എന്തായിരുന്നു ഫങ്ഷന്‍ എന്ന് കൃത്യമായിട്ടോര്‍ക്കുന്നില്ല. കണ്ണൂര്‍ എന്റെ നാട്ടില്‍ തന്നെ സംഘടിപ്പിച്ച പരിപാടിയില്‍ നൃത്തം അവതരിപ്പിക്കാന്‍ എത്തിയ എന്നെ കണ്ടിഷ്ടപ്പെട്ട ഒരു ഫ്രീലാന്‍ഡ്‌സ് ഫോട്ടോഗ്രാഫര്‍ പുഷ്പജന്‍ തളിപ്പറമ്പ്. അദ്ദേഹം ഗ്രീന്‍ റൂമിലെത്തി ടീച്ചറോട് എന്നെക്കുറിച്ച് അന്വേഷിച്ചു. പരിചയപ്പെട്ടപ്പോള്‍ എന്റെ കുറെ ഫോട്ടോസ് എടുക്കാന്‍ താത്പര്യമുണ്ടെന്ന് പറഞ്ഞു. പിന്നീടാണ് അറിഞ്ഞത് മാതൃഭൂമി ആഴ്ചപതിപ്പിനു വേണ്ടിയിട്ടാണ് അന്നാ ഫോട്ടോസ് അദ്ദേഹം എടുത്തതെന്ന്. എന്റെ ജീവിതം തന്നെ മാറ്റിമറിച്ച പടമായിരുന്നു അത്. 2001ലെ മാതൃഭൂമി ആഴ്ചപതിപ്പിന്റെ ഓണം സ്‌പെഷ്യലിന്റെ മുഖചിത്രം ഞാനായിരുന്നു. പടം കണ്ട് ഒത്തിരി പേര് മാതൃഭൂമി ഓഫീസില്‍ വിളിച്ച് എന്നെ കുറിച്ചന്വേഷിച്ചു. എത്രയോ സിനിമകളില്‍ അവസരങ്ങള്‍ കിട്ടുകയും ചെയ്തു. ഞങ്ങള്‍ക്ക് താത്പര്യമില്ലാന്നറിഞ്ഞപ്പോള്‍ അവര്‍ പിന്‍വാങ്ങി.
ആയിടയ്ക്കാണ് രഞ്ജിത്ത് അങ്കിള്‍ (സംവിധായകന്‍ രഞ്ജിത്ത്) എന്റെ ഫോട്ടോ കണ്ട് നമ്പര്‍ തേടിപിടിച്ച് വിളിച്ചത്. അന്ന് അങ്കിളിന്റെ നന്ദനം എന്ന പടത്തിലേക്ക് നായികയ്ക്കു വേണ്ടിയുള്ള അന്വേഷണം നടക്കുകയായിരുന്നു. ആദ്യം താത്പര്യമില്ലാന്ന് ഒക്കെ പറഞ്ഞ് അച്ഛന്‍ ഒഴിയാന്‍ ശ്രമിച്ചെങ്കിലും അങ്കിള്‍ വിട്ടില്ല. എന്തൊക്കെയോ കാരണങ്ങള്‍ കൊണ്ട് നന്ദനം കൃത്യസമയത്ത് ഷൂട്ടിങ് തുടങ്ങിയില്ല. തുടങ്ങിയപ്പോഴാകട്ടെ ഞാന്‍ പത്താം ക്ലാസില്‍ എത്തിയിരുന്നു. പഠിത്തം ഉപേക്ഷിക്കാന്‍ പ്രത്യേകിച്ചും പത്തില്‍ ഉഴപ്പാന്‍ താത്പര്യമില്ലാത്തത് കൊണ്ട് ആ അവസരം വേണ്ടാന്ന് വെച്ചു.
പിന്നീട് രഞ്ജിത്ത് അങ്കിളിന്റെ തന്നെ 'ഹലോ'യില്‍ ഞാനായിരിക്കും നായിക എന്ന് അനൗണ്‍സ് ചെയ്‌തെങ്കിലും ആ പടവും നടന്നില്ല. അങ്കിളിനു തന്നെ എന്നെ സിനിമയില്‍ അവതരിപ്പിക്കണം എന്ന നിര്‍ബന്ധമുണ്ടായിരുന്നു. പക്ഷെ, രണ്ടു തവണയും അതു നടന്നില്ല. അതിന്റെ പരിഹാരമെന്നോണമാണ് ലാലുചേട്ടന്റെ രസികന്‍ എന്ന ചിത്രത്തിലെ നായികാകഥാപാത്രത്തിനു വേണ്ടി എന്റെ പേര് നിര്‍ദേശിച്ചത്. അന്നു ഞാന്‍ എറണാകുളം സെന്റ് തെരേസാസില്‍ ഡിഗ്രിക്ക് പഠിക്കുകയാണ്. എന്റെ അമ്മയാണ് വിളിച്ചു പറഞ്ഞത് 'നീ ദിലീപിന്റെ നായികയാകാന്‍ പോകുന്നു. വേഗം ലാല്‍ ജോസിന്റെ ലൊക്കേഷനിലെത്തണം.' കേട്ടപ്പോള്‍ അതിശയം തോന്നി. ഏയ് അമ്മ കള്ളം പറയില്ല എന്ന് ഉറപ്പുള്ളത് കൊണ്ട് കൂട്ടുകാരോടൊക്കെ കാര്യം പറഞ്ഞു. കേട്ടപ്പോള്‍ അവരൊക്കെ എന്നെ കളിയാക്കി. പക്ഷെ, സത്യമതായിരുന്നു. ഞാന്‍ രസികനില്‍ ദിലീപേട്ടന്റെ നായികയായി.
ക്യാമറയ്ക്കു മുന്നില്‍
പേടിയൊട്ടും തോന്നീല്ല. സത്യം. എന്താണെന്നു വെച്ചാല്‍ ഞാനൊരു പുതുമുഖം. ക്യാമറയും സെറ്റ് ബഹളവുമൊക്കെ ആദ്യമായിട്ടാണ് ഞാന്‍ കാണുന്നത്. മാത്രവുമല്ല ദിലീപേട്ടനിലായിരിക്കും എല്ലാവരുടെയും ശ്രദ്ധ. ഞാന്‍ നന്നായാലും മോശമായാലും അതൊക്കെ ഒരു തുടക്കകാരിയുടെ പാകപിഴകളായി മാത്രം വിലയിരുത്തപ്പെടുകയുള്ളൂ.
തങ്കി ക്ലിക്ക്ഡ്
രസികന്‍ പരാജയമായിരുന്നു. തങ്കിയെന്ന കഥാപാത്രം ക്ലിക്കായി, കൂടെ ഞാനും. രഞ്ജിത്ത് അങ്കിളിന്റെ ചന്ദ്രോത്സവമാണ് എന്റെ രണ്ടാമത്തെ ചിത്രം. എന്റേത് നായികവേഷമൊന്നുമല്ല. ലാലേട്ടനും മറ്റാര്‍ട്ടിസ്റ്റുകളുമൊക്കെ ഒറ്റ ടേക്കില്‍ ഷോട്ട് ഒക്കെയാക്കുന്നത് കണ്ടപ്പോള്‍ എനിക്ക് പേടി തോന്നി. വലിയ ഡയലോഗുകളൊക്കെ പറയാനുണ്ട്. പക്ഷെ, ഭാഗ്യത്തിന് എല്ലാം ഒറ്റ ടേക്കില്‍ തന്നെ ഓക്കെയാക്കാന്‍ എനിക്കു സാധിച്ചു. ഇപ്പോള്‍ ഒരോ ചിത്രം കമ്മിറ്റ് ചെയ്യുമ്പോഴും ആ ഒരു ടെന്‍ഷന്‍ എനിക്കുണ്ടാകാറുണ്ട്. ഓരോ ചിത്രവും എന്നെ സംബന്ധിച്ചിപ്പോള്‍ ഓരോ പാഠപുസ്തകമാണ്. പലതും പഠിക്കേണ്ടിയിരിക്കുന്നു. ചിത്രങ്ങള്‍ പിന്നിടുതോറും എന്റെ അഭിനയം നന്നാക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.
അഭിനയിച്ചതില്‍ ഇഷ്ടപ്പെട്ട കഥാപാത്രങ്ങള്‍?
തങ്കിയെ ഇഷ്ടമാണ്. നന്നായി എന്ന് എനിക്ക് തന്നെ തോന്നിയ കഥാപാത്രങ്ങള്‍ വാസ്തവത്തിലെ സുരഭി നമ്പൂതിരിയും മൂന്നാമതൊരാളിലെ അനുപമയുമാണ്.
സിനിമ നല്കിയ സന്തോഷവും സങ്കടവും?
സന്തോഷം ഒരുപാടുണ്ട്. പറഞ്ഞാല്‍ തീരില്ല. സങ്കടത്തെക്കുറിച്ച് പറഞ്ഞാല്‍, എന്റെ സിനിമാഭിനയത്തിന്റെ തുടക്കത്തില്‍ ഒരുപാട് പരാജയങ്ങള്‍ ഏറ്റുവാങ്ങിയിട്ടുണ്ട്. നിരവധി ചിത്രങ്ങളില്‍ പ്രശസ്ത സംവിധായകരുടേതടക്കമുള്ള ചിത്രങ്ങളില്‍ ഭാഗമാകാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ഒരു ഹിറ്റ് എന്നവകാശപ്പെടാന്‍ എനിക്കൊരൊറ്റ പടം പോലും ഇല്ലായിരുന്നു. പലരും പറഞ്ഞതായി ഞാനറിഞ്ഞിട്ടുണ്ട്, സംവൃത ഒരു രാശിയില്ലാത്ത നടിയാണ്, ഭാഗ്യം കെട്ടവളാണെന്നുമൊക്കെ. കേട്ടപ്പോള്‍ സങ്കടം തോന്നി. എല്ലാവരുമായി നല്ല സൗഹൃദമുണ്ടെങ്കില്‍ കൂടിയും ഇങ്ങനെ ഒരഭിപ്രായം അവര്‍ പറഞ്ഞപ്പോള്‍ കരച്ചില്‍ വന്നു. മതിയെന്നുവരെ തോന്നിയ നിമിഷങ്ങള്‍. പക്ഷെ 2007ഓടെ എന്റെ സമയം നന്നാവുകയായിരുന്നു. അറബിക്കഥ, ഹലോ, ചോക്ലേറ്റ് തുടര്‍ച്ചയായ ഹിറ്റുകള്‍. അതോടെ ഭാഗ്യകെട്ട നായികയെന്ന ദുഷ്‌പേര് വിട്ടുമാറി.
പച്ചപ്പനം തത്ത എനിക്കു കിട്ടിയ ബോണസ്
പരാജയങ്ങളെന്നെ വേദനിപ്പിച്ചപ്പോള്‍ ഒരാശ്വാസമായി മാറിയത് നോട്ടത്തിലെ പച്ചപ്പനം തത്തേ എന്ന പാട്ടായിരുന്നു. ആ പാട്ടിറങ്ങിയതിനു ശേഷം എന്നെ അറിയാവുന്നവരും അറിയാത്തവരും എല്ലാം എന്നെ പച്ചപ്പനം തത്തേ എന്നാണ് വിളിക്കാറ്.
സ്വപ്‌നവേഷങ്ങള്‍ ഇല്ല
ഒന്നും ഞാനായിട്ട് തിരഞ്ഞെടുത്തതല്ല. പക്ഷെ, ദൈവം സഹായിച്ച് കിട്ടിയ വേഷങ്ങള്‍ എല്ലാം നല്ലതായിരുന്നു. അച്ഛനുറങ്ങാത്ത വീട്ടിലെ ഷേര്‍ളിയും, വാസ്തവത്തിലെ സുരഭിയും മൂന്നാമതൊരാളിലെ അനുപമയും എല്ലാം... പിന്നെ ഡ്രീം റോള്‍... സംവൃത കഴിവുള്ള ഒരു നടിയാണെന്ന് എല്ലാവരെകൊണ്ടും പറയിപ്പിക്കണം. നാളെ ഈ ഫീല്‍ഡില്‍ നിന്ന് ഔട്ടായാലും ഞാനഭിനയിച്ച ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ എന്നെ ഓര്‍ക്കണം. അംഗീകരിക്കണം.
ഗ്ലാമര്‍ വേണ്ട
മലയാളത്തിനു പുറമേ തമിഴില്‍ നിന്നും തെലുങ്കില്‍ നിന്നുമൊക്കെ ധാരാളം അവസരങ്ങള്‍ വന്നിട്ടുണ്ട്. ഇപ്പോഴും വരുന്നുണ്ട്. പലതും ഒഴിവാക്കുകയാണ്. ഗ്ലാമര്‍ ആവശ്യപ്പെടുന്ന കഥാപാത്രങ്ങളാണധികവും എന്നതു കൊണ്ടാണിത്. തമിഴില്‍ 'ഉയിര്‍', തെലുങ്കില്‍ 'എവിടെന്തേ നാകേന്തി' എന്നിങ്ങനെ ഓരോ പടങ്ങള്‍ വീതം ചെയ്തു. രണ്ടിലും അഭിനയിക്കാന്‍ ചെന്നപ്പഴേ സംവിധായകനോടു ആദ്യമേ തുറന്ന് പറഞ്ഞു. ഗ്ലാമര്‍ വേഷങ്ങള്‍ താത്പര്യമില്ല. എന്റെ ആവശ്യം അവര്‍ അംഗീകരിച്ചു. പിന്നെ ഗ്ലാമര്‍ ചെയ്യുന്നവര്‍ ചെയ്‌തോട്ടെ. അതവരുടെ കോണ്‍ഫിഡന്‍സ് ആണ് കാണിക്കുന്നത്. ഏതു വേഷമിടുമ്പോഴും നമുക്കൊരു കംഫര്‍ട്ട്‌നെസ് തോന്നണം. വേണ്ടേ. താത്പര്യം സീരിയസ് സിനിമകളോട്
ബുദ്ധിജീവിയായതു കൊണ്ടല്ല, എന്തോ ചെറുപ്പം തൊട്ടേ താത്പര്യം അത്തരം സിനിമകളാണ്. ഇപ്പോഴിറങ്ങിയ ഗുല്‍മോഹര്‍ എനിക്കൊരുപാടിഷ്ടപ്പെട്ട ചിത്രമാണ്.
വിമര്‍ശിച്ചിരുന്നു, ഇപ്പോഴില്ല.
സിനിമാനടിയാകുന്നതുവരെ ഞാനും അനുജത്തി സംജുക്തയും സിനിമകള്‍ കണ്ട് വിമര്‍ശനങ്ങള്‍ നടത്തിയിരുന്നു. അതു നന്നായില്ല, കൂടുതല്‍ നന്നാക്കാമായിരുന്നു. ഡ്രസ്സ് പോര, അങ്ങനെ പോകുന്ന വിമര്‍ശനങ്ങള്‍. പക്ഷെ, ഇപ്പോള്‍ സിനിമയില്‍ എത്തിയപ്പോള്‍ ഒരു കാര്യം മനസ്സിലായി. നമ്മള്‍ സ്‌ക്രീനില്‍ കാണുന്നതിലും അപ്പുറം എന്തൊക്കെയോ ആണ് സിനിമ എന്ന്. മലയാള സിനിമയെ കുറിച്ച് പറയുകയാണെങ്കില്‍ ഇവിടെ പരിമിതികള്‍ ഏറെയാണ്. അതുകൊണ്ട് വിമര്‍ശന സ്വഭാവം ഞാന്‍ നിര്‍ത്തി. പിന്നെ അഭിപ്രായങ്ങള്‍...അതു തുറന്ന് പറയാറുണ്ട്.
സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങള്‍ ഒരു നേട്ടം
സൂപ്പര്‍ സ്റ്റാര്‍ ചിത്രങ്ങളില്‍ അഭിനയിച്ചെങ്കില്‍ മാത്രമേ ഒരു നടിയുടെ അഭിനയജീവിതത്തിന് പൂര്‍ണ്ണതയുണ്ടാകൂ എന്നൊന്നും ഞാന്‍ കരുതുന്നില്ല. പക്ഷെ അവരോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടുക, അതിപ്പോള്‍ ചെറിയ വേഷത്തിലാണെങ്കില്‍ കൂടി ഒരു ഭാഗ്യമായിട്ടാണ് ഞാന്‍ കാണുന്നത്. ഒരു തുടക്കക്കാരി എന്ന നിലയ്ക്ക് അതിനുള്ള ഭാഗ്യം എനിക്കു ലഭിച്ചിട്ടുണ്ട്. ചന്ദ്രോത്സവം, നേരറിയാന്‍ സി.ബി.ഐ, പോത്തന്‍വാവ. സൂപ്പര്‍ സ്റ്റാറുകള്‍ സൂപ്പര്‍ സ്റ്റാറുകള്‍ തന്നെയാണ്. നമുക്കൊരിക്കലും അവര്‍ക്കൊപ്പമെത്താന്‍ കഴിയില്ല. അവരില്‍ നിന്നും ധാരാളം ഇനിയും പഠിക്കേണ്ടതുണ്ട്.
സിനിമ എനിക്ക് നല്ലതേ തന്നിട്ടുള്ളു
വന്ന കാലത്ത് പലരും പറയുന്നത് കേട്ടിട്ടുണ്ട് സിനിമ മോശമാണ്. പുറമെ കാണുന്ന ഭംഗി അകത്തുണ്ടാകില്ല.ചതിക്കുഴികളാണെന്നൊക്കെ. പക്ഷെ, എനിക്കങ്ങനെ ഒരിക്കലും തോന്നീട്ടില്ല. പിന്നെ ചിലതൊക്കെ പഠിച്ചു. ആരേയും അന്ധമായി വിശ്വസിക്കരുത്. എന്തും എവിടെയും വിളിച്ചു പറയരുത് എന്നൊക്കെ. നമ്മളെങ്ങനെയാണോ അതേ നമുക്ക് തിരിച്ചു കിട്ടു.
നോ എന്‍ട്രി ഫോര്‍ ഗോസിപ്പ്
ഭാഗ്യം എന്നേ പറയാന്‍ പറ്റൂ. കാരണം എനിക്ക് തന്നെ അറിയില്ല ഗോസിപ്പുകളില്‍ ഞാന്‍ വിഷയമാകാറില്ല. ഞാനായിട്ടതിന് അവസരം ഉണ്ടാക്കാറില്ല എന്നതാണ് വാസ്തവം. പിന്നെ സിനിമയുടെ കൂടപ്പിറപ്പാണ് ഗോസിപ്പ്. അത് കാര്യമാക്കേണ്ടതില്ല.
പ്രണയം ഇഷ്ടമാണ്
പ്രണയിക്കാന്‍ ഇഷ്ടമാണ്. പക്ഷെ, ഇതുവരെ പ്രണയിച്ചിട്ടില്ല. ഇപ്പോള്‍ സിനിമയിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നത്.
വിവാഹം വേണം. ഇപ്പോഴില്ല
വിവാഹബന്ധം പവിത്രമാണ്. തീര്‍ച്ചയായും വിവാഹിതയാകും. ഇപ്പോഴല്ല, അതിന്റെ സമയമാകുമ്പോള്‍. എന്തായാലും ഇപ്പോള്‍ എനിക്ക് വിവാഹപ്രായമായിട്ടില്ല.
പാട്ട്പഠിത്തത്തോട് തല്‍ക്കാലം വിട
സിനിമയില്‍ തിരക്കായതോടെ പാട്ട് പഠിത്തം നിന്നു. പിണറായിലെ പ്രദീപ് മാസ്റ്ററാണ് എന്റെ ഗുരു. അദ്ദേഹം ഊട്ടിയിലാണിപ്പോള്‍. ചോദിക്കുന്നവരോടൊക്കെ ഞാന്‍ പറയുക അദ്ദേഹം ഇവിടെ ഇല്ലാത്തതുകൊണ്ടാണ് ഞാന്‍ പാട്ട്പഠിത്തം നിര്‍ത്തിയത് എന്നാണ്. കാരണത്തിനുവേണ്ടി ഒരു കാരണം അത്രയേയുള്ളു. അല്ലാതെ ഇവിടെന്താ പാട്ടുടീച്ചര്‍ക്ക് പഞ്ഞമുണ്ടോ.
ആഡ് ഫിലിം വേറിട്ടൊരനുഭവം
എനിക്കു തോന്നുന്നു സിനിമാതാരങ്ങള്‍ ഭാഗ്യവാന്മാരാണെന്ന്. എന്തെന്നാല്‍ അവര്‍ക്ക് മോഡലിങ് രംഗത്തെത്തുമ്പോള്‍ അവരുടെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും തുറന്ന് പറയാന്‍ സ്വാതന്ത്ര്യം കിട്ടും. നേരെ മറിച്ച് ഒരു തുടക്കക്കാരനാണെങ്കില്‍ എന്താണോ കമ്പനിക്കാര്‍ പറയുന്നത് അതുതന്നെ അനുസരിക്കേണ്ടതായി വരും. ഒന്നുരണ്ട് പരസ്യചിത്രങ്ങളില്‍ ഞാന്‍ മോഡലായിട്ടുണ്ട്. റിയാലിറ്റി ഷോകള്‍ കാണുമ്പോള്‍കഷ്ടം തോന്നും
എത്ര ടെന്‍ഷനടിച്ചിട്ടാ മത്സരാര്‍ത്ഥികള്‍ ജഡ്ജസിന്റെ മുമ്പില്‍ പാടുന്നത്. പാവം തോന്നും. അവരുടെ ധൈര്യം സമ്മതിക്കണം. ഒരൊറ്റ ചാന്‍സേ അവര്‍ക്ക് കൊടുക്കൂ. ആ ഒരു ചാന്‍സില്‍ പാടണം. അതിനി നന്നായാലും ഇല്ലേലും ചിലപ്പോഴൊക്കെ ജഡ്ജസിന്റെ കമന്റുകള്‍ കൂടിപ്പോകാറുണ്ട്. പിന്നെ തെറ്റു കണ്ടാല്‍ തിരുത്തണം. അങ്ങനെ കാണാന്‍ പറ്റിയാല്‍ നന്ന്.
പുരസ്‌കാരങ്ങള്‍ പ്രോത്സാഹനമാണ്.
വന്ന കാലത്ത് പുതുമുഖത്തിനുള്ള സത്യന്‍ സ്മാരക അവാര്‍ഡ് കിട്ടിയിരുന്നു. അതുപോലെ അറബിക്കഥയിലെ അഭിനയത്തിന് സപ്പോര്‍ട്ടിങ് ആക്ട്രസിനുള്ള അവാര്‍ഡ് കിട്ടിയിട്ടുണ്ട്. അവാര്‍ഡുകള്‍ പ്രോത്സാഹനങ്ങളാണ്. എനിക്ക് കിട്ടിയ അംഗീകാരങ്ങളെല്ലാം നിര്‍ണയിച്ചത് പ്രേക്ഷകരാണ്. അവരുടെ സപ്പോര്‍ട്ടും ഇഷ്ടവും ഒന്നുമില്ലെങ്കില്‍ നമുക്ക് പിടിച്ചുനില്ക്കാനാകില്ല.
സംവൃത അഭിനയിച്ച ചിത്രങ്ങള്‍