ചേട്ടായി, സോറി ഞാന്‍ ഒരു നിമിഷം ജോണ്‍ മത്തായി ആയിപ്പോയി. ജയറാമേട്ടാ എന്റെ ആദ്യത്തെ ചോദ്യം ഇതാണ്. വര്‍ഷങ്ങളായി ജയറാമേട്ടന്‍ ഫിലിം ഫീല്‍ഡില്‍ ഉണ്ട്. മറ്റാര്‍ക്കും അവകാശപ്പെടാനില്ലാത്ത എന്നാല്‍ ജയറാമേട്ടന് മാത്രം സ്വന്തമായ ഒരു നേട്ടത്തെക്കുറിച്ച് പറയാമോ?
ജയറാം: ഒരു നേട്ടത്തെക്കുറിച്ചുമാത്രം എടുത്തുപറയാന്‍ ബുദ്ധിമുട്ടാണ്. എന്നാലും ചോദിച്ച സ്ഥിതിക്ക് പറയാം 23 വര്‍ഷമായി ഞാന്‍ സിനിമാഭിനയം തുടങ്ങിയിട്ട്. അന്ന് തൊട്ട് ഇന്നുവരെ നായകനായി മലയാള സിനിമയില്‍ തിളങ്ങാന്‍ സാധിച്ചു എന്നത് എന്നെ സംബന്ധിച്ച് വലിയനേട്ടമാണ്. മമ്മൂക്കയും ലാലേട്ടനും എല്ലാം വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഹീറോ ആയത്.
ശരി, അങ്ങനെയെങ്കില്‍ ഈ 23 വര്‍ഷം പിന്നിട്ട അഭിനയജീവിതത്തില്‍ ആരൊടെങ്കിലും നന്ദിയും കടപ്പാടുമുണ്ടോ?
ജയറാം: എന്റെ തുടക്കം തന്നെ പത്മരാജന്‍ എന്ന വലിയ ഡയറക്ടറുടെ 'അപരന്‍' എന്ന സിനിമയിലൂടെയാണ്. അതുപോലെ തന്നെ എനിക്കു മികച്ചവേഷങ്ങള്‍ തന്ന എല്ലാ ഡയറക്ടര്‍മാരോടും. പേരെടുത്തു പറയാത്തത് ആരെയെങ്കിലും വിട്ടുപോകുമോ എന്ന ഭയംകൊണ്ടാണ്. പിന്നെ എന്റെയൊപ്പം നിന്ന പ്രേക്ഷകരോട്. ഈശ്വരനോട്. ഏത് ഉയര്‍ച്ചയിലും താഴ്ചയിലും നല്ല സുഹൃത്തായി, ഭാര്യയായി കൂടെയുള്ള അശ്വതി (പാര്‍വതി) യോട്.
ജയറാമേട്ടാ, നിങ്ങള്‍ വീട്ടില്‍ സിനിമാക്കാര്യം ചര്‍ച്ച ചെയ്യാറില്ല എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. അതെന്താ, അങ്ങനെ. സിനിമാക്കാര്യം അത്ര മോശമാണോ?
ജയറാം (പൊട്ടിച്ചിരിക്കുന്നു) വീട്ടില്‍ ഞങ്ങള്‍ സിനിമാക്കാര്യം ചര്‍ച്ച ചെയ്യാറില്ല. അത് പണ്ട് തൊട്ടേ അങ്ങനെയാണ്. സിനിമ ടെന്‍ഷന്‍സൊക്കെ പടിക്കുപുറത്തുവെച്ചാണ് ഞാന്‍ വീട്ടിലെത്തുന്നത്. അവിടെ അശ്വതിക്കും മക്കള്‍ക്കുമൊപ്പം സ്വസ്ഥം ഗൃഹഭരണം.
-മമ്മൂക്ക, ലാലേട്ടന്‍ എന്നിവര്‍ക്കൊപ്പം തന്നെ നിര്‍ത്താന്‍ പറ്റുന്ന താരമാണ് ജയറാമേട്ടനും. ഒരു ഘട്ടത്തില്‍ മലയാളസിനിമാ ഇന്‍ഡസ്ട്രിക്ക് ആശ്വാസമായതും ജയറാം ചിത്രങ്ങളാണ്. പക്ഷേ, വീഴ്ചയുടെ വലിയൊരു ഘട്ടം അഭിമുഖീകരിച്ചപ്പോള്‍ സിനിമയില്‍നിന്നുള്ളവരുടെ പ്രതികരണമെന്തായിരുന്നു.
ജയറാം: പലതും ഞാന്‍ പഠിച്ചു. ശരിക്കു പറഞ്ഞാല്‍ അത്തരം വീഴ്ചകള്‍ ജീവിതത്തില്‍ വല്ലപ്പോഴും സംഭവിക്കണം. എന്നാലേ നമുക്ക് നമ്മളെ തിരിച്ചറിയാന്‍ പറ്റൂ. ആ സമയത്ത് ആശ്വാസമായവര്‍ അധികമില്ല. എന്നു കരുതി ആരേയും കുറ്റപ്പെടുത്തുന്നില്ല. കാരണം അവരുടെ സ്ഥാനത്ത് ഞാന്‍ ആണെങ്കില്‍ കൂടി അങ്ങനെയേ പെരുമാറൂ. ഇപ്പോള്‍ ഞാന്‍ സന്തുഷ്ടനാണ്. പൂര്‍വാധികം ശക്തിയോടെ തിരക്കുകളോടെ തിരിച്ചെത്താന്‍ എനിക്കു സാധിച്ചു.
സിനിമയില്ലാതെ വീട്ടില്‍ ഇരുന്ന സമയത്ത് പാര്‍വതി ചേച്ചി. കുറ്റപ്പെടുത്തിയോ?
ജയറാം - ഒരിക്കലുമില്ല. നല്ല അവസരങ്ങള്‍ നിങ്ങളെ തേടിയെത്തും. അതുവരെ കാത്തിരിക്കൂ എന്നാണ് പറഞ്ഞത്. പണിയില്ലാത്ത ഭര്‍ത്താക്കന്മാരോട് ചില ഭാര്യമാര്‍ പെരുമാറുന്നത് പോലെ ഒരിക്കലും ഒരു നോട്ടംകൊണ്ടുപോലും അവളന്നെ കുറ്റപ്പെടുത്തിയിട്ടില്ല. എന്റെ ഭാഗ്യംതന്നെയാണ് അശ്വതിയെ പോലൊരു ഭാര്യ.
ജയറാമേട്ടന്റെ സുഹൃത്തുക്കള്‍ ആരൊക്കെയാണ്?
ജയറാം - അശ്വതിയാണ് എന്റെ ബെസ്റ്റ് ഫ്രണ്ട്. എവിടെയാണെങ്കിലും ദിവസത്തില്‍ ഒരു പത്ത് തവണ മിനിമം ഞാനവളെ വിളിച്ചിരിക്കും. ഒരിക്കല്‍ ഞാനിങ്ങനെ അവളോട് സംസാരിച്ചുകൊണ്ടിരുന്നപ്പോള്‍ ഇന്ദ്രജിത്തിന് ഒരു സംശയം. ശ്ശെടാ, ഇങ്ങേരിത് ആരോടാ ഇത്രനേരം പഞ്ചാരയടിക്കുന്നേ. വശംകെട്ടപ്പോള്‍ അവന്‍ വന്ന് ചോദിച്ചു ആരാ ലൈനിലെന്ന്. ഞാന്‍ പറഞ്ഞു എന്റെ കാമുകിയാണെന്ന്. അപ്പോള്‍ അതാരെന്നായി ഇന്ദ്രന്‍. നീതന്നെ സംസാരിച്ചു നോക്ക്. എന്തോ വലിയ കാര്യം കണ്ടുപിടിക്കാന്‍ പോകുന്നു എന്ന വിജയഭാവത്തോടെ അവന്‍ ഫോണ്‍ വാങ്ങി. അശ്വതിയാണെന്ന് മനസ്സിലായപ്പോള്‍ പിന്നൊരക്ഷരം മിണ്ടാതെ ഫോണ്‍ എന്റെ കൈയില്‍ തന്ന് ഇഷ്ടന്‍ ഒരൊറ്റ ഓട്ടം.
ജയറാമേട്ടാ, ഞങ്ങളെപോലുള്ള യുവതാരങ്ങള്‍ക്കൊപ്പം അഭിനയിക്കുമ്പോള്‍ *്ൗ്യാവന്ദ തോന്നാറുണ്ടോ?
എന്തിന്. അതിന് എനിക്കു വയസ്സായെന്ന് ആരു പറഞ്ഞു. എന്റെ മകനാണ് എന്റെ മറ്റൊരു അടുത്ത സുഹൃത്ത്. അവന്‍ നിങ്ങളെക്കാള്‍ ചെറുപ്പമാണ്.
അഭിനയിച്ചതില്‍ ഏതെങ്കിലും കഥാപാത്രങ്ങള്‍ വേണ്ടായിരുന്നു എന്ന് പിന്നീട് തോന്നിയിട്ടുണ്ടോ!
ജയറാം- ഒരിക്കലുമില്ല. ഞാന്‍ അഭിനയിച്ച കഥാപാത്രങ്ങള്‍ എല്ലാം 100% സിന്‍സിയറോടെയാണ് അഭിനയിച്ചത്. എനിക്ക് പറ്റും എന്ന് തോന്നിയ കഥാപാത്രങ്ങളാണ് ഞാനിതുവരെ ചെയ്തത്. ഒരു പക്ഷെ പ്രേക്ഷകര്‍ക്ക് അവ പ്രിയപ്പെട്ടതായി തോന്നിയിട്ടുണ്ടാകില്ല. അതവരുടെ താത്പര്യങ്ങള്‍. അവ ഞാന്‍ മാനിക്കുന്നു. ഇപ്പോള്‍ എന്നെ തേടിയെത്തുന്ന സിനിമകളും.
മികച്ച പല കഥാപാത്രങ്ങള്‍ ചെയ്തിട്ടും അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാത്തതില്‍ വിഷമം തോന്നിയിട്ടുണ്ടോ?
ജയറാം-ഇല്ല എന്ന് പറഞ്ഞാല്‍ കള്ളമാകും.കേളി, തീര്‍ത്ഥാടനം, തൂവല്‍ക്കൊട്ടാരം ആ ചിത്രങ്ങള്‍ ചെയ്യുമ്പോഴും പിന്നീട് കണ്ടപ്പോഴും പ്രതീക്ഷയുണ്ടായിരുന്നു. പലരും ഉറപ്പിച്ചതുമാണ് എനിക്ക് അവാര്‍ഡ് ഉണ്ടാകുമെന്ന്. എന്തിന് ജൂറിയിലുള്ളവരില്‍നിന്നു അവസാനനിമിഷംവരെ നിങ്ങള്‍ക്ക്തന്നെയായിരിക്കും എന്ന ഉറപ്പോടുകൂടിയുള്ള വിളി വരെ വന്നിട്ടുണ്ട്. ഫലം പ്രഖ്യാപിക്കുമ്പോള്‍ ഞാനായിരിക്കില്ല എന്നു മാത്രം. ഇപ്പോള്‍ എനിക്കതില്‍ സങ്കടമില്ല. പത്ത് പേര്‍ ചേര്‍ന്ന് അവര്‍ക്ക് തോന്നിയപോലെ തീരുമാനിക്കുന്നു. അംഗീകാരങ്ങളേക്കാള്‍ വലുതാണ് പ്രേക്ഷകരുടെ സ്‌നേഹവും അവര്‍ നല്‍കുന്ന പ്രോത്സാഹനവും. എനിക്ക് അതുമതി ഞാന്‍ ഹാപ്പിയാണ്.
ജയറാം എന്ന നടനും, ജയറാം എന്ന ഹസ്ബന്‍ഡിനും എത്രമാര്‍ക്ക് കൊടുക്കും?
ജയറാം-പാസ് മാര്‍ക്ക് ഉറപ്പാണ്. കൂടുതല്‍ നന്നായി ജയറാം എന്ന നടനെ വിലയിരുത്താന്‍ യോഗ്യത പ്രേക്ഷകര്‍ക്കാണ്. അതുപോലെ ജയറാം എന്ന ഭര്‍ത്താവിനെ നന്നായി മനസ്സിലാക്കിയത് അശ്വതിയും. ഈ ചോദ്യം അവരോട് ചോദിക്കുന്നതാകും നല്ലത്.