ഗിന്നസ് നേടിയ കൊച്ചു സംവിധായകന്‍ വന്‍ സിനിമയൊരുക്കുന്നു
Posted on: 06 Oct 2009
10 വയസ്സിനു മുന്‍പ് സിനിമ സംവിധാനം ചെയ്ത് ഏറ്റവും പ്രായംകുറഞ്ഞ സംവിധായകനായി ഗിന്നസ് ബുക്കില്‍ ഇടംനേടിയ മാസ്റ്റര്‍ കിഷന്‍ വമ്പന്‍ കച്ചവട സിനിമയൊരുക്കുന്നു. കിഷന്റെ അച്ഛന്‍ ശ്രീകാന്തിന്റെ ചലച്ചിത്ര നിര്‍മാണകമ്പനിയായ 'കിരണ്‍ മൂവി മേക്കേഴ്‌സ്' ഒരുക്കുന്ന ഈ സിനിമ തമിഴിലും കന്നഡയിലുമായാണ് നിര്‍മിക്കുന്നത്.
പാട്ടും ആട്ടവും സംഘട്ടനവുമെല്ലാമായി ഒരു കച്ചവടസിനിമയുടെ എല്ലാവിധ ചേരുവകളും ചേരുംപടി ചേര്‍ത്താണ് പുതിയ സിനിമ ഒരുക്കുകയെന്ന് കിഷന്‍ പറഞ്ഞു. ഇപ്പോള്‍ 13 വയസ്സുള്ള ബാംഗ്ലൂര്‍ സ്വദേശിയായ കിഷന്‍ 'കെയര്‍ ഓഫ് ഫുട്പാത്ത്' എന്ന സിനിമ സംവിധാനം ചെയ്താണ് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയത്.
''ഒരു സംവിധായകനെന്ന നിലയില്‍ വ്യാപകമായ അംഗീകാരം നേടിയെടുക്കാനാണ് ഈ സിനിമയിലൂടെ ഞാന്‍ ശ്രമിക്കുന്നത്. എന്റെ ആദ്യസിനിമ തന്നെ കച്ചവട വിജയം കൈവരിച്ചിരുന്നു. 10 വയസ്സുതികയുന്നതിന് മുന്‍പ് ഞാനെടുത്ത ഈ സിനിമ പല അന്തര്‍ദേശീയ ചലച്ചിത്ര മേളകളിലും പ്രദര്‍ശിപ്പിച്ചിരുന്നു. ഞാന്‍ തന്നെയെഴുതുന്ന പുതിയ സിനിമയുടെ തിരക്കഥ വളരെ ആവേശകരമാണെന്നാണ് വായിച്ചവര്‍ വിലയിരുത്തിയത്'' -കിഷന്‍ പറഞ്ഞു.
ഒരു ശാസ്ത്രത്രില്ലറിന്റെ സ്വഭാവമുള്ളതാണ് കിഷന്റെ പുതിയ സിനിമയെന്ന് കൊച്ചുസംവിധായകന്റെ അമ്മ ശൃഷ്യല പറഞ്ഞു.