IST:
ഹോം വെബ് എക്‌സ്‌ക്ല്യൂസീവ്‌

കമലഹാസന്‍
Posted on: 12 Jun 2008



മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥനായി ആശ്രമത്തില്‍ കഴിയുന്ന ഒരു കുട്ടിയുടെ ദുഃഖം കാണികളെ കരയിച്ച ചിത്രമായിരുന്നു 'കളത്തൂര്‍ കണ്ണമ്മ'. ഇതില്‍ ''അമ്മാവും നീയേ, അപ്പാവും നീയേ.....'' എന്ന പാട്ടുപാടി അഭിനയിച്ച ആറുവയസ്സുകാരനായ കുട്ടി പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. ചുവന്നുതുടുത്ത മുഖവും ആകര്‍ഷകമായ കണ്ണുകളുമുള്ള ഈ കുട്ടിയുടെ സിനിമാ അരങ്ങേറ്റം കൂടിയായിരുന്നു ഇത്. 1960 ല്‍ ജമിനി ഗണേശനും സാവിത്രിക്കുമൊപ്പമാണ് എ.വി.എമ്മിന്റെ ഈ ചിത്രത്തിലൂടെ ആറാം വയസ്സില്‍ കമലഹാസന്‍ കാണികള്‍ക്ക് മുന്നിലെത്തിയത്. ഭീംസിങ് സംവിധാനം ചെയ്ത ഈ ചിത്രത്തിലൂടെ രംഗത്തെത്തിയ കമലഹാസന്‍ അരങ്ങേറ്റത്തില്‍ത്തന്നെ മികച്ച ബാലനടനുള്ള ദേശീയ അവാര്‍ഡും നേടി.

ചെന്നൈയിലെ സാന്തോമിലുള്ള കോണ്‍വെന്റ് സ്‌കൂള്‍ വിദ്യാര്‍ഥിയായിരുന്ന കമലഹാസന്‍ തികച്ചും യാദൃച്ഛികമായിട്ടാണ് സിനിമയില്‍ എത്തിയത്. അതിന് നിമിത്തമായത് കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രനും എ.വി.എം. സ്റ്റുഡിയോ ഉടമ മെയ്യപ്പ ചെട്ടിയാരും. ചെട്ടിയാരുടെ മകന്‍ ശരവണന്‍ കമലിനെ ഒക്കത്ത് എടുത്തുകൊണ്ടാണ് സ്റ്റുഡിയോ സെറ്റിലേക്ക് കൊണ്ടുപോയത്. ക്യാമറയ്ക്കുമുമ്പില്‍ എങ്ങനെ പെരുമാറണം, സംഭാഷണം എങ്ങനെ പറയണം എന്നെല്ലാമുള്ള അഭിനയത്തിന്റെ ആദ്യപാഠങ്ങള്‍ കമലിന് പറഞ്ഞുകൊടുത്തത് ചേട്ടന്‍ ചന്ദ്രഹാസനും.

''സ്റ്റുഡിയോയിലേക്ക് പോകുമ്പോള്‍ ചിലസമയം മൂത്ത ജ്യേഷ്ഠന്‍ ചാരുഹാസന്‍ വരും. അല്ലെങ്കില്‍ ചന്ദ്രഹാസന്‍ വരും. ആ സമയം ഇസ്‌നോഫീലിയയുടെ അസുഖം എനിക്കുണ്ടായിരുനന്നു. അതുകൊണ്ട് തണുത്തതൊന്നും കഴിക്കാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും. ശരിക്കും എന്റെ ആക്ടിങ് കോച്ച് ചന്ദ്രഹാസനാണ്'' -കമല്‍ പറയുന്നു.

പരമക്കുടിയില്‍ നിന്നാണ് കമലഹാസന്റെ കുടുംബം ചെന്നൈയില്‍ എത്തിയത്. തമിഴ്‌നാടിന്റെ തെക്കുകിഴക്കുള്ള രാമനാഥപുരം ജില്ലയിലാണ് പരമക്കുടി. അഭിഭാഷകനായ ടി. ശ്രീനിവാസന്‍ സ്വാതന്ത്ര്യസമരത്തില്‍ പങ്കെടുത്ത് ജയില്‍വാസം അനുഷ്ഠിച്ചിട്ടുള്ള ആള്‍. ശ്രീനിവാസന്റെ ഭാര്യ രാജലക്ഷ്മി അമ്മാള്‍. ചാരുഹാസന്‍, ചന്ദ്രഹാസന്‍, നളിനി, കമലഹാസന്‍ എന്നിങ്ങനെ നാലു മക്കള്‍. 1954 ലാണ് കമലം വിടര്‍ന്നതുപോലെ കമലഹാസന്റെ ജനനം. പഠിപ്പിനൊപ്പം മക്കളെ സംഗീതജ്ഞരാക്കണമെന്നായിരുന്നു ശ്രീനിവാസന്റെ നിശ്ചയം. മകളെ സംഗീതത്തിനൊപ്പം നൃത്തവും പഠിപ്പിച്ചു.

കമല്‍ ജനിച്ച വര്‍ഷംതന്നെ ചേട്ടന്മാര്‍ ഉയര്‍ന്ന പഠനത്തിനായി ചെന്നൈയിലേക്ക് താമസം മാറ്റി. ഇതിനുപുറകെയാണ് കുടുംബം മുഴുവനായി ചെന്നൈയിലെ ആല്‍വര്‍പേട്ടിലേക്ക് താമസത്തിന് എത്തിയത്. ചാരുഹാസന്‍ നിയമം പഠിച്ച് ചെന്നൈയില്‍ത്തന്നെ പ്രാക്ടീസ് ആരംഭിച്ചു. കമല്‍ സാന്തോമിലുള്ള കോണ്‍വെന്റിലും. ''ഞാന്‍ വളരെ ചെറുതായിരിക്കുമ്പോള്‍ത്തന്നെ അഭിനയിക്കണം എന്ന ഒരു തോന്നല്‍ ഉണ്ടായിരുന്നു. പല കുട്ടികള്‍ക്കും തോന്നാത്ത കാര്യമാണ്. പരമക്കുടിയില്‍ അച്ഛന്റെ സുഹൃത്തിന് ഒരു തിയേറ്റര്‍ ഉണ്ടായിരുന്നു. സ്വന്തം വീടുപോലെ ഞാന്‍ അവിടെ കയറിയിറങ്ങുകയും പടങ്ങള്‍ പലതവണ പല ഭാഗങ്ങളായി കാണുകയും ചെയ്യും. അക്കാലത്ത് രണ്ടുമൂന്നുമാസം ഞാന്‍ മുടങ്ങാതെ കണ്ട ചിത്രമാണ് 'മധുരൈ വീരന്‍'. സിനിമ കണ്ടിട്ടു വന്നാല്‍ അതിലെ കാര്യങ്ങള്‍ വീട്ടില്‍ അവതരിപ്പിച്ചുകാണിക്കുന്നതും പതിവായിരുന്നു'' -കമല്‍ അന്നത്തെ കാര്യങ്ങള്‍ ഓര്‍മിക്കുന്നു.

കുടുംബ ഡോക്ടറായ സാറാ രാമചന്ദ്രന് കമലിനെ വലിയ വാത്സല്യമായിരുന്നു. ആരും ഓമനിച്ചുപോകുന്ന പ്രകൃതമായിരുന്നു കമല്‍ എന്ന കുട്ടിക്ക്. നല്ല ചുറുചുറുക്ക്, സംസാരം ഇതെല്ലാം നിറഞ്ഞ ചുണക്കുട്ടന്‍. പ്രാക്ടീസ് കഴിഞ്ഞ് ഒഴിവുള്ള സമയങ്ങളില്‍ ഡോക്ടര്‍ കമലിനെ സ്വന്തം വീട്ടിലേക്ക് കൊണ്ടുവരും. ചിലപ്പോള്‍ വൈകിട്ട് സ്‌കൂളില്‍ നിന്ന് വിളിച്ചുകൊണ്ടുവരാനും ഡോക്ടര്‍ പോകും. സാറ എന്ന ഈ ഡോക്ടര്‍ തന്നെയായിരുന്നു എ.വി.എം. ഉടമയുടെ വീട്ടിലേയും കുടുംബ ഡോക്ടര്‍. എ.വി.എം. മെയ്യപ്പ ചെട്ടിയാരുടെ ഭാര്യ രാജേശ്വരി ഡോക്ടറുടെ അടുത്ത സുഹൃത്തും. ഒരു ദിവസം രാജേശ്വരിയെ കാണാന്‍ പോയപ്പോള്‍ ഡോക്ടര്‍ കമലിനേയും ഒപ്പം കൊണ്ടുപോയി.

വീടിന്റെ മുകളിലത്തെ നിലയില്‍ മെയ്യപ്പ ചെട്ടിയാര്‍ പുതിയചിത്രമായ 'കളത്തൂര്‍ കണ്ണമ്മ'യുടെ ചര്‍ച്ചകളിലായിരുന്നു. ഇതിനിടയില്‍ ചെട്ടിയാരുടെ രണ്ടാമത്തെ മകന്‍ ശരവണന്‍ താഴത്തേയ്ക്ക് വന്നപ്പോള്‍ സ്റ്റെപ്പില്‍ ഇരുന്ന് കളിക്കുന്ന കമലിനെ കണ്ടു. അവന്റെ ഓമനത്തവും മട്ടും ഭാവവും ശരവണനെ ആകര്‍ഷിച്ചു. കളത്തൂര്‍ കണ്ണമ്മയില്‍ രണ്ടുകുട്ടികളുടെ കഥാപാത്രങ്ങളുണ്ട്. അതില്‍ പ്രധാന കുട്ടിയുടെ വേഷത്തില്‍ അക്കാലത്തെ ബാലതാരമായ ഡെയ്‌സി റാണിയെ അഭിനയിപ്പിക്കാം എന്ന് അച്ഛനുമായി സംസാരിച്ച് പുറത്തുവന്നപ്പോഴാണ് യാദൃച്ഛികമായി കമലിനെ കണ്ടത്. ശരവണന്‍ ആ കുട്ടിയെ എടുത്തുകൊണ്ട് മുകളില്‍ച്ചെന്ന് അച്ഛനെ കാണിച്ചു. യാതൊരു അപരിചിതത്വവും കാട്ടാതെയുള്ള ചുണയോടെയുള്ള കമലിന്റെ പെരുമാറ്റം മെയ്യപ്പ ചെട്ടിയാര്‍ക്ക് ഇഷ്ടമായി.

''നീ അഭിനയിക്കുമോ?''

അദ്ദേഹം കമലിനെ അടുത്തുവിളിച്ച് ലാളിച്ചുകൊണ്ട് ചോദിച്ചു. കമല്‍ ചിരിച്ചുകൊണ്ട് തലയാട്ടി. ''ഡെയ്‌സി റാണി പല പടത്തിലും അഭിനയിച്ചിട്ടുള്ള കുട്ടിയാണ്. അതുകൊണ്ട് പ്രധാനകുട്ടിയുടെ വേഷത്തില്‍ ഇവനെ നോക്കിയാലോ'' എന്ന് ചെട്ടിയാര്‍ ചോദിച്ചപ്പോള്‍ ശരവണനും താത്പര്യമായി. അതിനുശേഷമാണ് ഈ പയ്യന്‍ ഏതാണെന്ന് അവര്‍ ഡോക്ടറോട് തിരക്കിയത്. ഇവനെ അഭിനയിപ്പിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കുമോ എന്നായിരുന്നു ചെട്ടിയാരുടെ സംശയം. ഉടന്‍തന്നെ അദ്ദേഹം തന്റെ അസിസ്റ്റന്റ് ഡയറക്ടറായ എസ്.പി. മുത്തുരാമനെ ഡോക്ടറോടൊപ്പം കമലിന്റെ വീട്ടിലേക്ക് അയച്ചു.

സിനിമയില്‍ അഭിനയിക്കാന്‍ പോയാല്‍ കുട്ടിയുടെ പഠിപ്പിനെ ബാധിക്കുമോ എന്നായിരുന്നു ചേട്ടന്മാരുടെ സംശയം. എന്നാല്‍ അച്ഛന്‍ ശ്രീനിവാസന് പൂര്‍ണ സമ്മതമായിരുന്നു. അങ്ങനെ 1958 ലാണ് കളത്തൂര്‍ കണ്ണമ്മയിലേക്ക് കമലിനെ തീരുമാനിക്കുന്നത്.
പിന്നീട് കുറെനാള്‍ കഴിഞ്ഞാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്. പ്രകാശ്‌റാവുവായിരുന്നു പടത്തിന്റെ ആരംഭ ഡയറക്ടര്‍. പിന്നീടാണ് ഭീംസിങ് ഏറ്റെടുത്തത്.

ഷൂട്ടിങ്ങിന് പോവുക കളിക്കാന്‍ പോകുന്നതുപോലെ കമലിന് ഉത്സാഹമുള്ള കാര്യമായിരുന്നു. ഷൂട്ടിങ്ങിനിടെ ഒരുദിവസം ചെട്ടിയാര്‍ കമലിനോടു ചോദിച്ചു.

''ഈ പടത്തില്‍ അഭിനയിച്ചതിന് ഞാന്‍ നിനക്കെന്തു സമ്മാനമാണ് വാങ്ങിത്തരേണ്ടത്?''

''ഒരു കാറും ഒരു പട്ടിയും.''

കമലിന്റെ മറുപടി കേട്ട് ചെട്ടിയാര്‍ ചിരിച്ചുപോയെങ്കിലും പിന്നീട് പടം വന്‍വിജയം നേടിയപ്പോള്‍ ഒരു ഫിയറ്റ്കാര്‍ സമ്മാനമായി വാങ്ങിക്കൊടുക്കുകയും ചെയ്തു.

കളത്തൂര്‍ കണ്ണമ്മയുടെ വന്‍വിജയം എ.വി.എം. പ്രൊഡക്ഷന്‍ കമ്പനിയെ ഏറെ പ്രശസ്തമാക്കി. ഈ ചിത്രത്തിലെ നടീനടന്മാര്‍ക്ക് നാടുനീളെ സ്വീകരണം നല്‍കി. ഇതിനെത്തുടര്‍ന്ന് കമലിന്റെ പഠിപ്പും ഒരുവര്‍ഷം മുടങ്ങി. പിന്നെ സാന്തോം സ്‌കൂളില്‍ നിന്നു മാറി ട്രിപ്ലിക്കനിലെ ഹിന്ദു ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ചേര്‍ന്നു.

കളത്തൂര്‍ കണ്ണമ്മയ്ക്കുശേഷവും കമല്‍ ബാലതാരമായി അഭിനയിച്ചു. ഭീംസിങ് സംവിധാനം ചെയ്ത 'പാര്‍ത്താല്‍ പശിതീരും' ആയിരുന്നു രണ്ടാമത്തെ ചിത്രം. കെ.എസ്. സേതുമാധവന്റെ 'കണ്ണും കരളും' എന്ന മലയാളപടമായിരുന്നു അടുത്തത്. ജി.ആര്‍. നാഥന്റെ 'വാനമ്പാടി', എം.ജി.ആര്‍. അഭിനയിച്ച 'ആനന്ദജ്യോതി' എന്നിവയിലും അഭിനയിച്ചതോടെ കമല്‍ ചെന്നൈയിലെ സ്റ്റുഡിയോകളുടെ ഓമനയായി മാറി, കുട്ടിക്കാലത്തുതന്നെ.

''സ്‌കൂളില്‍ പോകുന്നതിനേക്കാള്‍ കൂടുതല്‍ ദിവസം ഞാന്‍സ്റ്റുഡിയോയില്‍ ആയിരുന്നു. അല്ലാതെ പഠിപ്പും ബിരുദവും കഴിഞ്ഞ് സിനിമയിലേക്ക് വന്നതല്ല. സിനിമാ വര്‍ക്കില്ലാത്ത ദിവസങ്ങളില്‍ മാത്രമാണ് സ്‌കൂളില്‍ പോയിരുന്നത്'' -കമല്‍ പറയുന്നു. പഠിപ്പിനെ ബാധിക്കുമെങ്കിലും മകന്റെ സിനിമാഭിനയത്തിന് അച്ഛന്‍ ഒരു എതിര്‍പ്പും കാട്ടിയില്ലെന്നു മാത്രമല്ല എല്ലാവിധ പ്രോത്സാഹനം നല്‍കുകയും ചെയ്തു. അതിനിടെ സ്‌കൂളില്‍വെച്ച് ഉരുണ്ടുവീണ് പരിക്കുപറ്റി കുറേനാള്‍ കമലിന് കിടക്കേണ്ടിവന്നു.

അക്കാലത്ത് തമിഴ്‌നാട്ടില്‍ നാടകസമിതികള്‍ സജീവമായിരുന്നു. ചെന്നൈയിലെ പ്രമുഖ നാടകക്കമ്പനി നടത്തിപ്പുകാരനായ ടി.കെ. ഷണ്‍മുഖത്തിന്റെ ബന്ധു മണിവര്‍ണന്‍ കമലിന്റെ സഹപാഠിയായിരുന്നു. കുട്ടികളെ കഥാപാത്രങ്ങളാക്കി 'അപ്പാവിന്‍ ആശെ' എന്ന പേരില്‍ ടി.കെ.എസ്. ഒരു നാടകം എടുത്തപ്പോള്‍ അതില്‍ കമലിനെ അഭിനയിപ്പിക്കാന്‍ തീരുമാനിച്ചു. ഇക്കാര്യത്തെപ്പറ്റി ടി.കെ.എസ്. കമലിന്റെ അച്ഛനോട് സംസാരിച്ചപ്പോള്‍ അദ്ദേഹത്തിനും സന്തോഷം.

നാടക കമ്പനിയിലേക്ക് റിഹേഴ്‌സലിനായി കമലിനെ ആദ്യം കൂട്ടിക്കൊണ്ടുപോയതും അച്ഛന്‍ ശ്രീനിവാസന്‍ തന്നെ. കുട്ടിയെ ടി.കെ.എസ്സിനെ ഏല്പിച്ചുകൊണ്ട് ശ്രീനിവാസന്‍ പറഞ്ഞു. ''യു കാന്‍ കീപ്പ് ഹിം ആന്‍ഡ് മേക്ക് ഹിം ആന്‍ ആര്‍ടിസ്റ്റ്.''

സിനിമാ നടനായ കമലിന് നാടകസമിതിയില്‍ അഭിനയിക്കുന്നതിന് പ്രതിഫലം വേണ്ടെന്നും ഇതവന് ഗുരുകുലവാസമാണെന്നുമായിരുന്നു ശ്രീനിവാസന്‍ പറഞ്ഞത്. അങ്ങനെ ടി.കെ.എസ്. എന്ന പ്രമുഖ നാടകക്കാരന്റെ വീട്ടില്‍ത്തന്നെ താമസിച്ച് കമല്‍ അഭിനയം പരിശീലിച്ചു. അതിനിടെ എന്‍.എസ്.നടരാജന്റെ കീഴില്‍ ഡാന്‍സ് പഠനവും തുടര്‍ന്നു. ട്രിപ്ലിക്കന്‍ സ്‌കൂളില്‍നിന്ന് അതിനകം കമല്‍ പുറത്തായി. തുടര്‍ന്ന് പുരസവാക്കത്തെ മുത്തയ്യ ചെട്ടിയാര്‍ ഹൈസ്‌കൂളില്‍ ഒമ്പതാംക്ലാസില്‍ ചേര്‍ന്നു. നാടകാഭിനയവും ഇതേസമയം തുടര്‍ന്നു. ഡാന്‍സ് പഠനത്തില്‍ കമല്‍ വളരെ പുരോഗമിച്ചതോടെ അരങ്ങേറ്റം നടത്തണമെന്ന് അച്ഛന്‍ താത്പര്യപ്പെട്ടു. അങ്ങനെ 1968 ല്‍ ആര്‍.ആര്‍.സഭയില്‍ അരങ്ങേറ്റം നടന്നു.

പുരസവാക്കം സ്‌കൂളില്‍ പത്താംക്ലാസ്സിലേക്ക് ജയിച്ചെങ്കിലും കമല്‍ പലപ്പോഴും സ്‌കൂളില്‍ പോകാതായി. വീട്ടുകാര്‍ ഇതറിഞ്ഞ് എങ്ങനെയും ആ വര്‍ഷം പൂര്‍ത്തിയാക്കി പരീക്ഷ എഴുതണമെന്ന് നിര്‍ബന്ധിച്ചെങ്കിലും കമല്‍ തയ്യാറായില്ല. സിനിമ, നാടകം, ഡാന്‍സ് എന്ന ചിന്ത മാത്രമായിരുന്നു അപ്പോള്‍. അതിനിടെ കമല്‍ കഥകളി ആര്‍ടിസ്റ്റിനെ കണ്ടുപിടിച്ച് കുറെനാള്‍ കഥകളി പരിശീലിച്ചു. ഭരതനാട്യം, കുച്ചിപ്പുടി എന്നീ നൃത്തരൂപവും അഭ്യസിച്ച കമല്‍ ഗുരുക്കന്മാരുടെ കൂടെ നാലുമാസക്കാലം മഹാരാഷ്ട്രയില്‍ ചുറ്റിക്കറങ്ങി ഡാന്‍സ് അവതരിപ്പിച്ചു. ഈ ടൂര്‍ പരിപാടി കഴിഞ്ഞുവന്നപ്പോഴേക്കും കമലിന്റെ പഴയ സുഹൃത്തുക്കളെല്ലാം വഴി പിരിഞ്ഞിരുന്നു. ഇനി എന്തുചെയ്യണം എന്നാലോചിച്ച് കഴിയുമ്പോഴും അച്ഛന്‍ പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു.

നടനാകാന്‍ അച്ഛന്‍ ശ്രീനിവാസന്‍ പരമക്കുടിയിലേക്കു തിരിച്ചുപോയെങ്കിലും കമല്‍ ചേട്ടന്മാരുടെ കൂടെയായി താമസം. മകന്‍ എങ്ങനെയും സിനിമയില്‍ കയറണം, പ്രശസ്തനാകണം എന്നാഗ്രഹിച്ച ശ്രീനിവാസന്‍ മാസംതോറും കമലിന്റെ ചെലവിനായി രൂപ അയച്ചുകൊടുക്കുമായിരുന്നു. നൃത്തത്തില്‍ കമലിന്റെ ആദ്യ ഗുരുവായ നടരാജന്‍ മാസ്റ്റര്‍ ആയിടെ പെട്ടെന്നു മരിച്ചു. അതോടെ കമല്‍ പുതിയ ഗുരുവിനെ തേടി.

മലയാളിയായ തങ്കപ്പന്‍ മാസ്റ്റര്‍ അക്കാലത്ത് പ്രശസ്തമായ നൃത്തപരിശീലനകേന്ദ്രം ചെന്നൈയില്‍ നടത്തുന്നുണ്ട്. നൃത്തസംവിധായകനായി പല സിനിമകള്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്ന സമയവുമാണ്. തങ്കപ്പന്‍ മാസ്റ്റര്‍ തന്റെ മുഖ്യസഹായിയായി കമലിനെ ക്ഷണിച്ചത് അക്കാലത്താണ്. കമലിന്റെ നൃത്തപാഠവത്തെപ്പറ്റി കേട്ടറിഞ്ഞ മാസ്റ്റര്‍ കമലിന്റെ വീടു തേടിപ്പിടിച്ചുചെന്നാണ് ഡാന്‍സ് അസിസ്റ്റന്റാകാന്‍ വിളിച്ചത്. വീട്ടുകാര്‍ക്കും സമ്മതമായി. അങ്ങനെ തങ്കപ്പന്‍ മാസ്റ്ററുടെ വീട്ടിലായി കമലിന്റെ പരിശീലനവും താമസവും. മാസ്റ്ററോടൊപ്പം ആദ്യം കമല്‍ ചില തെലുങ്കു ചിത്രങ്ങള്‍ക്കുവേണ്ടിയാണ് പ്രവര്‍ത്തിച്ചത്. സിനിമയിലെ പാട്ടുരംഗങ്ങള്‍ക്കും നൃത്തരംഗങ്ങള്‍ക്കുംവേണ്ടി മാസ്റ്റര്‍ കമ്പോസുചെയ്യുന്ന ചുവടുകള്‍ നടീനടന്മാര്‍ക്ക് കാട്ടിക്കൊടുത്ത് പരിശീലിപ്പിക്കലായിരുന്നു കമലിന്റെ ജോലി. 'അന്‍പുതങ്കൈ' എന്ന ചിത്രത്തിലെ നൃത്തരംഗത്ത് കമല്‍ ഒരു സംന്യാസിയുടെ വേഷത്തില്‍ അഭിനയിച്ചു.

സംന്യാസിവേഷത്തില്‍ ഇരിക്കുന്ന കമലിന്റെ മുമ്പില്‍ ഈ രംഗത്തു നൃത്തംചെയ്തത് ജയലളിതയാണ്. 'മാനവന്‍' എന്ന ചിത്രത്തിന്റെ നൃത്തസംവിധാനരംഗത്തു പ്രവര്‍ത്തിക്കുമ്പോഴാണ് ഭാരതിരാജ കമലിനെ പരിചയപ്പെടുന്നത്. ഭാരതിരാജ അപ്പോള്‍ കൃഷ്ണന്‍നായര്‍ എന്ന സംവിധായകന്റെ സഹായിയായിരുന്നു. തങ്കപ്പന്‍ മാസ്റ്റര്‍ വത്സല ശിഷ്യനായിരുന്ന കമലിനെ നല്ലവണ്ണം ശാസിച്ചും ശിക്ഷിച്ചുമാണ് കൊണ്ടുനടന്നത്. കൂടെ അഭിനയിക്കുന്ന നടികളോട് കമല്‍ അധികം വര്‍ത്തമാനം പറയാന്‍പോലും മാസ്റ്റര്‍ സമ്മതിച്ചിരുന്നില്ല. സിനിമയില്‍ അഭിനയിച്ചു തുടങ്ങിയിട്ടും 1970 വരെ കമല്‍ മാസ്റ്ററുടെ സഹായിയായി പ്രവര്‍ത്തിക്കുകയും ചെയ്തു. സിനിമയെപ്പറ്റിയുള്ള എല്ലാ പാഠങ്ങളും കമലിനു പറഞ്ഞുകൊടുത്തത് മാസ്റ്ററാണ്. ക്യാമറാ ആംഗിളുകള്‍, കണ്ട്യൂനിറ്റി, എഡിറ്റിങ് ഇവയെല്ലാം മാസ്റ്ററില്‍നിന്നു പഠിക്കുകയും ചെയ്തു.

മാസ്റ്റര്‍ ആയിടെ 'അന്നെ വേളാങ്കണ്ണി' എന്ന ഒരു ചിത്രം മലയാളത്തിലും തമിഴിലുമായി നിര്‍മിച്ചപ്പോള്‍ എല്ലാ കാര്യത്തിനും കമലായിരുന്നു മുഖ്യസഹായി.

'നാന്‍ ഏന്‍ പിറന്തേന്‍' എന്ന പടത്തിന്റെ നൃത്തസംവിധായകന്‍ മാസ്റ്ററായിരുന്നു. ഈ സമയത്താണ് കമല്‍ ആ ചിത്രത്തിലെ നായകനായ എം.ജി.ആറിനെ പരിചയപ്പെടുന്നത്. കമലിന്റെ ചെറുപ്പവും ചുറുചുറുക്കും നൃത്തത്തിലുള്ള കഴിവും കണ്ട എം.ജി.ആര്‍. ശരീരം നല്ലവണ്ണം സൂക്ഷിക്കാന്‍ ഉപദേശിക്കുകയും അതിനുവേണ്ടി എന്നും മുടങ്ങാതെ വ്യായാമം ചെയ്യണമെന്നും പറഞ്ഞുകൊടുത്തു.
മാസ്റ്ററോടൊപ്പം ചേര്‍ന്നതോടെ തമിഴ്, തെലുങ്ക്, മലയാളം പടങ്ങളിലായി കമല്‍ തിരക്കിലായി.

എങ്കിലും നല്ലൊരു വേഷം സിനിമയില്‍ ചെയ്യണം എന്ന ആഗ്രഹം പൂര്‍ത്തീകരിച്ചില്ല. ആയിടയ്ക്ക് ഒരു പുതിയ പ്രൊഡക്ഷന്‍ കമ്പനി പടം തുടങ്ങി. കൂട്ടുകാരന്‍ ശക്തിയുടെ ശുപാര്‍ശയില്‍ അതില്‍ കമലിന് ഒരു ഞൊണ്ടിയുടെ വേഷം കിട്ടി. ഈ പടത്തിന്റെ പൂജാചടങ്ങുകളെല്ലാം ഗംഭീരമായി നടന്നെങ്കിലും ഷൂട്ടിങ് നടന്നില്ല. കമലും ശക്തിയും വീണ്ടും സിനിമയുടെ ആലോചനകളില്‍ മുഴുകി. 'ഉണര്‍ച്ചികള്‍' എന്നപേരില്‍ കമല്‍ ഒരു പുതിയ സബ്ജക്ട് കണ്ടുപിടിച്ചു. സംവിധാനം ശക്തി, കമല്‍ നായകന്‍ എന്നെല്ലാം തീരുമാനിച്ച് ഈ പടംചെയ്യാന്‍ നിര്‍മാതാവിനെത്തേടി നടന്നു. ഒടുവില്‍ ഒരാളെ കണ്ടുപിടിച്ച് ഒരുവിധം പടം തുടങ്ങിയെങ്കിലും അതും ഇടയ്ക്കുവെച്ച് മുടങ്ങി. എന്നാല്‍, കമല്‍ പിന്നീട് സിനിമയില്‍ സ്ഥാനമുറപ്പിച്ചതിനുശേഷം, മുടങ്ങിപ്പോയ ഈ ആദ്യപ്രോജക്ട് പൂര്‍ത്തിയാക്കുകയും ചെയ്തു.

സിനിമയില്‍ ചാന്‍സുതേടി നടക്കുന്നതിനിടയില്‍ നടന്‍ ജമിനി ഗണേശന്‍ കമലിനെ പലര്‍ക്കും ശുപാര്‍ശ ചെയ്തു. 'കളത്തൂര്‍ കണ്ണമ്മ' മുതല്‍ ജമിനി ഗണേശന് കമലിനെ അറിയാം. കമലിന്റെ നൃത്തപാഠവവും നേരില്‍ക്കണ്ടറിഞ്ഞ ജമിനി ഈ പയ്യന് നല്ലൊരു വേഷം കൊടുക്കാന്‍ നിര്‍മാതാക്കള്‍, സംവിധായകര്‍ എന്നിവരോടു പറഞ്ഞു. അക്കാലത്ത് വ്യത്യസ്തമായ സിനിമകളുമായി ശ്രദ്ധേയനാകുന്ന കെ. ബാലചന്ദറിന്റെ അടുത്ത് ജമിനി ഗണേശന്‍ കമലിനെ കൂട്ടിക്കൊണ്ടുപോയി പരിചയപ്പെടുത്തി. ഇതിനെത്തുടര്‍ന്ന് ബാലചന്ദര്‍ 'അരങ്ങേറ്റം' എന്ന ചിത്രത്തില്‍ കമലിന് അവസരം കൊടുത്തു.

'പൂവാ തലയ' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ജമിനി ഗണേശന്‍ എന്റെ സെറ്റില്‍ കമലിനെക്കൊണ്ടുവന്ന് പരിചയപ്പെടുത്തിയത്. നന്നായി ഒതുക്കിവെട്ടിയ തലമുടി, മീശ ശരിക്കും മുളയ്ക്കാത്ത അഡോളസെന്റ് മുഖം, ചെറിയ പയ്യനായിട്ടാണ് എനിക്കു തോന്നിയത്. നല്ല സന്ദര്‍ഭം വരുമ്പോള്‍ ഉപയോഗിക്കാം എന്നു പറഞ്ഞയച്ചു. പിന്നെ 'അരങ്ങേറ്റം' എന്ന പടത്തില്‍ പ്രമീളയുടെ സഹോദരനായി വരുന്ന ഒരു ചെറിയ കഥാപാത്രത്തിലൂടെ കമലിനെ പരിചയപ്പെടുത്തി''-കെ. ബാലചന്ദര്‍ പറയുന്നു.

കളത്തൂര്‍ കണ്ണമ്മപോലെ 'അരങ്ങേറ്റ'വും നൂറുദിവസം ഓടി വന്‍ വിജയം നേടി. 'അരങ്ങേറ്റ'ത്തിനുവേണ്ടി കമല്‍ 40 ദിവസം വര്‍ക്കുചെയ്തു. 300 രൂപയാണ് പ്രതിഫലമായി കൊടുത്തത്. ബാലചന്ദര്‍ തന്നെ അടുത്ത ചിത്രമായ 'ചെല്ലത്താന്‍ നിനെക്കിതേന്‍' എന്നതില്‍ കമലിന് ഒരു ചെറിയ വില്ലന്‍ കഥാപാത്രത്തെ കൊടുത്തു. ഈ ചിത്രത്തിലെ അഭിനയവും ഇതിലെ കമലിന്റെ നൃത്തരംഗങ്ങളും ശ്രദ്ധിക്കപ്പെട്ടതോടെ കമലഹാസന്‍ എന്ന നടനില്‍ മറ്റു സിനിമക്കാര്‍ക്ക് താത്പര്യം വന്നു. തുടര്‍ന്ന് 'പരുവകാലം', 'ഗുമസ്താവിന്‍ മകന്‍' എന്ന പടങ്ങള്‍ ചെയ്തു. കെ. ബാലചന്ദറിന്റെ 'നാന്‍ അവനില്ലെ' എന്ന ചിത്രത്തില്‍ ജമിനി ഗണേശനോടൊപ്പം അഭിനയിക്കാനും അവസരം കിട്ടി. ഈ കാലഘട്ടത്തിലാണ് 'കന്യാകുമാരി', 'വിഷ്ണുവിജയം' എന്നീ മലയാളചിത്രങ്ങളില്‍ അഭിനയിച്ചത്.

കമലഹാസന്‍ നായകനായി അഭിനയിച്ച ആദ്യചിത്രം 'കന്യാകുമാരി'യാണ്. മലയാളത്തില്‍ നായകനായി ശ്രദ്ധിക്കപ്പെട്ടതിനുശേഷമാണ് തമിഴില്‍ എ.എസ്. പ്രകാശിന്റെ 'പട്ടാംപൂശി'യില്‍ നായകനായത്. ഇതിനൊപ്പം കെ. ബാലചന്ദറിന്റെ 'അവള്‍ ഒരു തുടര്‍ക്കഥ'യിലും അഭിനയിക്കുകയും ഈ രണ്ടു ചിത്രങ്ങളും വന്‍വിജയം നേടുകയും ചെയ്തു. തുടര്‍ന്ന് കമലഹാസന്റെ ജൈത്രയാത്ര തുടങ്ങി. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനും പുതിയ പരീക്ഷണങ്ങള്‍ക്കുവേണ്ടി ക്ലേശം സഹിക്കാനുമുള്ള കമലഹാസന്റെ കഠിനമായ ശ്രമം പിന്നീടുള്ള ചിത്രങ്ങളില്‍ കണ്ടു. ദശാവതാരമെടുത്ത് 'ഉലകനായകനാ'യി മാറിയ ഈ നടന്‍ അഭിനയരംഗത്തെ ഒരത്ഭുത പ്രതിഭാസമായി മാറി.


ശ്രീരാജ്‌
Other news in this section
Movie Gallery