കരിയറിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമ തിയേറ്ററുകളിലെത്തുന്നതിനാല്‍, ഇക്കൊല്ലത്തെ ദീപാവലിക്ക് പ്രകാശമേറുമെന്ന പ്രതീക്ഷയിലായിരുന്നു നടി നമിത. 'ജഗന്മോഹിനി'യുടെ വരവ് ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു താരത്തിന്റെ ആരാധകര്‍. അതിനിടയില്‍ ഓര്‍ക്കാപ്പുറത്ത് മറ്റൊരുചിത്രം തിയേറ്ററിലെത്തുന്നതിന്റെ പ്രയാസത്തിലാണ് നമിത.
വര്‍ഷങ്ങള്‍ക്കുമുമ്പ് നമിത അഭിനയിച്ച തെലുങ്ക്ചിത്രം മൊഴിമാറ്റി തമിഴിലിറങ്ങുന്നതാണ് പാരയായിരിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയില്‍ തുടക്കം കുറിച്ച കാലത്ത് അഭിനയിച്ച 'നായകുഡു' എന്ന ചിത്രമാണ് 'ഇതുതാന്‍ ഡാ സട്ടം' എന്ന പേരില്‍ തമിഴിലെത്തുന്നത്. നമിതയ്ക്ക് ഇപ്പോള്‍ തമിഴിലുള്ള വിപണനമൂല്യംകണ്ടാണ് വര്‍ഷങ്ങള്‍ക്കുശേഷം ഈ ചിത്രം തമിഴിലൊരുക്കുന്നത്.
എന്നാല്‍, 'ജഗന്മോഹിനി' വരുംമുമ്പ് ഈ ചിത്രം തിയേറ്ററിലെത്തുന്നതില്‍ നമിതയ്ക്ക് ഒട്ടും സന്തോഷമില്ല. 'നായകുഡു'വില്‍ തനിക്ക് ഒട്ടും പ്രാധാന്യമില്ലെന്ന കാര്യം അവര്‍ ചൂണ്ടിക്കാണിക്കുന്നു. നായകന്‍ രാജശേഖറിന്റെ ആരാധകരെ തൃപ്തരാക്കാനുദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു 'നായകുഡു'. ചില ഗാനരംഗങ്ങള്‍ക്കുവേണ്ടി മാത്രമാണ് തന്നെ അതില്‍ ഉപയോഗിച്ചിരിക്കുന്നത്.
അത്തരമൊരു ചിത്രം ജഗന്മോഹിനിക്കു മുമ്പേ തിയേറ്ററിലെത്തുന്നത് പ്രേക്ഷകര്‍ക്ക് തെറ്റായധാരണ നല്‍കുമെന്നതാണ് നമിതയെ വിഷമിപ്പിക്കുന്നത്. പോസ്റ്ററുകളില്‍ നമിതയെക്കണ്ട് പ്രതീക്ഷയോടെ തിയേറ്ററിലെത്തുന്നവര്‍ക്ക് നിരാശപ്പെടേണ്ട സ്ഥിതിയുണ്ടായേക്കാം. അങ്ങനെ മോശം അഭിപ്രായമുണ്ടാകുന്നത് 'ജഗന്മോഹിനി'യേയും ബാധിക്കുമല്ലോ. എല്ലാം തന്റെ സമയദോഷമാണെന്നു പരിതപിക്കുന്ന നമിത ആരെയും കുറ്റപ്പെടുത്താന്‍ തുനിയുന്നില്ല.