകുന്നത് വെളിച്ചമുള്ള വഴിയിലേക്കു തന്നെയാണ്. അവരാവട്ടെ ഇരുട്ടിലേക്കും. സിനിമയുടെ തലത്തിലേക്കു വന്നപ്പോള്‍, ഞാന്‍ കണ്ടതും കേട്ടതുമായ പല കാര്യങ്ങളും പശ്ചാത്തല പ്രേരണകളായി ഒപ്പം വന്നു.

നടിമാര്‍ക്ക് പെട്ടെന്ന് വയസ്സാവുകയും നടന്മാര്‍ ചിരഞ്ജീവികളായിരിക്കുകയും ചെയ്യുന്ന കൗതുകകരമായ കാഴ്ച നാം കാണുന്നതാണ്. മലയാളി സൈക്കിന്റെ പ്രശ്‌നം കൂടിയാണിത്. മറ്റൊന്ന്, പിരിയുന്ന ബന്ധങ്ങളുടേതാണ്. പ്രണയമാവാം ദാമ്പത്യമാവാം. പിന്നീട് വിശകലനം ചെയ്യുമ്പോള്‍ പിരിയാനുള്ള കാരണം വളരെ നിസ്സാരമായിരുന്നെന്നു ബോദ്ധ്യമാവുന്നവ. വൈകി മാത്രം ഇങ്ങനെ തിരിച്ചറിയുമ്പോള്‍, എല്ലാം എന്തിനായിരുന്നു എന്ന ചോദ്യം മാത്രമാണ് അവര്‍ക്കിടയിലുണ്ടാവുന്നത്. 'തിരക്കഥ'യിലെ അജയചന്ദ്രനും മാളവികയ്ക്കും ചോദിക്കാനുണ്ടായിരുന്നതും അതുതന്നെയാണ്.

രഞ്ജിത്തിന്റെ ഏറ്റവും ശ്രദ്ധിക്കപ്പെട്ട സ്ത്രീകഥാപാത്രമാണ് മാളവിക. പക്ഷേ, ഭാനുമതിയെയും ഉണ്ണിമായയെയും പോലുള്ള വ്യക്തിത്വമുള്ള കുറേ സ്ത്രീകളെ നേരത്തേ തന്നെ താങ്കള്‍ സൃഷ്ടിച്ചിട്ടുണ്ട്. ജീവിതത്തിലെ സ്ത്രീ സ്വാധീനത്തെക്കുറിച്ച്...


സാധാരണയായി വീട്ടില്‍ നിന്നു തന്നെയാണ് അത്തരമൊരു സ്വാധീനത്തിന്റെ തുടക്കം ഉണ്ടാവേണ്ടത്. പക്ഷേ, അമ്മ എനിക്കൊരു സ്വാധീനമായിരുന്നിട്ടില്ല. അച്ഛന്റെ മറവില്‍ നിന്ന് കുട്ടികളെ വളര്‍ത്തിയിരുന്ന ഒരു വീട്ടമ്മ മാത്രമായിരുന്നു അവര്‍. പാവം എന്നൊരു വാക്കേ എനിക്കമ്മയെക്കുറിച്ചു പറയാനുള്ളൂ. അമ്മയുടെ തന്നെ ഒരു തുടര്‍ച്ചയാണ് ഭാര്യ. എന്റെ പ്രൊഫഷണല്‍ ജീവിതത്തോട് പ്രത്യേക മമതയോ ഉല്‍കണ്ഠയോ കാണിക്കാത്ത, വീട്-ഭര്‍ത്താവ്-മക്കള്‍ എന്ന വൃത്തത്തിനകത്ത് ജീവിക്കാനിഷ്ടപ്പെടുന്ന ഒരാള്‍. ശ്രദ്ധയും സ്‌നേഹവുമൊക്കെ ഉണ്ടെങ്കിലും ഏതെങ്കിലും തരത്തിലുള്ള സ്വാധീനശക്തിയായിട്ടില്ല ഇവര്‍.

ജീവിതത്തില്‍ പിന്നീട് പരിചയപ്പെട്ട സ്ത്രീകളില്‍ ചിലരാണ് എന്റെ ജീവിത വീക്ഷണങ്ങളെ, ചിന്തകളെ സ്വാധീനിച്ചിട്ടുള്ളത്. അതില്‍ ആദ്യത്തെയാള്‍ മംഗലശ്ശേരിയിലെ ബേബിച്ചേച്ചിയാണ്. തളര്‍ന്നു കിടപ്പിലായ ഭര്‍ത്താവ്. വളര്‍ന്നു വരുന്ന മകള്‍. ഒന്നിലും പരാതി പറയാതെ, പരിഭവങ്ങളില്ലാതെ, വീടിന്റെ നെടുംതൂണായി നില്‍ക്കുക. വളരെയധികം പ്രസന്നമായ ഒരു ജീവിതം നയിക്കുക. സ്ത്രീക്ക് ഇത്രയേറെ കരുത്തുണ്ടെന്ന് ഞാനാദ്യം കാണുകയായിരുന്നു.

സ്ത്രീ സുഹൃത്തുക്കളില്‍ എന്നെ ശക്തമായി സ്വാധീനിച്ചിട്ടുള്ളത് രേവതിയാണ്. എന്റെ കാഴ്ചപ്പാടുകളെ മാറ്റാനും പുതുക്കാനും രേവതി കാരണമായിട്ടുണ്ട്. തിരക്കഥാകൃത്തായ ദീദി, ഹൈദരാബാദുകാരിയായ ആര്‍ക്കിടെക്റ്റ് അപര്‍ണാ കാര്‍വ്വെ തുടങ്ങിയ സുഹൃത്തുക്കളും ഓരോരോ വിധത്തില്‍ എന്നെ സ്വാധീനിച്ചിട്ടുള്ളവരാണ്.

ചെറിയ സിനിമകളും വലിയ സിനിമകളും ഹിറ്റുകളും ഫ്‌ളോപ്പുകളും ഒക്കെ ചെയ്യുമ്പോഴും ഒരു ഫോക്കസില്ലായ്മ രഞ്ജിത്തിന്റെ സിനിമാ ജീവിതത്തില്‍ കാണാനാവുന്നുണ്ട്...


ശരിയാണ്. സിനിമയില്‍ വന്ന ശേഷം മാത്രം അതിനെ പ്രൊഫഷനായി സ്വീകരിച്ച ആളാണ് ഞാന്‍. നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന ഒരാള്‍ എപ്പോഴും ചുമലിലിരുന്ന് എന്റെ ചെവിക്കു പിടിക്കുന്നുണ്ട്. ബിസിനസ് പാക്കേജുകളായി വലിയ സിനിമകള്‍ സൃഷ്ടിക്കുന്നതിനിടയിലും ചെറിയ നല്ല സിനിമകളിലേക്ക് മടങ്ങിപ്പോകുന്നത് അതുകൊണ്ടാണ്.
ഇപ്പോള്‍ എനിക്കൊരു ലക്ഷ്യമുണ്ട്. വേറിട്ട ചിന്തകളുമായി സിനിമയെ സമീപിക്കുന്ന ഒരു കമ്മ്യൂണിറ്റിയെ വളര്‍ത്തിയെടുക്കുക. അതിനു സഹായകമായ ഒരു പ്രൊഡക്ഷന്‍ കമ്പനി ഉണ്ടാവുക. ആരോഗ്യകരമായ ഒരു സിനിമാ സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ കഴിയുക... കയ്യൊപ്പിന്റെ ആലോചനയ്‌ക്കൊപ്പം കൈവന്ന സ്വപ്നമാണിത്. 'കാപ്പിറ്റോള്‍ തിയേറ്റ'റും 'തിരക്കഥ'യും'കേരളാ കഫേ'യുമൊക്കെ അതിന്റെ ചുവടുപിടിച്ചുള്ള ചെറിയ ചില ചുവടുവെപ്പുകളാണ്.

കച്ചവട സിനിമയുമായുള്ള അക്കൗണ്ട് സെറ്റില്‍ ചെയ്യാതെ ജനകീയ സിനിമയുടെ ആളാവാന്‍ കഴിയുമോ?


അങ്ങനെയുള്ള ബാദ്ധ്യതകളൊന്നുമില്ല. പണം ഇന്‍വെസ്റ്റ് ചെയ്യുന്ന ആരും അതു നഷ്ടപ്പെടാന്‍ ഇഷ്ടപ്പെടില്ല. അതുകൊണ്ടു തന്നെ ഫോര്‍മുലകള്‍ക്കൊപ്പിച്ച് സിനിമ ചെയ്യേണ്ടി വരും. പക്ഷേ അവിടെത്തന്നെ നില്‍ക്കുന്നതാണ് പരാജയം. സ്വയം മാറാനാണ്, നവീകരിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഞാന്‍ മാറുക എന്നതു മാത്രമല്ല, എനിക്കൊപ്പമുള്ളവരും മാറണമെന്നാണ് എന്റെ ആഗ്രഹം. മെയിന്‍സ്ട്രീം സിനിമയില്‍ നില്‍ക്കുന്ന പലര്‍ക്കും വ്യത്യസ്തമായി പലതും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അന്‍വര്‍ റഷീദ്, പത്മകുമാര്‍, ഉണ്ണിക്കൃഷ്ണന്‍... കമേഴ്‌സ്യല്‍ ഹിറ്റുകളൊരുക്കുന്ന സംവിധായകര്‍ക്കപ്പുറത്ത് ഇവരൊക്കെ നല്ല സിനിമ ചെയ്യാന്‍ ആഗ്രഹിക്കുന്ന, അതിന് കഴിവുള്ള ചെറുപ്പക്കാരാണ്. പക്ഷേ അതിനുള്ള സ്‌പേസ് ഇന്നത്തെ സെറ്റപ്പില്‍ നമ്മുടെ ഇന്റസ്ട്രിയില്‍ ലഭ്യമാവില്ല എന്നുറപ്പാണ്. അവിടെയാണ് 'കാപ്പിറ്റോള്‍ തിയേറ്റര്‍' പോലൊരു പ്രൊഡക്ഷന്‍ ഹൗസിന്റെ പ്രസക്തി. ശ്രീനിവാസന്‍ പറഞ്ഞതു പോലെ 'എന്തു സുന്ദരമായ നടക്കാത്ത സ്വപ്നം' എന്നു തോന്നാം. പക്ഷേ, ആ സ്വപ്നസൗധം തരുന്ന ഊര്‍ജ്ജം തന്നെ വളരെ ഏറെയാണ്.

നല്ല സിനിമ എന്ന ആശയം എത്രത്തോളം സ്വീകരിക്കപ്പെടുന്നുണ്ട്, ഇന്റസ്ട്രിക്കകത്തും പുറത്തും?

തിരക്കഥ കഴിഞ്ഞപ്പോള്‍ ഒരു കാര്യം ബോധ്യമായി. വ്യത്യസ്തമായൊരു സിനിമ ചെയ്താല്‍, ഇപ്പറയുന്ന ലക്ഷോപലക്ഷം പ്രേക്ഷകരെയൊന്നും കിട്ടിയില്ലെങ്കിലും അത് തിരിച്ചറിയുന്ന, അംഗീകരിക്കുന്ന ചെറിയൊരു സമൂഹമുണ്ടാവും. അതു മതി. അവരുടെ എണ്ണം വര്‍ധിപ്പിക്കാന്‍ എന്തൊക്കെ ചെയ്യാം എന്നാണ് പിന്നെ ആലോചിക്കാനുള്ളത്. 'കേരളാ കഫേ'യും 'പാലേരി മാണിക്യ'വും അങ്ങനെയാണുണ്ടായത്.

പണം ഒരു പ്രതിബന്ധമാവില്ലേ?

തീര്‍ച്ചയായും. സാമ്പത്തിക ഭദ്രതയുള്ള ഒരു പ്രൊഡക്ഷന്‍ ഹൗസ് ഉണ്ടെങ്കിലേ കാര്യങ്ങള്‍ വിചാരിക്കുന്ന പോലെ നടക്കൂ. എന്റെ അസിസ്റ്റന്റായി നില്‍ക്കുന്ന ഒരു ചെറുപ്പക്കാരന്‍ വന്ന് ഞാനൊരു സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ട് എന്നു പറയുന്നു. അതു വായിച്ച് ഇംപ്രസ്ഡ് ആവുന്ന നിമിഷം, അവന് വേണ്ട ഫണ്ട് കൊടുക്കാന്‍ പറ്റുക. അതാണ് ഞാന്‍ സ്വപ്നം കാണുന്ന പ്രൊഡക്ഷന്‍ ഹൗസ്.

എനിക്കു കിട്ടാവുന്ന വലിയ സാമ്പത്തിക നേട്ടങ്ങള്‍ വേണ്ടെന്നു വെച്ചിട്ടാണ് ഞാന്‍ ഇത്തരം ആലോചനകള്‍ക്കൊത്തു നീങ്ങുന്നത്. ഇപ്പോള്‍ത്തന്നെ, എന്നെത്തേടി നിര്‍മ്മാതാക്കളുടെ ഫോണ്‍ കോളുകള്‍ വരുന്നില്ല. തിയേറ്ററുകളില്‍ ആളെ നിറയ്ക്കുന്ന സിനിമകളല്ല ഇപ്പോള്‍ രഞ്ജിത്തിന്റെ മനസ്സില്‍ എന്നു തിരിച്ചറിഞ്ഞിട്ടാണത്.

അങ്ങനെ വരുമ്പോള്‍ എനിക്കൊരു സിനിമ ചെയ്യണമെങ്കില്‍ ഞാന്‍ തന്നെ ഫണ്ട് കണ്ടെത്തണം. പാലേരി മാണിക്യം കണ്ടു, ഇഷ്ടപ്പെട്ടു, അടുത്ത സിനിമ ഞാന്‍ നിര്‍മ്മിച്ചോളാം എന്നു പറയാന്‍ ഒരു ജനറല്‍ പിക്‌ചേഴ്‌സ് രവിയൊന്നും ഇപ്പോഴില്ല. അതുകൊണ്ട് സ്വാഭാവികമായും എനിക്ക് മമ്മൂട്ടിയേയോ ലാലിനേയോ തന്നെ ആശ്രയിക്കേണ്ടി വരും. അവരുടെ സെന്‍സിബിലിറ്റിയില്‍ എനിക്ക് വിശ്വാസമുള്ളതു കൊണ്ട് എനിക്കവരെ ബോദ്ധ്യപ്പെടുത്താന്‍ പറ്റും. അവരുടെ പ്രാതിനിധ്യമുള്ളതിന്റെ പേരില്‍ ചിലപ്പോള്‍ ഒരു ഫണ്ട് എവിടെ നിന്നെങ്കിലും കിട്ടി എന്നു വരാം.

'തിരക്കഥ' അംഗീകരിക്കപ്പെടുമ്പോഴും മലയാളത്തിന് ഒരവാര്‍ഡ് പോലുമില്ല എന്നത് ദുഖിപ്പിക്കുന്നില്ലേ?

തീര്‍ച്ചയായും. ഇവിടെ ഏറ്റവുമധികം നവീകരണം സംഭവിക്കേണ്ടത് ആര്‍ട്ട് സിനിമക്കാര്‍ എന്നു പറയുന്ന ആളുകള്‍ക്കിടയിലാണ്. അവരില്‍പ്പലരും പുതിയ സിനിമ കാണുന്നില്ല. പുതിയ സിനിമയുടെ ഭാഷയെക്കുറിച്ച് ചിന്തിക്കുന്നില്ല. സൈബര്‍ ലോകത്തിന്റെ കഥ പറയുമ്പോഴും 70-കളുടെ ഭാഷയാണവരുപയോഗിക്കുന്നത്. ബിംബങ്ങള്‍, വന്‍മരങ്ങള്‍ ലോകാവസാനം വരെ എന്നത് മൂഢവിശ്വാസമാണ്. ഒരു ഫിലിം മേക്കര്‍ ഓരോ ദിവസവും സ്വയം നവീകരണം നടത്തിക്കൊണ്ടിരിക്കണം, എല്ലാ അര്‍ത്ഥത്തിലും. നമ്മുടെ ബഹുഭൂരിപക്ഷം പ്രേക്ഷകരും, അവന്റെ കൂടി ബുദ്ധി ആവശ്യപ്പെടുന്ന ഒരിടപാടിനും തയ്യാറല്ലാത്തവരാണ്. അവരെക്കൂടി മാറ്റിയെടുക്കണമെങ്കില്‍ ഇത്തരമൊരു നവീകരണം കൂടിയേ തീരൂ.
Other news in this section
Movie Gallery