ഇന്ത്യയിലെ ദാരിദ്ര്യം ഇത്തവണയും ഓസ്‌കറിന്
Posted on: 04 Feb 2010
ലോസ്ആഞ്ജലിസ്: ഇന്ത്യന്‍ കലാകാരന്മാരും ഇന്ത്യന്‍ സിനിമകളുമില്ലെങ്കിലും ഇന്ത്യയിലെ ദാരിദ്ര്യം ഇത്തവണയും ഓസ്‌കര്‍ പുരസ്‌കാര നിര്‍ണയസമിതിക്കു മുന്നിലെത്തും. അമേരിക്കന്‍ സംവിധായകന്‍ ഗ്രെഗ് ഹെല്‍വിയുടെ ഹിന്ദി സിനിമ 'കാവി' യാണ് ബാലവേലയുടെ കഥയുമായി ഹ്രസ്വ ചിത്ര വിഭാഗത്തില്‍ മത്സരിക്കുന്നത്.
ഇഷ്ടികക്കളത്തില്‍ തൊഴിലെടുക്കുന്ന ബാലന്റെ കഥയാണ് 'കാവി'. സ്‌കൂളില്‍ പോകാനും ക്രിക്കറ്റ് കളിക്കാനുമാണവനിഷ്ടം.
പക്ഷേ, വീട്ടിലെ കഷ്ടപ്പാടുകള്‍ അതിനവനെ അനുവദിക്കുന്നില്ല. ബാലവേലയെ അടിമപ്പണിക്കു തുല്യമായി കാണിക്കുന്ന സിനിമ മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലാണ് ചിത്രീകരിച്ചത്. സൗത്ത് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ വിദ്യാര്‍ഥിയായിരുന്ന ഹെല്‍വിക്കൊപ്പം ഗുനീത് മോംഗയും ഹരീഷ് അമീനുമാണ് 14 ലക്ഷം രൂപ ചെലവില്‍ 'കാവി' നിര്‍മിച്ചത്.
ഹ്രസ്വചിത്ര വിഭാഗത്തില്‍ 'കാവി'ക്കു നാമനിര്‍ദേശം ലഭിച്ച വിവരം ചൊവ്വാഴ്ചയാണ് പ്രഖ്യാപിച്ചത്. മാര്‍ച്ച് ഏഴിനാണ് പുരസ്‌കാര പ്രഖ്യാപനം.
ഇന്ത്യയിലെ ചേരികളുടെ കഥപറഞ്ഞ 'സ്ലംഡോഗ് മില്യണയര്‍' എന്ന ഇംഗ്ലീഷ് സിനിമയാണ് കഴിഞ്ഞവര്‍ഷം ഓസ്‌കറില്‍ പുരസ്‌കാരങ്ങള്‍ കൊയ്തത്. ഡോക്യുമെന്ററി വിഭാഗത്തില്‍ സമ്മാനാര്‍ഹമായ 'സൈ്മല്‍ പിങ്കി'യും ഇന്ത്യയുടെ പശ്ചാത്തലത്തിലായിരുന്നു.