IST:
ഹോം ഹോളിവുഡ്‌

അവതാറിന് ഗോള്‍ഡന്‍ ഗ്ലോബ്‌സ്: ബ്രിഡ്ജസ് നടന്‍, സാന്ദ്രബുള്ളക്ക് നടി
Posted on: 19 Jan 2010


ലോകമെമ്പാടുമുള്ള തിയേറ്ററുകള്‍ കീഴടക്കി മുന്നേറുന്ന ജയിംസ് കാമറൂണ്‍ ചിത്രം 'അവതാര്‍' രണ്ട് ഗോള്‍ഡന്‍ ഗ്ലോബ്‌സ് പുരസ്‌കാരങ്ങള്‍ നേടി. മികച്ച ചിത്രത്തിനും സംവിധായകനും ഉള്ള പുരസ്‌കാരങ്ങളാണ് ഈ സയന്‍സ് ഫിക്ഷന്‍ ചിത്രം സ്വന്തമാക്കിയത്. ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡിന്റെ

59 വര്‍ഷത്തെ ചരിത്രത്തില്‍ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നേടുന്ന രണ്ടാമത്തെ സയന്‍സ് ഫിക്ഷന്‍ ചിത്രമാണ് 'അവതാര്‍'. ഇതിനുമുമ്പ് 1982-ലാണ് മറ്റൊരു ശാസ്ത്രസാങ്കല്പികചിത്രം മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം ലഭിച്ചത്. 'ഇ.ടി' എന്ന ചിത്രത്തിനായിരുന്നു അത്.

'ക്രേസി ഹാര്‍ട്ട്' എന്ന ചിത്രത്തിലെ അഭിനയത്തിന് ജെഫ് ബ്രിഡ്ജ സ് മികച്ച നടനുള്ള പുരസ്‌കാരം നേടി. 'ദി ബ്ലൈന്‍ഡ് സൈഡ്' എന്ന ചിത്രത്തിലെ പ്രകടനം സാന്ദ്ര ബുള്ളക്കിനെ മികച്ച നടിക്കുള്ള പുരസ്‌കാരത്തിന് അര്‍ഹയാക്കി. കാലിഫോര്‍ണിയയിലെ ബവേര്‍ലി ഹില്‍സിലെ ബവേര്‍ലി ഹില്‍ട്ടണ്‍ ഹോട്ടലില്‍ നടന്ന നിറപ്പകിട്ടാര്‍ന്ന ചടങ്ങിലാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

കോമഡി/മ്യൂസിക്കല്‍ വിഭാഗത്തില്‍ 'ഹാങ്ങോവര്‍' എന്ന ചിത്രമാണ് മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടത്. ഈ വിഭാഗത്തിലെ മികച്ച നടനായി 'ഷെര്‍ലക് ഹോംസി'ലെ റോബര്‍ട്ട് ഡൗണി ജൂനിയര്‍ തിരഞ്ഞെടുക്കപ്പെട്ടു. 'ജൂലി ആന്‍ഡ് ജൂലിയ' എന്ന ചിത്രത്തിലെ അഭിനയത്തിന് മെറില്‍ സ്ട്രിപ്പ് ഈ വിഭാഗത്തിലെ മികച്ച നടിക്കുള്ള പുരസ്‌കാരം നേടി.

'ഇന്‍ ഗ്ലോറിയസ് ബാസ്റ്റേര്‍ഡ്‌സ്' എന്ന ചിത്രത്തിലൂടെ ക്രിസ്റ്റഫ് വാള്‍ട്ട്‌സ് മികച്ച സഹനടനുള്ള പുരസ്‌കാരം നേടി. മോനിക്ക് ആണ് മികച്ച സഹനടി. ചിത്രം 'പ്രഷ്യസ്'.

മികച്ച അനിമേഷന്‍ ചിത്രമായി പീറ്റ് ഡോക്ടര്‍ സംവിധാനം ചെയ്ത 'അപ്' തിരഞ്ഞെടുക്കപ്പെട്ടു. ജര്‍മനിയില്‍നിന്നുള്ള 'ദി വൈറ്റ് റിബണ്‍' എന്ന ചിത്രമാണ് മികച്ച വിദേശസിനിമ. മൈക്കിള്‍ ഹതേക് ആണ് ഈ ചിത്രത്തിന്റെ സംവിധായകന്‍. 'അപ് ഇന്‍ ദ എയര്‍' എന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയ ജാസണ്‍ റെയ്റ്റ്മാനും ഷെല്‍സണ്‍ ടര്‍ണറും മികച്ച തിരക്കഥാകൃത്തുക്കളായി.

'അപ്' എന്ന ചിത്രത്തിന് പശ്ചാത്തലസംഗീതമൊരുക്കിയ 'മൈക്കിള്‍ ഗിയാച്ചിനോ' ഈ വിഭാഗത്തില്‍ പുരസ്‌കാരം നേടി. 'ക്രേസി ഹാര്‍ട്ട്' എന്ന ചിത്രത്തിന് റിയാന്‍ ബിങ്കാം ഒരുക്കിയ ഗാനം മികച്ച ഗാനമായി തിരഞ്ഞെടുക്കപ്പെട്ടു. മികച്ച ടെലിവിഷന്‍ പരിപാടികള്‍ക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങില്‍ പ്രഖ്യാപിച്ചു.

Other news in this section
Movie Gallery