IST:
ഹോം കോളിവുഡ്‌

വേവലാതികളില്ലാതെ അനുഷ്‌ക
Posted on: 19 Jan 2010


സിനിമയുടെ വാണിജ്യവിജയത്തെക്കുറിച്ച് വേവലാതിപ്പെട്ടിരിക്കാന്‍ തയ്യാറല്ലെന്ന് നടി അനുഷ്‌ക. തമിഴില്‍ വിജയിന്റെ നായികയായി അഭിനയിച്ച 'വേട്ടൈക്കാരന്‍' നന്നായി സ്വീകരിക്കപ്പെട്ടതിന്റെ സന്തോഷത്തിലാണ് താരം. അനുഷ്‌കയും വിജയും ഒന്നിച്ചു പ്രത്യക്ഷപ്പെടുന്ന രംഗങ്ങളെല്ലാം ആഹ്ലാദത്തോടെയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

ഗാനരംഗങ്ങളിലും ഹാസ്യമുഹൂര്‍ത്തങ്ങളിലുമൊക്കെ വിജയിന്റെ ഒപ്പത്തിനൊപ്പം നില്ക്കുന്ന പ്രകടനമാണ് അനുഷ്‌കയുടേതെന്നാണ് വിലയിരുത്തല്‍. വര്‍ഷങ്ങള്‍ക്കുമുമ്പ് 'രണ്ട്' എന്ന ചിത്രത്തിലൂടെ തമിഴില്‍ അരങ്ങേറ്റം കുറിച്ചപ്പോള്‍, വെറുമൊരു ഗ്ലാമര്‍ നായികയായി മാത്രം അനുഷ്‌കയെ കണ്ടവര്‍ക്കും 'വേട്ടൈക്കാരനി'ലെ സുശീലയെക്കുറിച്ച് നല്ല അഭിപ്രായമാണ്.

വിജയ്ആരാധകരെ തൃപ്തിപ്പെടുത്തുന്ന ചിത്രമെന്ന നിലയില്‍ 'വേട്ടൈക്കാര'ന്റെ ബോകേ്‌സാഫീസ് പ്രകടനം മികച്ചതാണെന്ന വാര്‍ത്ത അനുഷ്‌കയെ സന്തോഷിപ്പിക്കുന്നു. എങ്കിലും, അഭിനേത്രിയെന്ന നിലയില്‍ അക്കാര്യത്തിനല്ല പ്രാധാന്യം നല്കുന്നത്. അഭിനയം തുടര്‍ന്നുകൊണ്ടേയിരിക്കുകയെന്നതാണ് തന്റെ കര്‍ത്തവ്യമെന്ന് താരം വിശദീകരിക്കുന്നു.

സൂര്യയുമൊത്താണ് അനുഷ്‌കയുടെ അടുത്ത തമിഴ് ചിത്രം. അതും 'വേട്ടൈക്കാര'നെപ്പോലെ ഒരു മാസ് എന്റര്‍ടെയ്‌നറാണെന്ന് താരം പറയുന്നു. തമിഴ് ഭാഷ മനസ്സിലാക്കാന്‍ തനിക്കിപ്പോള്‍ കഴിയുന്നുണ്ടെന്നും അനുഷ്‌ക സന്തോഷത്തോടെ വെളിപ്പെടുത്തുന്നു.
കോളിവുഡില്‍ പ്രതിഭയുള്ള നായികമാരുടെ കടുത്ത മത്സരമുണ്ടെന്നതു ശരിതന്നെ. എങ്കിലും എല്ലാവര്‍ക്കും അവസരങ്ങള്‍ കിട്ടാനുള്ള സാധ്യതയും അവിടെയുണ്ട്. മാത്രമല്ല, ആരോഗ്യകരമായ മത്സരം അഭിനേതാക്കളുടെ നിലവാരമുയരുന്നതിനു സഹായകമാണ്-താരം ചൂണ്ടിക്കാട്ടുന്നു.

തമിഴില്‍ വമ്പന്‍നായകര്‍ക്കൊപ്പം അഭിനയിക്കുന്നുവെന്നു വെച്ച്, അനുഷ്‌ക തെലുങ്കിനെ കൈവിട്ടെന്നു കരുതരുത്. നാലു കഥകളുടെ സമാഹാരമായ 'വേദം' എന്ന ചിത്രമാണ് താരം പ്രതീക്ഷയോടെ കാത്തിരിക്കുന്നത്. മഹേഷ്ബാബു നായകനാവുന്ന ചിത്രമാണ് മറ്റൊന്ന്.
തന്റെ ആദ്യമേക്കപ്പ്മാനായ ചന്ദ്ര നിര്‍മിക്കുന്ന 'പഞ്ചാക്ഷരി' എന്ന ചിത്രത്തിലും താരം അഭിനയിക്കുന്നുണ്ട്. എന്നെങ്കിലും സിനിമ നിര്‍മിക്കുമ്പോള്‍ നായികയാവാമെന്ന് അദ്ദേഹത്തിന് അനുഷ്‌ക വാക്കുനല്കിയിരുന്നു. അതു പാലിക്കാന്‍ വേണ്ടി മാത്രമല്ല 'പഞ്ചാക്ഷരി'യില്‍ അഭിനയിക്കുന്നത്. ഗംഭീരമായ തിരക്കഥയാണ് ഈ ചിത്രത്തിന്‍േറതെന്നാണ് അനുഷ്‌ക പറയുന്നത്.

സ്ത്രീകേന്ദ്രീകൃതമായ സിനിമയാണ് 'പഞ്ചാക്ഷരി'. അരുന്ധതി എന്ന ചിത്രത്തില്‍ നായികാപ്രാധാന്യമുള്ള കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് അനുഷ്‌കയ്ക്ക് അതുവരെയുണ്ടായിരുന്ന പ്രതിച്ഛായയില്‍നിന്നു മോചനമായത്. ഇതിലേതും അത്തരത്തിലൊരു മികച്ച വേഷമായിരിക്കുമെന്നാണ് പ്രതീക്ഷ. അതുകൊണ്ടുതന്നെ, 'പഞ്ചാക്ഷരി'യുടെ കാര്യത്തില്‍ താരത്തിനു പ്രത്യേകതാത്പര്യമുണ്ട്.
Other news in this section
Movie Gallery