IST:
ഹോം വെബ് സ്‌പെഷ്യല്‍

സലീം കുമുറിന്റെ സ്വന്തം ചിരിവീട്‌
Posted on: 20 May 2009


മലയാള സിനിമയുടെ ചിരിക്കുടുക്ക കുടുംബസമേതം 'ചിരിവീട്ടി'ല്‍ ചേക്കേറി. നര്‍മംവഴി മലയാളികളുടെ ഇഷ്ടതാരമായി മാറിയ സലിംകുമാര്‍ ജന്മനാടായ എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലാണ് വീടുപണിത് താമസമാക്കിയത്. ചിരിയില്‍ നിന്നുയര്‍ന്നുവന്ന താരം സ്വന്തം വീടിന് നല്‍കിയ പേരും രസകരം- 'ലാഫിങ് വില്ല!'

'ഈ വീടിന്റെ ഓരോ കണികയിലും ചിരിയുണ്ട്..., ചിരിപ്പിച്ച് ചിരിപ്പിച്ച് പണിതുയര്‍ത്തിയതാണിത്....' നീണ്ടൂര്‍ രാമന്‍കുളങ്ങരക്ഷേത്രം റോഡരികിലെ 62 സെന്റില്‍ നിര്‍മാണം പൂര്‍ത്തിയായ വീട്ടിലിരുന്ന് സലിംകുമാര്‍ പറഞ്ഞു. 5500 ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഇരുനില വീട് ഇപ്പോള്‍ അതിഥികള്‍ക്കെല്ലാം ഒന്നാന്തരം കാഴ്ചവിരുന്നാണ്. മഴയും വെയിലും നേരെ നടുത്തളത്തില്‍ വീഴുന്ന ഡിസൈന്‍. ആമ്പല്‍ക്കുളവും, വള്ളവും, പുല്‍ത്തകിടിയുമെല്ലാം പുതുതായി ഒരുക്കിയത്. വീടുതാമസം പ്രമാണിച്ച് സൂപ്പര്‍ ചലച്ചിത്രതാരങ്ങളുടെ ശില്പങ്ങള്‍ വേറെ. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ദിലീപ് എന്നിവരെയെല്ലാം കയറ്റി സലിംകുമാര്‍ ജീപ്പ് ഓടിച്ചുപോവുന്ന ശില്പം ഒരുക്കിയത് സുരേഷ് ഡാവിഞ്ചിയാണ്.

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു 'ചിരിവീട്ടി'ലേക്കുള്ള കയറിത്താമസം. ഉച്ചകഴിഞ്ഞ് പൊടിപൂരന്‍ സല്‍ക്കാരവും നടന്നു. നാട്ടുകാര്‍ക്കായുള്ള ആഘോഷമായിരുന്നു വെള്ളിയാഴ്ചത്തേതെന്ന് സലിംകുമാര്‍ പറയുന്നു. ഇതിന് മുന്‍പുവരെ ചിറ്റാറ്റുകരയില്‍ തറവാടായ കൂവപ്പറമ്പില്‍ വീട്ടിലായിരുന്നു അദ്ദേഹം. പുതിയ 'ചിരിവീട്ടി'ലേക്ക് ഭാര്യ സുനിതയും മക്കളായ ചന്തുവും ആരോമലും സലിംകുമാറിനൊപ്പം എത്തിയിട്ടുണ്ട്.

പതിമ്മൂന്ന് വര്‍ഷമായി സലിംകുമാര്‍ സിനിമയിലെത്തിയിട്ട്. വീടിന്റെ പണി അഞ്ചുവര്‍ഷംകൊണ്ടാണ് പൂര്‍ത്തിയാക്കിയത്. 'ഇതു പണി കഴിഞ്ഞതല്ല; താത്കാലിക വെടിനിര്‍ത്തലാണ്.... അല്ലെങ്കില്‍ അടുത്ത മേയിലും പണി തുടര്‍ന്നുകൊണ്ടിരുന്നേനെ....' മാരത്തോണ്‍ വീടുപണിയെക്കുറിച്ച് നര്‍മരൂപേണ സൂചിപ്പിച്ച് അദ്ദേഹം സ്വതസിദ്ധമായ ശൈലിയില്‍ കണ്ണുതള്ളിപ്പിടിച്ച് പൊട്ടിച്ചിരിച്ചു. സലിംകുമാറിന്റെ പുതിയ 'ചിരിവീട്' കാണാന്‍ മമ്മൂട്ടിയും ദിലീപും ജഗദീഷും മന്ത്രി എം.എ. ബേബിയുമൊക്കെ കഴിഞ്ഞദിവസങ്ങളിലായി നീണ്ടൂരില്‍ എത്തിയിരുന്നു.
Other news in this section
Movie Gallery