നായകന്മാരേക്കാള്‍ തിരക്കും ഡിമാന്‍ഡുമുള്ള മധുരക്കാരനായ വടിവേലു എന്ന കറുത്ത മനുഷ്യന്‍ ഇന്ന് തമിഴ് സിനിമയിലെ രാജാവാണ്. ഏതു സൂപ്പര്‍ സ്റ്റാര്‍ അഭിനയിക്കുന്ന ചിത്രമായാലും അതില്‍ വടിവേലുവിനെക്കൂടി ഉള്‍പ്പെടുത്താന്‍ സംവിധായകര്‍ മുതല്‍ വിതരണക്കാര്‍ വരെ മത്സരിക്കുന്നു. കാരണം വടിവേലുവിന്റെ കോമഡിരംഗങ്ങള്‍ക്ക് നഗരങ്ങളിലും ഗ്രാമങ്ങളിലും ഒരേപോലെ കാഴ്ചക്കാരുണ്ട്. ഏതു സിനിമയുടേയും രക്ഷകനായിട്ടാണ് സിനിമാക്കാര്‍ ഈ നടനെക്കാണുന്നത്. 400 ചിത്രങ്ങള്‍ പൂര്‍ത്തിയാക്കികഴിഞ്ഞ ഈ നടന്റെ ഓരോ ദിവസത്തിനും ഇപ്പോള്‍ ലക്ഷങ്ങളുടെ വിലയാണ്. ഒരു ദിവസത്തിനെ അഭിനയത്തിന് അഞ്ചും ആറും ലക്ഷംവരെ പ്രതിഫലം വാങ്ങുന്ന വടിവേലു നാലഞ്ചുദിവസങ്ങള്‍ വീതമാണ് ഓരോ ചിത്രത്തിനുമായി കൊടുക്കുന്നത്. ഓരോ വര്‍ഷവും ഏറ്റവും കൂടുതല്‍ ചിത്രങ്ങളില്‍ അഭിനയിക്കുന്ന ഈ നടന്‍ കഴിഞ്ഞ പത്തുവര്‍ഷമായി തമിഴ് സിനിമയുടെ അവിഭാജ്യഘടകമാണ്. എന്‍.എസ്.കൃഷ്ണന്‍, ചന്ദ്രബാബു, തേങ്കായ് ശ്രീനിവാസന്‍ എന്നിവര്‍ക്കുശേഷം ശെന്തില്‍-കൗണ്ടമണി സംഘം ഹാസ്യരംഗം അടക്കിവാണിരുന്ന കാലത്താണ് വടിവേലു ചെറിയ കോമഡിവേഷങ്ങളുമായി അരങ്ങേറ്റം കുറിച്ചത്. വിവേകും അപ്പോഴേക്കും ഹാസ്യരംഗത്ത് ശക്തനായികഴിഞ്ഞിരുന്നു. ഇവര്‍ക്കിടയിലൂടെയാണ്, വളരെ കഷ്ടപ്പാടുകള്‍ നിറഞ്ഞ ഒരു കുടുംബ പശ്ചാത്തലത്തില്‍ നിന്നും യാതൊരു അഭിനയപാരമ്പര്യവുമില്ലാത്ത സാധാരണക്കാരനും തികഞ്ഞ ഗ്രാമീണനായ വടിവേലു അനേകലക്ഷങ്ങളെ ചിരിപ്പിച്ചുകൊണ്ട് 'വൈഗേ പുയലും' 'കറുപ്പു നാഗേഷു'മായി പേരെടുത്ത് ഹാസ്യരംഗത്ത് സിനിമയില്‍ ഒന്നിമനായി.
മധുരയിലെ വൈഗ നദിക്കരയിലാണ് വടിവേലുവിന്റെ കുട്ടിക്കാലം. ആ നദിക്കരയിലാണ് കൂട്ടുകാരോടൊപ്പം പാട്ടും തമാശകളുമായി വടിവേലു ആദ്യ അരങ്ങേറ്റം നടത്തിയത്. എം.ജി.ആര്‍ സിനിമകളിലെ പഴയ ഗാനങ്ങള്‍ പാടി കൂട്ടുകാരെ രസിപ്പിച്ചതും അവിടെ വെച്ചുതന്നെ. വളരെ പാവപ്പെട്ട കുടുംബപശ്ചാത്തലമായിരുന്നു ഈ നടന്റേത്. നടരാജപിള്ളയുടെയും സരോജിനിഅമ്മയുടെയും ആറുമക്കളില്‍ മൂത്തയാള്‍. കൂലിവേലയും ഗ്ലാസുകടയിലെ പണിയുമായി കഷ്ടപ്പെട്ടിട്ടും നടരാജപിള്ള കുടുംബത്തെ പട്ടിണിയില്‍നിന്നും രക്ഷപ്പെടുത്താന്‍ ക്ലേശിച്ചു. കാരണം സ്വന്തമായി വീടില്ല. വാടകവീട്ടിലെ താമസത്തില്‍ ആറുമക്കള്‍ക്കും ഭാര്യക്കുമൊപ്പം തന്റേയും ഭാര്യയുടെയും അച്ഛനന്മമാര്‍, സഹോദരി, സഹോദരിയുടെ മകള്‍ ഇങ്ങനെ അംഗങ്ങള്‍ ഏറെയായിരുന്നു. അതുകൊണ്ട് മറ്റൊരു നിവര്‍ത്തിയുമില്ലാത്തതുകൊണ്ട് വടിവേലു ആറാം ക്ലാസ്സില്‍വെച്ചു പഠിപ്പുനിറുത്തി അച്ഛനെ സഹായിക്കാന്‍ ജോലിക്കിറങ്ങി.
'കൂടുതല്‍ പഠിക്കണം കോളേജില്‍ പോകണമെന്നൊക്കെ മോഹമുണ്ടായിരുന്നു. അച്ഛന്‍ പകലന്തിയോളം കഷ്ടപ്പെടുന്നതു കണ്ടിട്ട് അമ്മ തന്നെയാണ് എന്നോടും പണിപഠിക്കാന്‍ പറഞ്ഞത്. അച്ഛന്റെ കൂടെനിന്ന് കുട്ടിക്കാലത്തു തന്നെ ഗഌസ് മുറിക്കുന്ന പണികള്‍ പഠിച്ച് ഞാന്‍ പിന്നീട് അനിയന്മാരോടൊപ്പം സേലത്തെ ഒരു വലിയ ഗ്ലാസുവില്പനകടയില്‍ ജോലിക്കു ചേര്‍ന്നു. അലമാരകള്‍, ഷോകേസുകള്‍, വാഹനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമുള്ള കണ്ണാടികള്‍ കൃത്യമായ അളവില്‍ മുറിച്ചുകൊടുക്കുണം. അളവനുസരിച്ചു മുറിക്കുന്നത് എളുപ്പം പണിയല്ല. സര്‍ക്കസ്സില്‍ നിലതെറ്റിയാല്‍ മരണം എന്നു പറയുന്നതുപോലെ ഇതില്‍ കണ്ണുതെറ്റിയാല്‍ ചോരയാണ്. എന്റെ ശരീരത്തില്‍ ഗഌസുതട്ടി പലയിടത്തും മുറിഞ്ഞ പാടുകള്‍ ഇപ്പോഴും മാഞ്ഞിട്ടില്ല. രാവിലെ ഏഴുമണിമുതല്‍ സന്ധ്യവരെ പണിയെടുത്താല്‍ 40 രൂപയാണ് കൂലി. രാവിലെ പണിക്കുവരുമ്പോള്‍ തന്നെ 10 രൂപ അഡ്വാന്‍സുവാങ്ങി അരിമേടിക്കാന്‍ വീട്ടില്‍ കൊടുക്കും. ഇതിനിടയ്ക്ക് കണ്ണാടി മുറിക്കുമ്പോള്‍ ഉടയുകയോ അളവുതെറ്റുകയോ ചെയ്താല്‍ കാശുമുടങ്ങും. ചില സമയങ്ങളില്‍ കാര്‍ഡ്‌ബോര്‍ഡു മുറിക്കുന്ന പണിയുമുണ്ടാകും. അതു മുറിക്കുമ്പോള്‍ വായിലും മൂക്കിലും എല്ലാം പൊടി കയറും.
എന്റെ ഒരനിയന് ഇങ്ങനെ ആസ്മവരെ പിടിച്ചു. ഈ പണിയില്ലാത്ത സമയങ്ങളില്‍ മറ്റെന്തെങ്കിലും കൂലിപ്പണിക്കു പോകും. ഒന്നല്ല...രണ്ടല്ല... ഇങ്ങനെ 13 വര്‍ഷം ജോലിചെയ്തു. ഒരു ദിവസം പണിക്കുപോയ അച്ഛന്‍ നെഞ്ചുവേദന എന്നുപറഞ്ഞു വീട്ടില്‍ വന്നു. ആസ്പത്രിയില്‍ കൊണ്ടുപോയപ്പോള്‍ ഓപ്പറേഷന്‍ ഉടനെ വേണമെന്ന് ഡോക്ടര്‍മാര്‍. അതിന് ഒരു ലക്ഷംരൂപയോളം ചെലവുവരും .ഒടുവില്‍ ഓപ്പറേഷനില്ലാതെ അച്ഛന്‍ മരിച്ചു. രാത്രിസമയങ്ങളില്‍ ഞാന്‍ കൂട്ടുകാരോടൊപ്പം വൈഗേ നദിക്കരയില്‍ പോയിരിക്കുക പണ്ടേ പതിവാണ്. അവിടെവെച്ച് അവരുടെ മുമ്പില്‍ തമാശകള്‍ കാട്ടുക ഓരോരുത്തരെ അനുകരിച്ചുകാട്ടുക മിമിക്രി കാണിക്കുക തുടങ്ങിയ കലാപരിപാടികള്‍ നടക്കും. പാട്ടുപാടലും സ്ഥിരം പരിപാടിയായിരുന്നു. പഠിക്കാന്‍ മിടുക്കനല്ലായിരുന്നെങ്കിലും പാട്ടുപാടാനും നാടകം കളിക്കാനുമൊക്കെ ചെറിയപ്രായത്തിലെ വലിയ താല്പര്യമായിരുന്നു. കൂട്ടുകാരോടൊത്തായിരുന്നു നാടകപരിപാടികള്‍. കുറച്ചു നാടകങ്ങളിലൊക്കെ അഭിനയിച്ചപ്പോള്‍,അഭിനയം കൊള്ളാം സിനിമയില്‍ കയറിയാല്‍ നല്ല നടനാകുമെന്നൊക്കെ കൂട്ടുകാര്‍ പറഞ്ഞു വിശ്വസിപ്പിച്ചു. സിനിമകാണുന്നത് ഇഷ്ടമുള്ള ഞാന്‍ അന്ന് എം.ജി.ആറിന്റെ വലിയ ആരാധകനായിരുന്നു. കൂട്ടുകാര്‍ കൂടെ കൂടെ സിനിമയില്‍ അഭിനയിക്കണമെന്നൊക്കെ പറഞ്ഞപ്പോള്‍ എനിക്കും കുറേശേ അങ്ങനെയൊരു മോഹം തോന്നി. അക്കാലത്ത് ചന്ദ്രബാബുവായിരുന്നു എന്റെ ഇഷ്ട ഹാസ്യനടന്‍.'
വടിവേലുവിന്റെ ഈ നാട്ടുമ്പുറ തമാശകള്‍ക്ക് സിനിമയില്‍ മാര്‍ക്കറ്റുണ്ടാകുമെന്ന് കൂട്ടുകാരുപോലും അന്നു സത്യത്തില്‍ കരുതിയിരുന്നില്ല. ഒരു ദിവസം പലിശക്കു പണം കടം വാങ്ങി വടിവേലു സിനിമാമോഹവുമായി മദ്രാസിനു വണ്ടി കയറി,1986 ലാണിത്. പല സിനിമാകമ്പനികളിലും പോയി ചാന്‍സുചോദിച്ചു. നിനക്കെന്തറിയാം എന്ന അവരുടെ ചോദ്യത്തിനു മറുപടി കോമഡികാണിക്കാനറിയാം എന്നുപറഞ്ഞ് തനിക്കറിയാവുന്ന കാര്യങ്ങളെല്ലാം കാണിച്ചുകൊടുത്തു. നിലത്തുകിടന്നു നീന്തി, ഒറ്റക്കാലില്‍ നടന്നു, പിച്ചക്കാരനായി,പാട്ടുകാരനായി, ശബ്ദങ്ങള്‍ അനുകരിച്ചു ഇങ്ങനെ ഓരോ കമ്പനി ഓഫീസിലും ഗ്രാമത്തിലെ കൂട്ടുകാരുടെ മുമ്പില്‍ കാണിച്ചിട്ടുള്ള കലാപരിപാടികള്‍ മാറിമാറി കാണിച്ചു നടന്നിട്ടും മെച്ചമുണ്ടായില്ല. കൈയിലുണ്ടായിരുന്ന കാശു പോയി കടക്കാരനാവുകയും ചെയ്തു. എന്നാല്‍ വീണ്ടും ഗ്രാമത്തില്‍ എത്തി പഴയതൊഴിലുമായി കഴിഞ്ഞപ്പോഴും വടിവേലുവിന്റെ മനസ്സില്‍ സിനിമാമോഹം അണഞ്ഞിരുന്നില്ല. കൂട്ടുകാര്‍ക്കും ഇത് അറിയാമായിരുന്നെങ്കിലും അവര്‍ നിസ്സഹയാരായിരുന്നു.
തികച്ചും യാദൃശ്ചികമെന്നോ ഈശ്വര്യനിശ്ചയെമെന്നോ പറയാം. ഒരു ദിവസം നദിക്കരയിലെ പതിവു കൂട്ടുചേരലിനിടെ ജഗദീശന്‍ എന്ന സ്നേഹിതന്‍ പറഞ്ഞു അയാളുടെ മറ്റൊരു കൂട്ടുകാരനായ അയ്യനാറുടെ വീട്ടില്‍ ഒരു കല്യാണത്തില്‍ പങ്കെടുക്കാന്‍ ഡയറക്ടര്‍ രാജ്കിരണ്‍ വരുന്നുവെന്ന്. സിനിമാസംവിധായകനെ നേരില്‍ പരിചയപ്പെടാന്‍ ഇതു നല്ലൊരു ചാന്‍സാണ് എന്ന് വടിവേലുവിനുതോന്നി. കല്യാണത്തിരക്കൊഴിഞ്ഞപ്പോള്‍ അയ്യനാര്‍ തന്നെ വടിവേലുവിനെ രാജ്കിരണിനു പരിചയപ്പെടുത്തി കൊടുത്ത് സിനിമയില്‍ കേറാന്‍ വലിയ താല്പര്യമുള്ള ആളാണെന്നു പറഞ്ഞു . സിനിമയില്‍ കേറാന്‍ സഹായിക്കണമെന്ന് വടിവേലുവും അപേക്ഷിച്ചപ്പോള്‍ 'നിനക്കെന്തറിയാം' എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.
'കോമഡി കാണിക്കും' സംശയിക്കാതെ പറഞ്ഞു.
'പത്തുപേരെ ചിരിപ്പിക്കാന്‍ കഴിയുന്നതാണ് കോമഡി.ഞങ്ങളെ നിന്റെ കോമഡിയൊക്കെ
ഒന്നു കാണിച്ച് ചിരിപ്പിക്ക്.'
അതുകേള്‍ക്കേണ്ട താമസം വടിവേലു മനസ്സില്‍ മധുരമീനാക്ഷിദേവിയെ വന്ദിച്ചുകൊണ്ട് തനിക്കറിയാവുന്ന കോമഡികാര്യങ്ങളെല്ലാം കാണിച്ചു. അതുകണ്ട് എല്ലാവരും ചിരിക്കുകയും ചെയ്തു.
'നീ മദ്രാസിലുവന്ന് എന്നെ കാണ്' എന്നുപറഞ്ഞ് അദ്ദേഹം എഴുന്നേറ്റപ്പോള്‍ വടിവേലു തലചൊറിഞ്ഞുകൊണ്ട് ക്ഷമാപണസ്വരത്തില്‍ പറഞ്ഞു.
'സാര്‍... മദ്രാസിലുവന്നാല്‍ എനിക്കു താമസിക്കാനൊന്നും സ്ഥലമില്ല, ലോഡ്ജ്‌യൊക്കെ എടുത്തുതാമസിക്കാനും മറ്റും...'...'
'നീ വാ ബാക്കിയെല്ലാം ഞാന്‍ നോക്കികൊള്ളാം'
എന്നു പറഞ്ഞതോടെ വടിവേലുവിനു സന്തോഷമായി. അടുത്തദിവസം തന്നെ എല്ലാവരോടും യാത്രപറഞ്ഞ് പണം കടം വാങ്ങി മദ്രാസിനു വണ്ടികേറി.
'രാജ്കിരണ്‍ സാറിന്റെ ഓഫീസിലായിരുന്നു താമസം. എന്തെങ്കിലും അവസരം കിട്ടുന്നതുവരെ അവിടെ താമസിക്കാനും ഓഫീസ്‌ബോയിയായി ജോലിചെയ്യാനും തുടങ്ങി. ഇതിനിടയില്‍ എല്ലാ സിനിമാ സ്റ്റുഡിയോയുകളും ഓഫീസുകളും കേറിയിറങ്ങി ചാന്‍സുചോദിക്കും. പല ഓഫീസുകളിലും കോമഡി അറിയാമെന്നു പറയുമ്പോള്‍ കാണിക്കാന്‍ പറയും. എല്ലാം കണ്ടുകഴിയുമ്പോള്‍ നീ രണ്ടുമാസം കഴിഞ്ഞു വാ, ഞങ്ങളൊന്ന് ആലോചിക്കട്ടേ എന്നൊക്കെയുള്ള സ്ഥിരം മറുപടി. എന്റെ ഈ അലച്ചില്‍ സാറിനറിയാമായിരുന്നു. ഇങ്ങനെ കുറെനാള്‍ കഴിഞ്ഞപ്പോള്‍ ഒരു ദിവസം രാജ്കിരണ്‍സാറിന്റെ ശുപാര്‍ശയില്‍ 'എല്ലാമേ എന്‍ രാശാ' എന്ന പടത്തില്‍ ആദ്യമായി ചാന്‍സുകിട്ടി. ദിണ്ടുക്കല്‍ പിത്താളപ്പട്ടി ഗ്രാമത്തില്‍ വെച്ചാണ് ഞാന്‍ ആദ്യമായി ക്യാമറയ്ക്കുമുന്നില്‍ നിന്നത്. 'അതെന്നാ നീയാരെയും മതിക്കറതുഇല്ലെ..' ഇതായിരുന്നു ഞാന്‍ എന്റെ ആദ്യ ഡയലോഗ്. ഇപ്പോഴും അതു മറന്നിട്ടില്ല. അതില്‍ എനിക്കൊരു പാട്ടുമുണ്ട്. 'എട്ടണാ ഇരുന്താ എട്ടൂരു....' എന്ന പാട്ടിലൂടെ അതുവരെ വൈഗേ നദി മാത്രം പലരാത്രികളിലും കേട്ടിട്ടുള്ള എന്റെ ശബ്ദം തമിഴ്‌നാടുമഴുവനും കേട്ടു. ഈ പടത്തിന്റെ ഷൂട്ടിംഗ് കഴിഞ്ഞ ഉടനെ ഞാന്‍ അമ്മയുടെ മുമ്പിലെത്തി.' ഒടുവില്‍ നീ സിനിമയില്‍ അഭിനയിച്ചോടാ ..' എന്നു പറഞ്ഞ് അമ്മ നിറഞ്ഞ കണ്ണുകളോടെ എന്നെ കെട്ടിപ്പിടിച്ചതു മറക്കാന്‍ പറ്റില്ല.'
വിവേകിനൊപ്പമായിരുന്നു വടിവേലു ആദ്യം കുറേ ചിത്രങ്ങളില്‍ അഭിനയിച്ചത്. 'നന്തനവനത്തേര്' 'ചെല്ലക്കണ്ണ്' തുടങ്ങിയചിത്രങ്ങളിലൂടെ ഇടയ്ക്കിടെ അഭിനയം തുടര്‍ന്നുവെങ്കിലും വടിവേലു എന്ന നടന് ആ രംഗത്ത് ഒരു വ്യക്തിത്വം ഉറപ്പിക്കാന്‍ കഴിഞ്ഞത് മലയാളിയായ സംവിധായകന്‍ ഭരതന്റെ സഹായത്താലാണ്. ഭരതന്‍ സംവിധാനം ചെയ്ത 'തേവര്‍ മകന്‍' എന്ന ചിത്രത്തിലെ വടിവേലുവിന്റെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. വടിവേലുവിന് ആ ചിത്രം അഭിനയരംഗത്ത് ഒരു മേല്‍വിലാസമണ്ടാക്കിക്കൊടുത്തു. 'ശിങ്കാരവേലന്‍', 'വെറ്റ്‌റികൊടികെട്ട്' എന്നിവയിലും ശോഭിക്കാന്‍ കഴിഞ്ഞ ഈ നടന് 'കാതലന്‍' എന്ന ചിത്രത്തോടെ കൂടുതല്‍ പ്രധാനപ്പെട്ട റോളു ലഭിക്കുകയും കോമഡിരംഗത്തു കരുത്തുതെളിയിക്കുകവാനും കഴിഞ്ഞു. പിന്നെ തുടര്‍ച്ചയായി ചിത്രങ്ങള്‍ കിട്ടി അതിലെല്ലാം അടിക്കടി മുന്നേറാനും കഴിഞ്ഞു.
ഗ്രാമീണസ്വഭാവമുള്ള സംഭവങ്ങളാണ് വടിവേലു ആദ്യം അവതരിപ്പിച്ചു പോന്നത്. റോഡിലോ ഏതെങ്കിലും കവലയിലോ കടയിലോ ബസ്‌സ്റ്റോപ്പിലോ ഒക്കെ കാണാവുന്ന തമാശകളായിരുന്നു അത്. നല്ല ഉദ്ദേശത്തോടെ എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ ചില സാഹചര്യങ്ങളിലാലോ വ്യക്തികളാലോ അബദ്ധത്തില്‍ പെട്ടുണ്ടാകുന്ന അക്കിടികളാണ് വടിവേലുവിന്റെ ഹാസ്യരംഗങ്ങളില്‍ അധികവും. മധുര ശൈലിയിലുള്ള ഡയലോഗുകളും പ്രത്യേകശരീര ശൈലിയും മണ്ടത്തരങ്ങളില്‍ പെട്ടുപോകുന്ന നാട്ടുമ്പുറത്തുകാരന്റെ നിസ്സഹായതയും എല്ലാം ഒത്തു ചേര്‍ന്നപ്പോള്‍ വടിവേലു എന്ന നടന്‍ എല്ലാവിഭാഗം പ്രേക്ഷകരുടേയും പ്രിയം നേടിയെടുത്തു.
'കഥയോടുചേര്‍ന്നുവരുന്ന കോമഡിയാണ് സിനിമക്കു വേണ്ടത്. പക്ഷേ തുടക്കത്തില്‍ അങ്ങനെയല്ലാത്ത, കോമഡിക്കുവേണ്ടിയുള്ള കോമഡി രംഗങ്ങളും ഞാന്‍ ധാരാളം ചെയ്തിരുന്നു. നീ വെറും കോമഡി നടന്‍ മാത്രമല്ല ക്യാരക്ടര്‍ ആര്‍ട്ടിസ്റ്റുകൂടിയാണ് എന്ന് തേവര്‍ മകന്‍ പടത്തിന്റെ സമയത്ത് ശിവാജിസാര്‍ പറഞ്ഞത് എനിക്ക് കിട്ടിയ ഏറ്റവും വലിയ അംഗീകാരമായിരുന്നു. വെളിയില്‍ റോഡില്‍ നടക്കുന്ന സംഭവങ്ങളെ അതേപോലെ കോമഡിയായി ചെയ്യുന്നതാണ് എന്റെ രീതി. ഈ ആക്ഷേപങ്ങള്‍, കളിയാക്കല്‍, മണ്ടത്തരങ്ങള്‍ ഇതൊക്കെ തന്നെയാണ് ഈ ഞാന്‍. ലോകത്തു പകുതിപേരും എന്നെപ്പോലെ അബദ്ധങ്ങളില്‍ പെട്ട് എപ്പോഴെങ്കിലുമൊക്കെ നാണം കെടുന്നവരായിരിക്കും. ഒരോ തെരുവിലൂം എവിടേയും ഒുന്നുരണ്ടു വടിവേലുമാരെങ്കിലുമുണ്ടായിരിക്കും. എന്‍.എസ്.കൃഷ്ണന്‍, ചന്ദ്രബാബു, തങ്കവേലു, നാഗേഷ് ഈ കോമഡിനടന്മാരുടെ നിരയില്‍ ഞാനും നില്‍ക്കണമെന്നാണ് ആഗ്രഹം'.
കഴിഞ്ഞ എട്ടുവര്‍ഷമായി വടിവേലു സൂപ്പര്‍സ്റ്റാര്‍ ചിത്രങ്ങളിലും ഒഴിച്ചുകൂടാനാവാത്ത നടനാണ്. രജനികാന്ത്, കമലാഹാസന്‍, വിജയ്, സത്യരാജ്, തുടങ്ങി പുതിയനായകന്മാരുടെ പടങ്ങളില്‍ വരെ വടിവേലുവിനും പ്രധാന റോളുണ്ട്. ' ചന്ദ്രമുഖി' എന്ന രജനിചിത്രം വടിവേലുവന്റെ മാര്‍ക്കറ്റ് വീണ്ടും ഉയര്‍ത്തുകയും ചെയ്തു.
'ഒരുദിവസം ചിമ്പുദേവന്‍ എന്ന ഡയറക്ടര്‍ എന്റെ ഓഫീസില്‍ കഥപറയാന്‍ വന്നു. രാജാവിന്റെ കാലത്തെ കഥയാണെന്നറിഞ്ഞപ്പോഴേക്കും കേള്‍ക്കാന്‍ പോലും തയ്യാറാകാതെ ഞാന്‍ ഒഴിഞ്ഞു. പക്ഷേ ആ പുതിയ ഡയറക്ടര്‍ എന്നെ വിട്ടില്ല. വീണ്ടും പലതവണ വന്നു. ഒടുവില്‍ കഥകേട്ടു. രാജാവായ നായകന്റെ വേഷം എനിക്ക്. കുതിരപ്പുറത്തു സഞ്ചരിക്കണം, വാള്‍പ്പയറ്റുനടത്തണം എന്നൊക്കെ കേട്ടപ്പോള്‍ ആദ്യം അത്തരം ഒരു നായകനായി അഭിനയിക്കുന്നത് അബദ്ധമാകുമെന്നു തോന്നി. കാരണം ഞാന്‍ സീരിയസ്സായി അഭിനയിച്ചാലും അതുകണ്ട് ജനങ്ങള്‍ ചിരിക്കുകയേയുള്ളു. അതുകൊണ്ട് ആ കഥാപാത്രം ചെയ്താല്‍ ചീത്തപ്പേരുണ്ടാവുമെന്ന് സംശയിച്ചു. എന്നെവെച്ച് ഇങ്ങനെ ഒരു പടം നിര്‍മ്മിക്കുന്നത് സംവിധായകന്‍ ശങ്കറാണെന്നറിഞ്ഞപ്പോള്‍ അല്പം ധൈര്യം തോന്നി. എന്റെ അഭിനയം കണ്ട് ആളുകള്‍ ചിരിച്ചാലും കുഴപ്പമില്ലെന്ന് ഡയറക്ടറും പ്രൊഡൂസറും ധൈര്യം തരികയും ചെയ്തു.'
അങ്ങനെയാണ് വടിവേലു ആദ്യമായി നായകനായി അഭിനയിച്ച 'ഇംശെ അരശന്‍ 23ാം പുലികേശി' എന്ന ചിത്രം വന്നത്. ശുദ്ധമായ കോമഡി പശ്ചാത്തലത്തിലുള്ള ഈ ചിത്രം സൂപ്പര്‍ ഹിറ്റായതോടെ തമിഴ് സിനിമയില്‍ വടിവേലു താരമായി മാറി. തുടര്‍ന്ന ് നിരവധി ചിത്രങ്ങളില്‍ നായകനാകാന്‍ വിളിച്ചെങ്കിലും വടിവേലു കോമഡി നടനായി തുടരാനാണ് താല്പര്യം കാട്ടിയത്. എന്നിട്ടും ചില അടുത്ത സുഹൃത്തുകളുടെ നിര്‍ബന്ധത്തിനുവഴങ്ങി വീണ്ടും 'ഇന്ദ്രലോകത്തില്‍ നാ അഴകപ്പന്‍' എന്ന പടത്തില്‍ നായകനായി അഭിനയിച്ചെങ്കിലും അതു വിജയമായില്ല. എങ്കിലും താന്‍ വെറും കോമാളി നടന്‍ മാത്രമല്ല എന്ന് 15 വര്‍ഷത്തെ അഭിനയ ജീവിതത്തിനിടയ്ക്കു തെളിയിക്കാന്‍ ഇവയിലൂടെ വടിവേലുവിനു കഴിഞ്ഞു. ഹാസ്യനടന്‍ എന്ന നിലയില്‍ ഏറ്റവും തിരക്കുള്ള ഏറ്റവും പ്രതിഫലം വാങ്ങുന്ന നടനായി മാറുവാനും ഇതൊക്കെ അവസരമുണ്ടാക്കി.
'ജനങ്ങള്‍ ചിരിക്കണം, അവര്‍ക്ക് ഉപദേശങ്ങള്‍ കൊടുത്ത് കഷ്ടപ്പെടുത്തി ചിരിപ്പിക്കണ്ട. ഉപദേശം ഒന്നും കൊടുക്കാന്‍ എനിക്കു കെല്പില്ല. ഓരോ ചിത്രത്തിലും സംവിധായകന്‍ നല്‍കുന്ന സ്വാതന്ത്യത്തിനപ്പുറത്തേക്കു ഞാനൊന്നും ചെയ്യാറില്ല. പലതും സ്ലാപ്പ്സ്റ്റിക്ക് കോമഡിയാണെങ്കിലും നല്ലവണ്ണം ഹോം വര്‍ക്കു ചെയ്തിട്ടാണ് ചെയ്യാറുള്ളത്. എനിക്ക് അഭിനയമല്ലാതെ ഒരു പിണ്ണാക്കും അറിയില്ല. അതുകൊണ്ട് സംവിധാനം, നിര്‍മ്മാണം ഇവയെപ്പറ്റിയൊന്നും ഞാന്‍ ചിന്തിക്കാറുമില്ല. എനിക്ക് രണ്ട് അമ്മമാരാണ് ഉള്ളത്. ഒന്ന് മധുരമീനാക്ഷിഅമ്മ, മറ്റൊന്ന് എന്റെ പെറ്റമ്മ അവരുടെ അനുഗ്രഹം മാത്രമാണ് എന്നെ ഈ നിലയിലെത്തിച്ചത്.'
സ്വന്തമായി രാഷ്ടീയ കക്ഷിരൂപികരിച്ച നടന്‍ വിജയകാന്തിനെപ്പറ്റി വടിവേലു നടത്തിയ ചില അഭിപ്രായപ്രകടനം കഴിഞ്ഞവര്‍ഷം വിവാദമാകുകയുണ്ടായി. ഇതിന്റെ പ്രതികരണമെന്നോണം സാലിഗ്രാമത്തിലുള്ള വടിവേലുവിന്റെ വീടിനുനേരെ ഒരുസംഘം ആളുകള്‍ അക്രമം നടത്തുകയും അതിനെച്ചൊല്ലി കേസുകളും മറ്റുമുണ്ടായി.നടന്‍ അജിത്തുമായി ചില തെറ്റിദ്ധാരണകളുണ്ടായി. എന്നാല്‍ വടിവേലുവിന്റെ തിരക്ക് ഓരോ സിനിമ കഴിയുമ്പോഴും കൂടികൂടി വന്നു. ഇനി ഒരു ജന്മമുണ്ടെങ്കില്‍ വീണ്ടും ഹാസ്യനടനായിതന്നെ ജീവിക്കണമെന്നു കരുതുന്ന വടിവേലു വലിയ വിശ്വാസിയാണ്. ശകുനം ജാതകം നിമിത്തങ്ങള്‍ ഇവയിലിലെല്ലാം മുറുകെപിടിക്കുന്ന ഈ നടന്‍ വേഷത്തിലും വ്യത്യസ്തനാണ്. തിങ്കളാഴ്ച ചുവപ്പ്, വ്യാഴാഴ്ച മഞ്ഞ, ശനിയാഴ്ച കറുപ്പ് എന്നിങ്ങനെയാണ് വേഷം ധരിക്കുക.എന്തായാലും ഇന്ന് തമിഴ് കമേഴ്‌സ്യല്‍ സിനിമയുടെ മുഖ്യ ആകര്‍ഷണമാണ് ഈ നടന്‍.
ശ്രീരാജ്