തബുവിനെ നായികയാക്കി നന്ദിതാദാസ് ചിത്രം ഒരുങ്ങുന്നു
Posted on: 31 Jan 2010
കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ ഹിന്ദിസിനിമയില്‍ ശക്തമായ സാന്നിധ്യമറിയിച്ച നടി തബു, നന്ദിതാദാസിന്റെ ചിത്രത്തില്‍ നായികയാവുന്നു. ഇന്തോ -അമേരിക്കന്‍ എഴുത്തുകാരിയായ ചിത്രാ ബാനര്‍ജി ദിവ്കരുണിയുടെ 'ദി വൈന്‍ ഓഫ് ഡിസൈര്‍' എന്ന നോവലാണ് നന്ദിതാദാസ് ചലച്ചിത്രമായി രൂപാന്തരപ്പെടുത്തുന്നത്.
മാച്ചിസ്, അസ്തിത്വ, ചാന്ദ്‌നിബാര്‍ സിനിമകളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളിലൂടെ തിളങ്ങിയ തബുവിന് പുതിയ സിനിമയിലെ വേഷവും അംഗീകാരങ്ങള്‍ കൊണ്ടുവരുമെന്നുറപ്പാണ്. ജുംപാ ലാഹിരിയുടെ 'ദി നെയിം സെയിക്ക്' എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരത്തിലും തബു മിന്നുന്ന പ്രകടനം കാഴ്ചവെച്ചിരുന്നു. പ്രശസ്ത സംവിധായിക മീരാനായരാണ് ഈ ചിത്രം ഒരുക്കിയത്.
രണ്ടു സ്ത്രീകളുടെ സാഹോദര്യത്തിന്റെ കഥപറയുന്ന നോവലായ 'ദി വൈന്‍ ഓഫ് ഡിസൈറി'ന് ചലച്ചിത്ര നിര്‍മാണ അവകാശം ഉടനെ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് നിര്‍മാതാവ് സഞ്ജയ്ഗുപ്ത പറഞ്ഞു. 'ഫിറാഖ്' എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്ത് കഴിവുതെളിയിച്ച വ്യക്തിയാണ് നന്ദിതാദാസ്. നന്ദിതാദാസിനെയും തബുവിനെയും ഒരുമിപ്പിക്കാന്‍ കഴിയുന്നതുതന്നെ ഭാഗ്യമായി കരുതുന്നു- സഞ്ജയ്ഗുപ്ത പറഞ്ഞു. ചിത്രത്തില്‍ തബുവിന്റെ സഹോദരിയുടെ വേഷത്തില്‍ വിദ്യാബാലന്‍ അഭിനയിക്കുന്നുണ്ട്.